| Friday, 27th December 2024, 1:09 pm

മന്‍മോഹന്‍സിങ്ങിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് രാജ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് രാജ്യം. ഔദ്യോഗിക ബഹുമതികളോടെ നാളെയാണ് സംസ്‌കാരം. ഇന്ന് എ.ഐ.സി.സി ആസ്ഥാനത്ത് പൊതുദര്‍ശനം നടക്കും. മന്‍മോഹന്‍ സിങ്ങിന്റെ നിര്യാണത്തില്‍ രാജ്യത്ത് ഏഴ് ദിവസം ദുഃഖാചരണം പ്രഖ്യാപിച്ചു.

സോണിയാ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവര്‍ വസതിയിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പേര്‍ മന്‍മോഹന്‍ സിങ്ങിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് അദ്ദേഹത്തിന്റെ വസതിയില്‍ എത്തി.

ഭാരതത്തിന്റെ ഏറ്റവും മഹത്തായ പുത്രന്മാരില്‍ ഒരാള്‍ക്ക് ആദരാഞ്ജലികളെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു പറഞ്ഞു. രാജ്യത്തെ സമുന്നതമായ നേതാക്കളില്‍ ഒരാള്‍ വിടവാങ്ങിയെന്നും ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ ശ്രമിച്ച പ്രധാനമന്ത്രിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി രേഖപ്പെടുത്തി.

വഴികാട്ടിയെയും ഉപദേഷ്ടാവിനെയും നഷ്ടമായെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോടിക്കണക്കിന് മനുഷ്യരെ ദാരിദ്ര്യത്തില്‍ നിന്ന് മുക്തരാക്കിയ നേതാവെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പ്രതികരിച്ചു.

മതേതരത്വത്തിന്റെ മൂല്യം കാത്തുസൂക്ഷിച്ച നേതാവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. നികത്താനാകാത്ത നഷ്ടമാണ് രാജ്യത്തിനുണ്ടായതെന്ന് അരവിന്ദ് കെജ്‌രിവാളും ഇന്ത്യയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കാണ് മന്‍മോഹന്‍ സിങ് വഹിച്ചതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും പ്രതികരിച്ചു.

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ കെട്ടിപ്പെടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച മന്‍മോഹന്‍ സിങ് എന്നാല്‍ ഒരിക്കല്‍പ്പോലും ആ നേട്ടങ്ങളുടെ പങ്ക് പറ്റിയിട്ടില്ലെന്ന് മുന്‍ കേന്ദ്രധനകാര്യ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരവും പറഞ്ഞു.

ദല്‍ഹി എയിംസിസില്‍ വെച്ചായിരുന്നു മന്‍മോഹന്‍ സിങ്ങിന്റെ അന്ത്യം.  വ്യാഴാഴ്ച  എട്ട് മണിയോടെ അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം പരിശോധന നടത്തിയെങ്കിലും 9.51 ഓടെ മരണം സംഭവിക്കുകയായിരുന്നു.

പ്രധാനമന്ത്രിയായി മന്‍മോഹന്‍ സിങ് പ്രവര്‍ത്തിച്ചത് 2004 മുതല്‍ 2014 വരെയാണ്. ഇന്ത്യയുടെ പതിമൂന്നാമത്തെയും പതിനാലാമത്തെയും പ്രധാനമന്ത്രിയായിരുന്നു.

1991ല്‍ നരസിംഹറാവു സര്‍ക്കാരില്‍ ധനമന്ത്രിയായി എത്തിയ അദ്ദേഹം ന്യൂനപക്ഷ സമുദായത്തില്‍ നിന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി പദത്തിലെത്തിയ ആദ്യ വ്യക്തിയാണദ്ദേഹം. ആദ്യ സിഖ് മതസ്ഥനായ പ്രധാനമന്ത്രിയുമാണ്.

1998 മുതല്‍ 2004 വരെ രാജ്യസഭയില്‍ പ്രതിപക്ഷ നേതാവായും അദ്ദേഹം പ്രവര്‍ത്തിച്ചു. ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ എന്നീ പദവികളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

രാജ്യസഭാംഗമായി തുടര്‍ന്ന അദ്ദേഹം ഇക്കഴിഞ്ഞ ഏപ്രിലില്‍ കാലാവധി അവസാനിച്ച ശേഷം വിശ്രമജീവിതം നയിക്കുകയായിരുന്നു. രാഷ്ട്രീയക്കാരന്‍ എന്നതിനേക്കാള്‍ ഉപരി മന്‍മോഹന്‍ സിങ്ങിനെ സാമ്പത്തിക ശാസ്ത്രജ്ഞന്‍ എന്ന നിലയിലായിരിക്കും ഇന്ത്യ ഓര്‍ക്കുക.

Content Highlight: The country paid its last respects to Manmohan Singh

We use cookies to give you the best possible experience. Learn more