നവകേരള സദസ്സിലെ രക്ഷാപ്രവര്‍ത്തനം; മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി
Kerala News
നവകേരള സദസ്സിലെ രക്ഷാപ്രവര്‍ത്തനം; മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 9th October 2024, 6:43 pm

കൊച്ചി: 2023 നവംബറില്‍ നടത്തിയ നവകേരള സദസ്സിനിടെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതിനെ രക്ഷാപ്രവര്‍ത്തനം എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ അന്വേഷണത്തിന് ഉത്തരവ്.

രക്ഷാപ്രവര്‍ത്തനം ഇനിയും തുടരാമെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം ആക്രമണത്തിന് ആഹ്വാനം ചെയ്യുന്നതാണ് എന്ന പരാതിയിലാണ് അന്വേഷണം. എറണാകുളം സി.ജെ.എം കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നല്‍കിയ സ്വകാര്യ അന്യായം പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. എറണാകുളം സെന്‍ട്രല്‍ പൊലീസിനോട് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

2023 നവംബറിലാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ മന്ത്രിമാരും ചീഫ് സെക്രട്ടറിയും നവകേരള യാത്ര എന്ന പേരില്‍ കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലൂടെയും സഞ്ചരിച്ചത്. യാത്രക്കെതിരെ വിവിധയിടങ്ങളില്‍ പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു.

ഇത്തരത്തില്‍ കല്യാശേരിയില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയും സംഘവും സഞ്ചരിച്ച ബസിന് നേരെ പ്രതിഷേധിച്ചത്. ഈ സമയത്ത് അവിെടയുണ്ടായിരുന്ന ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിക്കുകയായിരുന്നു.

ഇതിനെ രക്ഷാപ്രവര്‍ത്തനം എന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചിരുന്നത്. ബസിന് നേരെ ചാടി വീണ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിടിച്ചുമാറ്റി രക്ഷപ്പെടുത്തുകയാണ് ചെയ്തത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. ഇനിയും ഇത്തരം രക്ഷാപ്രവര്‍ത്തനം തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് ആക്രമണത്തിനുള്ള ആഹ്വാനമാണ് എന്ന് കാണിച്ചാണ് എറണാകുളം ഡി.സി.സി. പ്രസിഡന്റ് കോടതിയെ സമീപിച്ചത്.

content highlights: The court ordered an inquiry against the Chief Minister Pinarayi Vijayan