തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ അമ്മയില്‍ നിന്നും നവജാത ശിശുവിനെ വേര്‍പ്പെടുത്തിയ സംഭവത്തില്‍ നിയമപരമായി മുന്നോട്ട് പോയാല്‍ അനുപമയ്‌ക്കൊപ്പം നില്‍ക്കുമെന്ന് സി.പി.ഐ.എം. പ്രശ്‌ന പരിഹാരത്തിന് വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്ന് സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ അറിയിച്ചു.
അനുപമ തന്നെ നേരിട്ട് വന്ന് കണ്ടിട്ടില്ലെന്നും ഫോണില്‍ ബന്ധപ്പെടുകയായിരുന്നുവെന്നും, അന്ന് പ്രശ്നം പരിഹരിക്കാമെന്ന് താന്‍ അവരോട് പറഞ്ഞിരുന്നുവെന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.
അനുപമ നിയമപരമായി നീങ്ങിയാല്‍ പാര്‍ട്ടിയുടെ പൂര്‍ണ പിന്തുണയുണ്ടാവുമെന്നും കുഞ്ഞിനെ അമ്മക്ക് ലഭിക്കണം എന്ന് തന്നെയാണ് പാര്‍ട്ടി നിലപാട് എന്നും ആനാവൂര്‍ നാഗപ്പന്‍ കൂട്ടിചേര്‍ത്തു.
സംഭവത്തില്‍ വനിതാ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്. വിഷയത്തില്‍ ഡി.ജി.പിയോട് അടിയന്തര റിപ്പോര്‍ട്ടും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കുഞ്ഞിനെ കാണാതായ സംഭവത്തില്‍ ശിശുക്ഷേമ സമിതിക്കെതിരെ ആരോപണമുയര്‍ന്നതിന് പിന്നാലെയാണ് അടിയന്തര നടപടി.
പ്രസവിച്ച് മൂന്നാം ദിവസം അനുപമയുടെ മാതാപിതാക്കള്‍ എടുത്ത് മാറ്റിയ കുഞ്ഞിനെ ശിശുക്ഷേമ സമിതി ആന്ധ്രാപ്രദേശിലെ ദമ്പതിമാര്‍ക്ക് ദത്ത് നല്‍കിയെന്നാണ് പുറത്തു വരുന്ന വിവരം.
ആദ്യഘട്ടമെന്ന നിലയില്‍ താല്‍ക്കാലിക ദത്ത് നല്‍കിയ കുഞ്ഞിനെ സ്ഥിരമായി ദത്ത് നല്‍കാനുള്ള നടപടികള്‍ കോടതിയില്‍ നടക്കുകയാണ്.
കുഞ്ഞിനെ തേടി അനുപമയും ഭര്‍ത്താവും രംഗത്തെത്തിയിട്ടും ഇതില്‍ പരാതി നിലനില്‍ക്കെയും ദത്ത് നടപടികള്‍ പൂര്‍ത്തിയാക്കാനാണ് ശിശുക്ഷേമ സമിതി ശ്രമിക്കുന്നതെന്ന് അനുപമയും ഭര്‍ത്താവ് അജിത്തും ആരോപിച്ചിരുന്നു.
ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറിയും ഡി.വൈ.എഫ്.ഐ നേതാവുമായ ഷിജു ഖാനെതിരെയാണ് ഇരുവരും ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്.
നിലവില്‍ പേരൂര്‍ക്കട പൊലീസ് നടത്തുന്ന അന്വേഷണം കേസ് അട്ടിമറിക്കാനാണെന്നും അന്വേഷണത്തില്‍ മേല്‍നോട്ട വേണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും അനുപമ വ്യക്തമാക്കിയിട്ടുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: CPI (M) has said they will stand by Anupama if she proceeds legally .