കോഴിക്കോട്: വിജിലന്‍സ് പിടിച്ചെടുത്ത പണം തിരികെ നല്‍കണമെന്ന മുസ്‌ലിം ലീഗ് നേതാവ് കെ.എം.ഷാജിയുടെ ഹരജി കോടതി തള്ളി. ഷാജിയുടെ അഴീക്കോട്ടെ വീട്ടില്‍ നിന്നും വിജിലന്‍സ് പിടിച്ചെടുത്ത അരക്കോടിയോളം രൂപ (47.35 ലക്ഷം) തിരികെ വേണമെന്ന ഹരജിയാണ് കോഴിക്കോട് വിജിലന്‍സ് കോടതി തള്ളിയത്.
വിജിലന്‍സ് പിടിച്ചെടുത്ത പണം തെരഞ്ഞെടുപ്പ് ഫണ്ടാണെന്നായിരുന്നു ഷാജിയുടെ വാദം. എന്നാല്‍ കോടതി ഹരജി തള്ളുകയായിരുന്നു. അതേസമയം, കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കെ.എം. ഷാജി അറിയിച്ചു.
അഴീക്കോട് സ്‌കൂളിന് പ്ലസ് ടു അനുവദിക്കാന്‍ കോഴ വാങ്ങിയെന്ന കേസില്‍ വിജിലന്‍സ് അന്വേഷണത്തെ തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം ഷാജിയുടെ അഴീക്കോട്ടേയും കോഴിക്കോട്ടേയും വീടുകളില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയത്.
അഴീക്കോട് എം.എല്‍.എയായിരിക്കെ 2016ല്‍ കെ.എം ഷാജി അഴീക്കോട് സ്‌കൂളില്‍ പ്ലസ്ടു കോഴ്സ് അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന് മുന്‍ മുസ്‌ലിം ലീഗ് നേതാവാണ് ആദ്യം ആരോപണം ഉന്നയിച്ചത്.
സ്‌കൂളിലെ ഒരു അധ്യാപകനില്‍ നിന്ന് കോഴ വാങ്ങിയെന്നും ഈ അധ്യാപകന് പിന്നീട് ഇതേ സ്‌കൂളില്‍ സ്ഥിര നിയമനം ലഭിച്ചെന്നും ഇ.ഡി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ഈ കോഴപ്പണം ഉപയോഗിച്ച് ഷാജി ഭാര്യ ആശയുടെ പേരില്‍ കോഴിക്കോട് വേങ്ങേരി വില്ലേജില്‍ വീട് പണിതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. വീടടക്കം 25 ലക്ഷം രൂപയുടെ സ്വത്തുവകകള്‍ പിന്നീട് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഇ.ഡി കണ്ടുകെട്ടിയിരുന്നു. 2020 ഏപ്രിലില്‍ കണ്ണൂര്‍ വിജിലന്‍സാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്.