| Wednesday, 20th October 2021, 8:04 pm

'കോടതിയും ചതിച്ചു ഗായ്‌സ്'; വാഹനം തിരിച്ച് നല്‍കണമെന്ന ഇ ബുള്‍ജെറ്റ് സഹോദരങ്ങളുടെ ഹരജി ഹൈക്കോടതി തള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മോഡിഫിക്കേഷന്‍ നടത്തിയതിന്റെ പേരില്‍ മോട്ടോര്‍ വെഹിക്കള്‍ ഡിപ്പാര്‍ട്ട്‌മെന്റ്(എം.വി.ഡി) പിടിച്ചെടുത്ത തങ്ങളുടെ വാഹനം തിരിച്ച് നല്‍കണമെന്ന ഇ ബുള്‍ജെറ്റ് സഹോദരങ്ങളുടെ ഹരജി കോടതി തള്ളി.

എം.വി.ഡി നടപടി ചോദ്യം ചെയ്ത് ഇവര്‍ നല്‍കിയ ഹരജിയാണ് ഹൈക്കോടതി തള്ളിയത്. നിയമാനുസൃത നടപടിക്ക് എം.വി.ഡിക്ക് അധികാരമുണ്ടെന്ന് കോടതി വിലയിരുത്തി. വാഹനം വിട്ടുകിട്ടണമെന്ന ആവശ്യം സിംഗിള്‍ ബഞ്ച് നിരാകരിച്ചു.

വീഡിയോ വ്‌ളോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരന്മാരെ കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ടെമ്പോ ട്രാവലറില്‍ നിയമവിരുദ്ധമായി രൂപമാറ്റങ്ങള്‍ വരുത്തിയതിന് സഹോദരന്മാരായ ലിബിന്റെയും എബിന്റെയും ‘നെപ്പോളിയന്‍’ എന്ന വാഹനം മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുക്കുകയും പിഴയിടുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ ആര്‍.ടി.ഒ ഓഫീസില്‍ ഇവര്‍ ബഹളമുണ്ടാക്കുകയും തുടര്‍ന്ന് ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനും പൊലീസ് ഇരുവര്‍ക്കുമെതിരെ കേസ് എടുക്കുകയുമായിരുന്നു. നിലവില്‍ ഇരുവര്‍ക്കും ജാമ്യം ലഭിച്ചിട്ടുണ്ട്.

വാഹനം കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഇ ബുള്‍ ജെറ്റ് സഹോദരന്മാര്‍ തങ്ങളുടെ ഫാന്‍സിനോട് അണിനിരക്കാന്‍ ആവശ്യപ്പെടുകയും കേരളം കത്തിക്കണം എന്ന തരത്തിലുള്ള പദപ്രയോഗങ്ങളടങ്ങിയ ആഹ്വാനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.

ഇതേ തുടര്‍ന്ന് കണ്ണൂര്‍ ആര്‍.ടി ഓഫീസിലേക്ക് ചിലര്‍ എത്തിയിരുന്നു. മാത്രമല്ല, കുട്ടികളടക്കമുള്ളവര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴി ഇ ബുള്‍ ജെറ്റ് സഹോദരന്മാരെ വിട്ടില്ലെങ്കില്‍ കേരളം കത്തിക്കുമെന്ന് പറയുന്ന വീഡിയോകളുമായി വന്നിരുന്നു.

സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവെന്‍സേഴ്സിനെയും ഇവരുടെ ആര്‍മി എന്ന് വിളിക്കപ്പെടുന്ന ഫാന്‍സിനെയും കുറിച്ചുള്ള വലിയ ചര്‍ച്ചകള്‍ക്ക് സംഭവം വഴിവെച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: The court rejected the petition of the E Buljet brothers

We use cookies to give you the best possible experience. Learn more