കൊല്‍ക്കത്ത: ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം തൃണമൂല്‍ കോണ്‍ഗ്രസ്, ബി.ജെ.പി എന്ന ഇരുപാര്‍ട്ടികളിലേക്ക് മാറിയ ബംഗാള്‍ രാഷ്ട്രീയത്തില്‍ പുനരുജ്ജീവനത്തിന് വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസും സി.പി.ഐ.എമ്മും. ഇതിന്റെ തുടക്കം കുറിച്ച് ഇന്നലെ ഭട്പരയില്‍ ഇരുപാര്‍ട്ടികളും ചേര്‍ന്ന് സമാധാന റാലി നടത്തി.
സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്ര, കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ സോമെന്‍ മിത്ര, ഫോര്‍വേഡ് ബ്ലോക്ക് സെക്രട്ടറി നരെന്‍ ചാറ്റര്‍ജി എന്നിവര്‍ റാലിയില്‍ പങ്കെടുത്തു. ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി, തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ നടക്കുന്ന ഏറ്റുമുട്ടലുകള്‍ ഭട്പരയില്‍ നടന്നുവരികയാണ്. ഇതിനെയായിരുന്നു റാലി.
തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പിയും വര്‍ഗീയ രാഷ്ട്രീയമാണ് പ്രവര്‍ത്തിക്കുന്നത്. മതേതര കക്ഷികളായ കോണ്‍ഗ്രസിനും സി.പി.ഐ.എമ്മിനും മാത്രമേ സമാധാനം തിരികെ കൊണ്ട് വരാന്‍ സാധിക്കൂ എന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ സൊമെന്‍ മിത്ര പറഞ്ഞു.
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 42 സീറ്റുകളില്‍ ഒരു സീറ്റ് പോലും നേടാന്‍ സി.പി.ഐ.എമ്മിന് സാധിച്ചിരുന്നില്ല. ഏഴ് ശതമാനത്തിലേക്ക് വോട്ടും കുറഞ്ഞിരുന്നു. കോണ്‍ഗ്രസിന് രണ്ട് സീറ്റുകള്‍ മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ. അതിനാല്‍ സംസ്ഥാനത്ത് ഇനി തിരികെ വരണമെങ്കില്‍ പരസ്പരം കൈകോര്‍ക്കുകയേ നിവൃത്തിയുള്ളൂ എന്ന് ഇരുപാര്‍ട്ടികളും തിരിച്ചറിഞ്ഞിട്ടുണ്ട്.