തിരുവനന്തപുരം: സി.പി.ഐ.എം ദേശീയ പാര്‍ട്ടിയായി നിലനില്‍ക്കുന്നത് വാജ്‌പേയ് കാരണമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. മുന്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയ് നിയമത്തില്‍ മാറ്റം വരുത്തിയതുകൊണ്ടാണ് ദേശീയ പാര്‍ട്ടിയായി തുടരുന്നത്. ഇതിനായി ഹര്‍കിഷന്‍ സിങ് സുര്‍ജിത് ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ വാജ്പേയിയെ പോയി കാണുകയായിരുന്നെന്നും വാര്‍ത്താസമ്മേളനത്തില്‍ പിള്ള പറഞ്ഞു.
നാലു സംസ്ഥാനങ്ങളില്‍നിന്നായി ആറു ശതമാനം വോട്ടു കിട്ടണം എന്നതായിരുന്നു ദേശീയ പാര്‍ട്ടിയായി അംഗീകാരം ലഭിക്കുന്നതിനുള്ള മാനദണ്ഡം. 2009ലെ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് അത്രയും വോട്ടുകള്‍ ലഭിച്ചില്ല. അവര്‍ക്കു ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെടുമെന്ന സ്ഥിതി വന്നപ്പോള്‍ ഹര്‍കിഷന്‍ സിങ് സുര്‍ജിത് ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രധാനമന്ത്രി എബി വാജ്പേയിയെ കാണുകയായിരുന്നു. ദേശീയ പാര്‍ട്ടി പദവിക്കുള്ള മാനദണ്ഡത്തില്‍ മാറ്റം വരുത്തണമെന്നായിരുന്നു ആവശ്യം- ശ്രീധരന്‍ പിള്ള പറഞ്ഞു.
അന്നു വാജ്പേയ് സി.പി.ഐ.എം നേതാക്കളെ പുറംകാലുകൊണ്ടു തട്ടുകയല്ല ചെയ്തതെന്നും മൂന്നു സംസ്ഥാനങ്ങളില്‍നിന്നു രണ്ടു ശതമാനം സീറ്റ് നേടിയാല്‍ ദേശീയ പാര്‍ട്ടിയായി പരിഗണിക്കപ്പെടാമെന്ന നിയമ ഭേദഗതി കൊണ്ടുവന്നെന്നും പിള്ള പറഞ്ഞു.
ഈ ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം ദേശീയ പാര്‍ട്ടിയായി സി.പി.ഐ.എം തുടരുമെന്ന് ആ പാര്‍ട്ടിക്കാര്‍ പോലും വിശ്വസിക്കുന്നില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
കോണ്‍ഗ്രസുമായി ചേര്‍ന്നതാണ് സി.പി.ഐ.എമ്മിന്റെ തകര്‍ച്ചയ്ക്ക് കാരണമെന്നും പിള്ള പറഞ്ഞു. സംസ്ഥാനത്ത് വ്യാപകമായ കള്ള വോട്ട് നടന്നിട്ടുണ്ടെന്നും ഇതില്‍ സമഗ്രമായ അന്വേഷണം വേണമെന്നാണ് ബി.ജെ.പി നിലപാടെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
ആറ്റിങ്ങലിലെ പ്രസംഗത്തിന്റെ പേരില്‍ തനിക്കെതിരെ കേസെടുക്കാന്‍ കഴിയില്ലെന്നും താന്‍ മാപ്പു പറഞ്ഞ് രണ്ടുതവണ ടീക്കറാം മീണയെ വിളിച്ചുവെന്നത് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ നുണയാണെന്നും പി.എസ് ശ്രീധരന്‍ പിള്ള പറഞ്ഞു.
DoolNews Video