| Wednesday, 14th August 2024, 10:12 pm

രാജ്യം ഉറ്റുനോക്കിയ അപ്പീല്‍ കോടതിയും കൈവിട്ടു; ഇന്ത്യ കാത്തിരുന്ന മെഡലിനായുള്ള പോരാട്ടം വിഫലം, മെഡലില്ലാതെ വിനേഷ്

സ്പോര്‍ട്സ് ഡെസ്‌ക്

ഒടുവില്‍ വിനേഷിനെ കോടതിയും കൈവിട്ടു. ഭാരപരിശോധനയില്‍ പരാജയപ്പെട്ട ഇന്ത്യന്‍ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് മെഡല്‍ നല്‍കാന്‍ സാധിക്കില്ലെന്ന നിലപാടാണ് ദി കോര്‍ട്ട് ഓഫ് ആര്‍ബിറ്ററേഷന്‍ ഫോര്‍ സ്പോര്‍ട്സ് സ്വീകരിച്ചത്.

ഫൈനല്‍ മത്സരിക്കാത്ത ഒരാള്‍ക്ക് സില്‍വര്‍ മെഡല്‍ നല്‍കാന്‍ സാധിക്കില്ലെന്നാണ് കോടതി നിലപാടെടുത്തത്. ഇതോടെ പാരീസ് ഒളിമ്പിക്‌സില്‍ നീരജ് ചോപ്രക്ക് ശേഷം മറ്റൊരു വെള്ളി മെഡല്‍ എന്ന ഇന്ത്യയുടെ സ്വപ്‌നവും വിഫലമായി.

ഫ്രഞ്ച് അഭിഭാഷകരായ ജോല മോണ്‍ലൂസ്, എസ്റ്റെല ഇവാനോവ, ഹാബിന്‍ എസ്റ്റെല കിം, ചാള്‍സ് ആംസണ്‍ എന്നിവരുടെ സഹായത്തോടെയാണ് വിനേഷ് കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ഇന്ത്യയില്‍നിന്നുള്ള സീനിയര്‍ അഭിഭാഷകരായ ഹരിഷ് സാല്‍വെ, വിദ്യുഷ്പത് സിംഘാനിയ എന്നിവരും വിനേഷിനായി കോടതിയില്‍ ഹാജരായി.

സെമി ഫൈനല്‍ വരെ നിയമങ്ങള്‍ കൃത്യമായി പാലിച്ചാണ് മത്സരിച്ചതെന്നും അതുകൊണ്ടു തന്നെ വെള്ളി മെഡലിന് അര്‍ഹതയുണ്ടെന്നുമായിരുന്നു അപ്പീലില്‍ വിനേഷ് ഫോഗട്ട് വ്യക്തമാക്കിയത്.

ഭാരപരിശോധനയില്‍ 100 ഗ്രാം ഭാരം കൂടുതലാണെന്നു തെളിഞ്ഞതിനാല്‍ ഇക്കാര്യം വീണ്ടും പരിശോധിക്കേണ്ട കാര്യമില്ലെന്ന നിലപാടാണ് ഗുസ്തി സംഘടനയായ യുണൈറ്റഡ് വേള്‍ഡ് റെസ്‌ലിങ് കോടതിയില്‍ സ്വീകരിച്ചത്. നിയമപ്രകാരം യാതൊരു ഇളവും ഇന്ത്യന്‍ താരത്തിനു നല്‍കേണ്ടതില്ലെന്നും സംഘടന ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

വിനേഷ് ഫോഗട്ടിന് വെള്ളി മെഡല്‍ നല്‍കാന്‍ സാധിക്കില്ലെന്ന നിലപാടും സംഘടന കോടതിയില്‍ ബോധിപ്പിച്ചു.

വിനേഷിന് അര്‍ഹമായ മെഡല്‍ ലഭിക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു ഇന്ത്യന്‍ കായിക ലോകം. ഫൈനലിന് മുമ്പ് നടന്ന ഭാരപരിശോധനയില്‍ പരാജയപ്പെട്ടതോടെയാണ് താരത്തെ അയോഗ്യയായി പ്രഖ്യാപിച്ചത്. ഇത് സാമൂഹ്യ മാധ്യമങ്ങളില്‍ വമ്പന്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇതോടെ നിരവധി കായിക താരങ്ങളും സെലിബ്രെറ്റികളും താരത്തിന് പിന്തുണ നല്‍കി രംഗത്ത് വന്നിരുന്നു.

തന്റെ നാച്ചുറല്‍ കാറ്റഗറിയായ 53 കിലോഗ്രാമില്‍ നിന്നും മാറി 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തിലാണ് വിനേഷ് ഫോഗട്ട് മത്സരിച്ചത്. ക്വാര്‍ട്ടറില്‍ ജപ്പാന്റെ സൂസാക്കി യൂയിയെ പരാജയപ്പെടുത്തി ചരിത്രമെഴുതിയ വിനേഷ് താരം സെമിയില്‍ ക്യൂബയുടെ ഗുസ്മന്‍ ലോപസിനെ അനായാസം പരാജയപ്പെടുത്തിയാണ് ഫൈനല്‍ യോഗ്യത നേടിയത്.

വനിതാ ഗുസ്തിയുടെ ഫൈനലില്‍ പ്രവേശിച്ചതോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും വിനേഷ് സ്വന്തമാക്കിയിരുന്നു. ഇന്ത്യന്‍ ആരാധകര്‍ സ്വര്‍ണ മെഡല്‍ ഉറപ്പിച്ച സാഹചര്യത്തിലായിരുന്നു വിനേഷ് ഭാരപരിശോധനയില്‍ പരാജയപ്പെടുന്നത്.

അതേസമയം, ഒരു മത്സരത്തില്‍ രണ്ട് വെള്ളി മെഡലുകള്‍ നല്‍കുന്നതില്‍ അര്‍ത്ഥമില്ല എന്നാണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാച്ച് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

Content Highlight:  The Court of Arbitration for Sports dismissed Vinesh Phogat’s appeal

We use cookies to give you the best possible experience. Learn more