| Thursday, 6th October 2022, 1:49 pm

കുട്ടികളുടെ മരണത്തിനിടയാക്കിയ കഫ് സിറപ്പ് കമ്പനി പൂട്ടി ജീവനക്കാർ മുങ്ങി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽ​ഹി: ഡബ്ല്യു.എച്ച്.ഒയുടെ ശാസനത്തിന് പിന്നാലെ ഹരിയാനയിലെ മെയ്ഡൽ ഫാർമസ്യൂട്ടിക്കൽസ് അടച്ച് ജീവനക്കാർ മുങ്ങി. മാധ്യമപ്രവർത്തകർ വിവരം അന്വേഷിച്ച് എത്തിയതിന് പിന്നാലെയാണ് കമ്പനി പൂട്ടി ജീവനക്കാർ സ്ഥലം വിട്ടത്. ദൽഹിയിലുള്ള ഓഫീസാണ് നിലവിൽ പൂട്ടിയിരിക്കുന്നത്.

ആഫ്രിക്കയിലെ ​ഗാംബിയയിൽ ഏകദേശം 66 കുട്ടികൾ മരണപ്പെട്ടിരുന്നു. വൃക്ക സംബന്ധമായ രോ​ഗമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ഇതോടെ ആശുപത്രി നടത്തിയ അന്വേഷണത്തിലാണ് എല്ലാ കുട്ടികളും കഫ് സിറപ്പ് ഉപയോ​ഗിച്ചതായി കണ്ടെത്തിയത്. ആ മരുന്ന് ഇന്ത്യയിലെ കമ്പനി നിർമിച്ചതാണെന്നാണ് ഡബ്ല്യു.എച്ച്.ഒയുടെ റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നത്.

ദൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹരിയാനയിൽ നിന്നുള്ള മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് നിർമിച്ച നാല് കഫ് സിറപ്പുകൾക്കെതിരെയാണ് ഡബ്ല്യു.എച്ച്.ഒ ഗുരുതര ആരോപണങ്ങൾ ഉയർത്തിയിരിക്കുന്നത്.

മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് (Maiden Pharmaceuticals) നിർമിച്ച പ്രൊമേത്തസിൻ ഓറൽ സൊലൂഷൻ (Maiden Pharmaceuticals), കോഫെക്‌സ്മാലിൻ ബേബി കഫ് സിറപ്(Kofexmalin Baby Cough Syrup), മേക്കോഫ് ബേബി കഫ് സിറപ്(Makoff Baby Cough Syrup), മാഗ്രിപ് എൻ കോൾഡ് സിറപ്(Magrip N Cold Syrup) എന്നിവയ്‌ക്കെതിരെയാണ് അന്വേഷണമുണ്ടാകുക.

ഇവയിൽ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമായേക്കാവുന്ന വിഷപദാർഥങ്ങൾ അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. കുട്ടികൾക്കുണ്ടാകുന്ന രോഗങ്ങൾക്ക് വലിയതോതിൽ ഉപയോഗിക്കുന്ന മരുന്നാണിവ.

നിലവാരമില്ലാത്തതും അണുബാധയുള്ളതുമായ കഫ് സിറപ് കുട്ടികളുടെ വൃക്കകളെ ബാധിച്ചതാണ് മരണ കാരണമെന്നാണ് നിഗമനം. അപകടകരമായ ഡയറ്റ്തലിൻ ഗ്ലൈകോൾ, എഥിലിൻ ഗ്ലൈകോൾ എന്നിവ കഫ് സിറപ്പിൽ കണ്ടെത്തിയതായും ഡബ്ല്യു.എച്ച്.ഒ ആരോപിച്ചു.

മരുന്നുകൾ നിലവിൽ ഗാംബിയയിൽ മാത്രമേ കണ്ടെത്തിയിട്ടുള്ളൂവെങ്കിലും മറ്റ് രാജ്യങ്ങളിലേക്കുള്ള വിതരണ സാധ്യതയും ഡബ്ല്യു.എച്ച്.ഒ തള്ളിക്കളഞ്ഞിട്ടില്ല. മറ്റ് രാജ്യങ്ങളോട് ജാഗ്രത പാലിക്കണമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മരുന്ന് കഴിച്ച് ഏകദേശം മൂന്ന് മുതൽ അഞ്ച് ദിവസങ്ങൾക്കുള്ളിലാണ് കുട്ടികൾക്ക് ശാരീരിക പ്രയാസങ്ങൾ രൂക്ഷമായി അനുഭവപ്പെട്ടു തുടങ്ങിയതെന്നാണ് റിപ്പോർട്ട്.
ഇതിന് പിന്നാലെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത കുട്ടികൾക്ക് വൃക്ക രോഗവും കണ്ടെത്തിയതോടെയാണ് കാരണം സംബന്ധിച്ച അന്വേഷണം നടന്നത്.

മരുന്നുകൾ സംബന്ധിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നതോടെ അന്വേഷണം നടത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഉത്തരവിട്ടിട്ടുണ്ട്.

ഹരിയാനയിലെ സോനെപട്ടിലെ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡ് സ്ഥിതിചെയ്യുന്നത്. ഡബ്ല്യു.എച്ച്.ഒ പരാമർശിച്ച ഉത്പന്നങ്ങൾ നിർമിക്കാനുള്ള അനുമതിയുള്ള സ്ഥാപനമാണ് മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ്. കമ്പനി ഇതുവരെ ഗാംബിയയിലേക്ക് മാത്രമാണ് ഈ ഉത്പന്നങ്ങൾ നിർമിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്തത്.

ഇറക്കുമതി ചെയ്യുന്ന രാജ്യം ഈ ഉത്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്ന രീതിയാണഉള്ളതെന്ന് ​ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ഹരിയാനയിലും ഹിമാചൽ പ്രദേശിലുമായി രണ്ട് മരുന്ന് ഉത്പാദന യൂണിറ്റുകളാണ് കമ്പനിക്കുള്ളത്. 2000 മുതലാണ് കമ്പനി മരുന്ന് കയറ്റുമതി ആരംഭിക്കുന്നത്. ഐ.എസ്.ഒ സർട്ടിഫൈഡ് ആണ് ഇരു സ്ഥാപനങ്ങളും എന്ന് കമ്പനിയുടെ പേജിൽ സൂചിപ്പിക്കുന്നു.

ഇന്ത്യയുടൾപ്പെടെ വികസ്വര രാജ്യങ്ങളെ മരുന്നു കമ്പനികൾ പരീക്ഷണ ശാലകളാക്കി കണക്കായിരുന്ന കാല​ഘട്ടമുണ്ടായിരുന്നു. ഇന്ത്യയിൽ പരീക്ഷിച്ച് വിജയിച്ച മരുന്നുകളായിരുന്നു ഒരുകാലത്ത് മറ്റ് രാജ്യങ്ങൾ വിൽപന നടത്തിയിരുന്നത്. ​ഗിനിപന്നികളെപോലെയാണ് ഇന്ത്യുൾപ്പെടെയുള്ള രാജ്യങ്ങളെ കണ്ടിരുന്നത് എന്ന വിമർശനങ്ങളും അക്കാലത്ത് വ്യാപകമായിട്ടുണ്ടായിരുന്നു.

സുരക്ഷ ചട്ടം പാലിക്കാതെയും വ്യക്തമായ ക്വാളിറ്റി ടെസ്റ്റ് നടത്താതെയും അക്കാലത്ത് മരുന്നുകൾ പരീക്ഷിച്ചിരുന്നു. ഇന്ന് ഇന്ത്യയിൽ നിന്നുള്ള ഒരു കമ്പനിക്ക് നേരെയാണ് ഇത്തരത്തിൽ വലിയ രീതിയിലുള്ള വിമർശനം ലോകാരോ​ഗ്യ സംഘടന നടത്തിയിരിക്കുന്നത്.

2000 മുതലാണ് കമ്പനി മരുന്ന് കയറ്റുമതി ആരംഭിച്ചത്. ഇത്രകാലം കമ്പനി ലോകത്തിന്റെ പല ഭാ​ഗത്തേകേകും കയറ്റുമതി ചെയ്ത മരുന്നുകളെ സംബന്ധിച്ച് ശക്തമായ അന്വേഷമം നടത്തണമെന്ന നിർദേശങ്ങളും ഇതോടെ പലഭാ​ഗത്തുനിന്നും ഉയരുന്നുണ്ട്.

Content Highlight: The cough syrup company that caused the death of 60 children closed, employees left the place says reports

We use cookies to give you the best possible experience. Learn more