കാസര്‍ഗോഡ് സബ് കലക്ടറുടെ ഔദ്യോഗിക വാഹനം കോടതി ജപ്തി ചെയ്തു
Kerala News
കാസര്‍ഗോഡ് സബ് കലക്ടറുടെ ഔദ്യോഗിക വാഹനം കോടതി ജപ്തി ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 8th October 2022, 3:23 pm

കാഞ്ഞങ്ങാട്: കാസര്‍ഗോഡ് ജില്ലയില്‍ സബ് കലക്ടറുടെ ഔദ്യോഗിക വാഹനം കോടതി ജപ്തി ചെയ്തു. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ബേക്കല്‍ ടൂറിസം വികസനത്തിന് വേണ്ടി ഏറ്റെടുത്ത സ്ഥലത്തിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാത്തതിനാലാണ് ഹൊസ്ദുര്‍ഗ് സബ് കലക്ടറുടെ ഔദ്യോഗിക വാഹനം ജപ്തി ചെയ്യപ്പെട്ടത്.

ഹൊസ്ദുര്‍ഗ് സബ്കോടതി ജഡ്ജ് ആന്റണിയുടെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. പള്ളിക്കരയിലെ സോമനാഥന്‍ എന്ന വ്യക്തിയാണ് ഹരജിയുമായി കോടതിയെ സമീപിച്ചത്. ബേക്കല്‍ ടൂറിസം വികസനത്തിന് വേണ്ടി ഭൂമി ഏറ്റെടുത്തിട്ട് നഷ്ടപരിഹാരത്തുക മുഴുവനായും ലഭിക്കാത്തതിനെ തുടര്‍ന്ന് സോമനാഥനും കുടുംബവും കോടതിയെ സമീപിക്കുകയായിരുന്നു.

2004ലാണ് ബേക്കല്‍ ടൂറിസം വികസനത്തിന് വേണ്ടി സ്വാമിനാഥന്റെ ഭൂമി ഏറ്റെടുത്തത്. തുടര്‍ന്ന് സ്വാമിനാഥന്റെ ഹരജിയില്‍ 2019ല്‍ കേരള ഹൈക്കോടതി നഷ്ടപരിഹാരം ഉടന്‍ ലഭ്യമാക്കണമെന്ന് ഉത്തരവിട്ടിരുന്നു.

ഇത് നടപ്പിലാകാത്തതോടെയാണ് സ്വാമിനാഥന്‍ ഹൊസ്ദുര്‍ഗ് സബ് കോടതിയില്‍ ഹരജി നല്‍കിയത്. തുടര്‍ന്നാണ് സബ് കലക്ടറുടെ കാര്‍ ജപ്തി ചെയ്ത് പണം വസൂലാക്കാന്‍ ഉത്തരവിട്ടത്.