കോഴിക്കോട്: മാതൃഭൂമി പത്രത്തെ വിമര്‍ശിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പോസ്റ്റ് ചെയ്ത കേസില്‍ കരിപ്പാംകുളം വീട്ടില്‍ ഷിഹാബിനെ കോടതി കുറ്റവിമുക്തനാക്കി. മാതൃഭൂമിയുടെ വ്യാജ കോപ്പി നിര്‍മിച്ച് വിദ്വേഷ പ്രചരണം നടത്തിയെന്നായിരുന്നു ഇദ്ദേഹത്തിനെതിരെയുള്ള പത്രത്തിന്റെ പരാതി.
എന്നാല്‍ അങ്ങനെ ഒരു കോപ്പി ഷിഹാബ് നിര്‍മിച്ചതിന് തെളിവില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്.
വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങ്ങിന് ബലാത്സംഗക്കേസില്‍ 10 വര്‍ഷം തടവ് കിട്ടിയ വാര്‍ത്തയുടെ തലക്കെട്ടില്‍ വിയോചിച്ച് വന്ന ഒരു ട്രോള്‍ പോസ്റ്റാണ് ഷിഹാബ് ഷെയര്‍ ചെയ്തിരുന്നത്. ഇതുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹത്തിനെതിരെ മാതൃഭൂമിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നത്.
ഒരുപാട് വര്‍ഷത്തെ നിയമപോരാട്ടമാണ് വിജയം കണ്ടതെന്നും വിമര്‍ശന പോസ്റ്റിനെ കുറ്റകൃത്യമായിട്ടാണ് മാതൃഭൂമി പ്രചരിപ്പിച്ചതെന്നും ഷിഹാബ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.
‘ഗുര്‍മീത് റാം റഹിം സിങ്ങിന്റെ വാര്‍ത്തയില്‍, റഹിമിന് 10 വര്‍ഷം തടവ് എന്ന രീതിയിലാണ് മാതൃഭൂമിയുടെ ഓണ്‍ലൈന്‍ എഡീഷനില്‍ തലക്കെട്ട് വന്നത്. അതിനെ പരിഹസിച്ച് നാളെത്തെ പത്രത്തില്‍ ‘റഹിം മൗലവിക്ക് 10 വര്‍ഷം തടവ്’ എന്ന തലക്കെട്ടിലാകും വാര്‍ത്തവരുക എന്ന ട്രോള്‍ വന്നിരുന്നു, അത് ഞാന്‍ പങ്കുവെച്ചു. ഇതിലാണ് പത്രം എനിക്കെതിരെ കേസ് കൊടുക്കുന്നത്,’ ഷിഹാബ് പറഞ്ഞു.