ആരെ കാണിക്കാനാണ് ഈ നാടകം; വിജയ് ബാബുവിനെതിരായ കേസില്‍ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് കോടതി
Kerala News
ആരെ കാണിക്കാനാണ് ഈ നാടകം; വിജയ് ബാബുവിനെതിരായ കേസില്‍ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 31st May 2022, 3:29 pm

കൊച്ചി: വിജയ് ബാബുവിനെതിരായ ബലാത്സംഗ കേസില്‍ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ഒരു മാസമായിട്ടും എന്തുകൊണ്ട് വിജയ് ബാബുവിനെ അറസ്റ്റ് ചെയ്തില്ലെന്നും ആരെ കാണിക്കാനാണ് ഈ നാടകമെന്നും കോടതി വിമര്‍ശിച്ചു.

വിജയ് ബാബു ചിലര്‍ക്ക് താരമായിരിക്കും, കോടതിക്ക് സാധാരണക്കാരന്‍ മത്രം. അന്വേഷണ ഉദ്യോഗസ്ഥന്‍ വിജയ് ബാബുവുമായി ഒത്തുകളിക്കുന്നോയെന്നും കോടതി ചോദിച്ചു.

നടന്‍ നാട്ടില്‍ വരുന്നതിനെ എന്തിന് പ്രോസിക്യൂഷന്‍ എതിര്‍ക്കുന്നുവെന്ന് കോടതി ചോദിച്ചു. ഇന്ത്യന്‍ നിയമത്തിന് വിധേയനാകാന്‍ അല്ലേ അയാള്‍ ശ്രമിക്കുന്നത്. വിജയ് ബാബു നാട്ടില്‍ വന്ന് കേസുമായി സഹകരിക്കുകയല്ലേ ഇരയ്ക്കും വേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.

ചോദ്യം ചെയ്യലിന് ശേഷം മാത്രമേ നിയമപരമായി അറസ്റ്റ് ചെയ്യാന്‍ പാടുള്ളൂവെന്നും കോടതി വ്യക്തമാക്കി.

പൊലീസിന്റെ വിശ്വാസങ്ങള്‍ സംരക്ഷിക്കാനല്ല കോടതി, സാധാരണക്കാരന്റെ ജീവനും സ്വാതന്ത്ര്യവും സംരക്ഷിക്കാനാണ്. പൊലീസിന്റെ നിര്‍ബന്ധബുദ്ധി കേസിനെ ദോഷകരമായി ബാധിക്കും.

ആരെ കാണിക്കാനാണ് നാടകമെന്നും വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്യുന്നത് മാധ്യമങ്ങളിലൂടെ കാണിക്കാനാണോ എന്നും പൊലീസിനോട് കോടതി ചോദിച്ചു.

വിജയ് ബാബു സ്ഥലത്ത് ഇല്ലാത്തതില്‍ കേസ് മെറിറ്റില്‍ കേള്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്ന് കോടതി വ്യക്തമാക്കി.

അറസ്റ്റ് ചെയ്യും എന്നുള്ളതുകൊണ്ടാണ് ഇന്നലെ വരാതിരുന്നതെന്ന് വിജയ് ബാബു പറഞ്ഞു. നാളെ വരാന്‍ തയ്യാറാണെന്നും വിജയ് ബാബു അറിയിച്ചു.

നാട്ടിലെത്തിയാലുടന്‍ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍ ഹാജരാകണമെന്നും കോടതി വിജയ് ബാബുവിനോട് പറഞ്ഞു.

വ്യാഴാഴ്ച വീണ്ടും കേസ് പരിഗണിക്കും

Content Highlights: The court has strongly criticized the police in the case against Vijay Babu