ദ ഗാര്‍ഡിയന്‍ പ്രസീദ്ധീകരിച്ച റിപ്പോര്‍ട്ടിന്റെ മലയാള പരിഭാഷ
പരിഭാഷ: ബച്ചൂ മാഹി
ജനുവരി 20-ന് കേരളത്തിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനായ ഒരു ഡോക്ടര്‍ക്ക് തന്റെ വകുപ്പ് മേധാവിയായ കെ.കെ. ശൈലജയുടെ ഫോണ്‍ വരുന്നു. ചൈനയില്‍ അപകടകാരിയായ പുതിയൊരു വൈറസ് പടരുന്നതിനെക്കുറിച്ച് ഓണ്‍ലൈനില്‍ വായിച്ചറിഞ്ഞ് വിളിച്ചതാണ്: ‘അത് നമ്മെത്തേടിയും എത്തുമോ’ എന്നായിരുന്നു മന്ത്രിക്ക് അറിയേണ്ടിയിരുന്നത്. ‘തീര്‍ച്ചയായും, മാഡം’ എന്നദ്ദേഹം മറുപടി നല്‍കി. ആ നിമിഷം മുതല്‍, ഇന്ത്യന്‍ സംസ്ഥാനമായ കേരളത്തിന്റെ ആരോഗ്യവകുപ്പ് മന്ത്രി തന്റെ മുന്നൊരുക്കങ്ങള്‍ തുടങ്ങി.
നാലുമാസങ്ങള്‍ക്കിപ്പുറം 524 കോവിഡ് -19 കേസുകള്‍ മാത്രമാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്, 4 മരണങ്ങളും. ശൈലജയുടെ അഭിപ്രായത്തില്‍, സാമൂഹിക വ്യാപനം ഇല്ല. സംസ്ഥാനത്ത് ഏകദേശം മൂന്നരക്കോടി ജനസംഖ്യയുണ്ട്, പ്രതിശീര്‍ഷ ജി.ഡി.പി 2,200 പൗണ്ട് മാത്രമാണ്. കേരളത്തിന്റെ ഇരട്ടി ജനസംഖ്യയും 33,100 പൗണ്ട് പ്രതിശീര്‍ഷ ജി.ഡി.പിയുയുള്ള ബ്രിട്ടണില്‍ 40,000-ത്തിലധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പത്തിരട്ടി ജനസംഖ്യയും 51,000 പൗണ്ട് പ്രതിശീര്‍ഷ ജി.ഡി.പിയുമുള്ള യു.എസിലാകട്ടെ ഇതിനകം 82,000 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു; ഇരുരാജ്യങ്ങളിലും അനിയന്ത്രിതമായ സാമൂഹികവ്യാപനവും ഉണ്ട്.
ശൈലജ ടീച്ചര്‍ എന്ന് സ്‌നേഹപൂര്‍വ്വം വിളിക്കപ്പെടുന്ന 63-കാരിയായ മന്ത്രി ഈയിടെ ചില പുതിയ വിളിപ്പേരുകള്‍ സമ്പാദിച്ചിട്ടുണ്ട് – കൊറോണവൈറസിന്റെ അന്തക, റോക്ക്സ്റ്റാര്‍ ആരോഗ്യമന്ത്രി എന്നിങ്ങനെ. കണ്ണട വെച്ച മുഖത്ത് സദാ ചിരി വഴിഞ്ഞൊഴുകുന്ന, സെക്കണ്ടറി സ്‌കൂളിലെ മുന്‍ സയന്‍സ് അദ്ധ്യാപികക്ക് ഈ പേരുകള്‍ അല്പം അസാധാരണച്ചുവയുള്ളതാണെങ്കിലും, ഒരു ദരിദ്ര ജനാധിപത്യ സംവിധാനത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ട് ഇത്തരമൊരു മഹാമാരിയെ കൂച്ചുവിലങ്ങിടല്‍ സാധ്യമാണെന്ന് അവര്‍ തെളിയിച്ചതിലുള്ള വ്യാപകമായ മതിപ്പാണ് അത്തരം സംബോധനകള്‍ പ്രതിഫലിപ്പിക്കുന്നത്.
എങ്ങനെയാണ് ഇത് നേടിയെടുത്തത്? ചൈനയിലെ പുതിയ വൈറസിനെക്കുറിച്ച് വായിച്ചതിന്റെ മൂന്നാംപക്കം, ആദ്യത്തെ കോവിഡ് കേസ് കേരളത്തില്‍ എത്തുന്നതിനും മുമ്പ്, ശൈലജ തന്റെ സത്വര പ്രതികരണ സംഘത്തിന്റെ ആദ്യയോഗം വിളിച്ചുചേര്‍ത്തു. അടുത്ത ദിവസം, ജനുവരി 24-ന് സംസ്ഥാന തലത്തില്‍ ഒരു കണ്‍ട്രോള്‍ റൂം തുടങ്ങുകയും കേരളത്തിലെ 14 ജില്ലകളിലെ മെഡിക്കല്‍ ഓഫീസര്‍മാരോട് അതാത് ജില്ലാതലത്തില്‍ കണ്‍ട്രോള്‍ റൂം സ്ഥാപിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ജനുവരി 27 ന്, വുഹാനില്‍ നിന്നുള്ള വിമാനം വഴി ആദ്യ കേസ് എത്തുമ്പോഴേക്കും പരിശോധന, സമ്പര്‍ക്കം കണ്ടെത്തല്‍, മാറ്റിപ്പാര്‍പ്പിക്കല്‍, സംരക്ഷണം എന്ന ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോക്കോള്‍ ഇവിടെ സ്വീകരിച്ച് കഴിഞ്ഞിരുന്നു.
ചൈനീസ് വിമാനത്തില്‍ നിന്നുള്ള യാത്രക്കാരുടെ മുഴുക്കെ താപനില പരിശോധിച്ചു. പനിയുള്ള മൂന്നുപേരെ അടുത്തുള്ള ആശുപത്രിയില്‍ ഐസൊലേഷനില്‍ ആക്കി. ബാക്കിയുള്ളവരെ ഹോം ക്വാറന്റൈനിലും. അവര്‍ക്കൊക്കെയും പ്രാദേശിക ഭാഷയായ മലയാളത്തില്‍ ഇതിനകം അച്ചടിച്ച കോവിഡ് -19 നെക്കുറിച്ച സമഗ്രവിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലഘുലേഖകളും നല്‍കി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗികള്‍ കോവിഡ് -19 പോസിറ്റീവ് ആണെന്ന് പരിശോധന ഫലം വന്നെങ്കിലും, രോഗത്തെ അതിനകം നിയന്ത്രണത്തില്‍ ആക്കാന്‍ സാധിച്ചിരുന്നു. ”ആദ്യഘട്ടം വിജയകരമായി, എന്നാല്‍ വൈറസ് ചൈനയ്ക്ക് പുറത്തേക്ക് കടന്ന് താമസിയാതെ ലോകമാകെ വ്യാപിച്ചു”, ശൈലജ പറയുന്നു.
ഫെബ്രുവരി അവസാനമാണ് വെനീസില്‍ നിന്ന് മടങ്ങുന്ന ഒരു മലയാളി കുടുംബം വിമാനത്താവളത്തില്‍ വിന്യസിച്ച ശൈലജയുടെ നിരീക്ഷണ സംഘാംഗത്തെ യാത്രാവിവരങ്ങള്‍ നല്‍കാതെ തെറ്റിദ്ധരിപ്പിച്ച് കൊണ്ട്, പുതുതായി ഏര്‍പ്പെടുത്തിയ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വഴങ്ങില്ലെന്ന മട്ടില്‍ തങ്ങളുടെ വീട്ടിലേക്ക് പോയത്. ആരോഗ്യപ്രവര്‍ത്തകര്‍ കോവിഡ് 19-ന്റെ ഒരു കേസ് കണ്ടെത്തി ട്രെയ്സ് ചെയ്തപ്പോഴാണ് ഉറവിടം ഇവരാണെന്ന് മനസ്സിലായത്. അതിനകം അവരുടെ സമ്പര്‍ക്കം നൂറുകണക്കിന് ആളുകളിലേക്ക് എത്തിയിരുന്നു. ചുമതലപ്പെട്ടവര്‍ പരസ്യങ്ങളുടെയും സാമൂഹ്യമാധ്യമങ്ങടെയും സഹായത്തോടെ അവരെയെല്ലാം ട്രാക്കുചെയ്ത് ക്വാറന്റീനിലാക്കി. അതിനോടകം ആറ് പേര്‍ക്ക് കോവിഡ് ബാധിച്ചിരുന്നു.
മറ്റൊരു കണ്ണി കൂടി ഭേദിച്ചെങ്കിലും, അതിനകം രോഗം പടരാന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലെ കേരളീയരായ പ്രവാസികള്‍ നാട്ടിലേക്ക് വന്നുകൊണ്ടിരുന്നു; അവരില്‍ ചിലര്‍ക്ക് വൈറസ് ബാധയേറ്റിരുന്നു. മാര്‍ച്ച് 23 ന് സംസ്ഥാനത്തെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കുള്ള വിമാനങ്ങള്‍ നിര്‍ത്തലാക്കി. രണ്ട് ദിവസത്തിന് ശേഷം ഇന്ത്യയില്‍ രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ നിലവില്‍ വന്നു.
കേരളത്തില്‍ വൈറസിന്റെ ഒരു തീവ്രഘട്ടത്തില്‍ 170,000 പേരെ ആരോഗ്യ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ച് ക്വാറന്റീന്‍ ചെയ്യുകയും കര്‍ശനനിരീക്ഷണത്തിലാക്കുകയും ചെയ്തു. വീട്ടിനുള്ളില്‍ ശുചിമുറി ഇല്ലാത്തവരെ സംസ്ഥാന സര്‍ക്കാറിന്റെ ചെലവില്‍ മെച്ചപ്പെട്ട ഐസൊലേഷന്‍ യൂണിറ്റുകളില്‍ പാര്‍പ്പിച്ചു. ഇന്നിപ്പോള്‍ നിരീക്ഷണത്തില്‍ ഇരിക്കുന്നവരുടെ എണ്ണം 21,000 ആയി ചുരുങ്ങിയിട്ടുണ്ട്. ”അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള 150,000 കുടിയേറ്റ തൊഴിലാളികള്‍ക്ക് ഞങ്ങള്‍ താമസമൊരുക്കുകയും അവര്‍ക്ക് വേണ്ട ഭക്ഷണവിഭവങ്ങള്‍ എത്തിച്ചുനല്‍കുകയും ചെയ്തുവന്നു’ ,അവര്‍ പറയുന്നു. ആ തൊഴിലാളികള്‍ ഇപ്പോള്‍ ഘട്ടംഘട്ടമായി പ്രത്യേകം ചാര്‍ട്ടര്‍ ചെയ്ത ട്രെയിനുകളില്‍ സ്വന്തം നാട്ടിലേക്ക് തിരിക്കുകയാണ്.
കോവിഡ് -19 നും മുമ്പ് തന്നെ ഇന്ത്യയില്‍ ഒരു സെലിബ്രിറ്റിയാണ് ശൈലജ. കഴിഞ്ഞ വര്‍ഷം വൈറസ് എന്നൊരു സിനിമ പുറത്തിറങ്ങിയിരുന്നു. 2018 ല്‍ നിപ എന്ന കോവിഡിനെക്കാളും മാരകമായ വൈറല്‍ രോഗം അവര്‍ കൈകാര്യം ചെയ്തതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണത് നിര്‍മ്മിച്ചത്. (‘ആ കഥാപാത്രം ഒരല്പം ബേജാറുകാരി ആയിട്ടാണ് ചിത്രീകരിക്കപ്പെട്ടത്; സത്യത്തില്‍ ഭയം പ്രകടിപ്പിക്കുന്നത് എന്റെ പ്രകൃതമല്ല’ എന്നവര്‍ പറഞ്ഞിട്ടുണ്ട്). അന്ന് അവരുടെ സജീവമായ സത്വര ഇടപെടലുകള്‍ മാത്രമല്ല, രോഗം പൊട്ടിപ്പുറപ്പെട്ടതിന്റെ കേന്ദ്രമായ ഗ്രാമം സന്ദര്‍ശിച്ച് അവര്‍ക്ക് ആത്മവിശാസം ഏകിയതും ഏറെ പ്രശംസിക്കപ്പെട്ടു.
രോഗം എങ്ങനെയാണ് പടരുന്നത് എന്നറിയാതെ, ആ ഗ്രാമത്തിലുള്ളവര്‍ പരിഭ്രാന്തരായി നാടുവിടാനൊരുങ്ങിയിരുന്നു. ”ഞാന്‍ ഡോക്ടര്‍മാരുമായി അവിടെയെത്തി, പഞ്ചായത്ത് ഓഫീസില്‍ ഒരു പൗരയോഗം സംഘടിപ്പിച്ചു. എങ്ങോട്ടേക്കും പുറപ്പെട്ടു പോകേണ്ട കാര്യമില്ലെന്ന് ഞാനവരോട് പറഞ്ഞു. ‘നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ മാത്രമേ വൈറസ് പടരൂ, നിങ്ങള്‍ ചുമയ്ക്കുന്ന ആളില്‍ നിന്ന് കുറഞ്ഞത് ഒരു മീറ്റര്‍ അകലം പാലിച്ചാല്‍ അതിന് നിങ്ങളിലേക്കെത്താന്‍ കഴിയില്ല’ എന്ന് ഞങ്ങള്‍ വിശദീകരിച്ചപ്പോള്‍ അവര്‍ ശാന്തരായി; അവിടെത്തന്നെ താമസം തുടര്‍ന്നു.”
നിപയാണ് കോവിഡ് -19 നായി ശൈലജയെ ഒരുക്കിയത് എന്ന് പറയാം. ചികിത്സയോ വാക്‌സിനോ ഇല്ലാത്ത അപകടകാരിയായ ഒരു പകര്‍ച്ചവ്യാധിയെ ഗൗരവമായി കാണണമെന്ന് അത് നല്‍കിയ പാഠമാണ്. ഒരു തരത്തില്‍, ഈ രണ്ട് മഹാമാരികളെയും നേരിടാന്‍ അവര്‍ തന്റെ ജീവിതത്തിലുടനീളം തയ്യാറെടുക്കുകയായിരുന്നിരിക്കണം!
അവര്‍ അംഗമായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി 1957 മുതല്‍ കേരളഭരണത്തില്‍ സുപ്രധാന സ്ഥാനം കൈയാളി വന്നു. 1956-ല്‍, സാമൂഹികപ്രവര്‍ത്തകരുടെയും സ്വാതന്ത്ര്യസമരസേനാനികളുടെയും കുടുംബത്തിലാണ് അവര്‍ ജനിച്ചത്; മുത്തശ്ശി തൊട്ടുകൂടായ്മയ്ക്കെതിരെയുള്ള പ്രചാരണങ്ങളില്‍ സജീവപങ്കാളിത്തം വഹിച്ചിരുന്നു. സര്‍വ്വതലസ്പര്‍ശിയായ ഒരു ”കേരള മാതൃക” ഉരുവപ്പെട്ട് വരുന്നത് ശൈലജ നോക്കിക്കണ്ടു – ഞങ്ങളുടെ സംസാരത്തിനിടെ ഇതേക്കുറിച്ചാണ് അവര്‍ വാചാലയായത്.
(ഒരു കുടുംബത്തിന് കൈവശം വയ്ക്കാവുന്ന ഭൂമി നിജപ്പെടുത്തിയും പാട്ടകര്‍ഷകര്‍ക്ക് ഭൂമിയുടെ ഉടമവാശകാശം വര്‍ധിപ്പിച്ചും നിയമനിര്‍മാണം വഴി നടപ്പാക്കിയ) ഭൂപരിഷ്‌കരണം, വികേന്ദ്രീകൃത പൊതുജനാരോഗ്യ സംവിധാനം, പൊതുവിദ്യാഭ്യാസത്തിനായുള്ള ഉയര്‍ന്ന നിക്ഷേപം ഇവയാണ് കേരള മാതൃകയുടെ അടിത്തറയിട്ടത്. ഓരോ ഗ്രാമത്തിനും ഒരു പ്രാഥമിക ആരോഗ്യകേന്ദ്രമുണ്ട്, ഓരോ ഭരണതലത്തിലും ആശുപത്രികള്‍, 10 മെഡിക്കല്‍ കോളേജുകള്‍.
‘മറ്റ് സംസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളവും ഇതൊക്കെ പ്രസക്തം തന്നെ’, മഹാരാഷ്ട്രയിലെ പൂനെ ആസ്ഥാനമായുള്ള പൊതുജനാരോഗ്യ വിദഗ്ധനായ എം.പി കരിയപ്പ പറയുന്നു. എന്നാല്‍ മറ്റെവിടെയും ആളുകള്‍ അവരുടെ പ്രാഥമിക ആരോഗ്യ സംവിധാനത്തില്‍ ഇത്രയും നിക്ഷേപം നടത്തിയിട്ടില്ല. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യവും ഏറ്റവും കുറഞ്ഞ ശിശുമരണനിരക്കും കേരളം ആസ്വദിക്കുന്നു. ഏറ്റവും സാക്ഷരതയുള്ള സംസ്ഥാനം കൂടിയാണിത്. ”വിദ്യാഭ്യാസം സാര്‍വത്രികമായത്, ആളുകളുടെ ക്ഷേമത്തിന് ആരോഗ്യം പ്രധാനമാണെന്ന തിരിച്ചറിവുണ്ടാക്കി’, കരിയപ്പ തുടര്‍ന്നു.
ശൈലജ പറയുന്നു: ”ആ പോരാട്ടങ്ങളെക്കുറിച്ച് – കാര്‍ഷിക പ്രസ്ഥാനവും സ്വാതന്ത്ര്യസമരവും – എന്റെ മുത്തശ്ശിയില്‍ നിന്നാണ് ഞാന്‍ കേട്ടറിഞ്ഞത്. അവര്‍ നല്ലൊരു കഥപറച്ചിലുകാരി കൂടിയായിരുന്നു”. ലോക്ക്ഡൗണ്‍ പോലുള്ള അടിയന്തിര ഘട്ടങ്ങള്‍ ദേശീയ സര്‍ക്കാറിന്റെ കരുതല്‍ നടപടിയുടെ ഭാഗമാണെങ്കിലും, ഓരോ ഇന്ത്യന്‍ സംസ്ഥാനത്തിനും സ്വതന്ത്രമായ ആരോഗ്യനയമുണ്ട്. കേരള മാതൃക നിലവില്‍ ഉണ്ടായിരുന്നില്ലെങ്കില്‍, കോവിഡ് -19 നോടുള്ള സര്‍ക്കാറിന്റെ ഈ പ്രതികരണം സാധ്യമാകുമായിരുന്നില്ല എന്നവര്‍ വാദിക്കുന്നു.
2016 ല്‍ ശൈലജയുടെ പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോള്‍ പ്രായാധിക്യം പ്രകടിപ്പിച്ചു തുടങ്ങിയ സംസ്ഥാനത്തിന്റെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ ആധുനീകരിക്കുന്ന പരിപാടി ഏറ്റെടുത്തു. പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ക്ലിനിക്കുകളും ഇന്ത്യയിലെ വലിയ ആരോഗ്യപ്രശ്‌നമായ ശ്വാസകോശരോഗങ്ങള്‍ക്കായി ഒരു റജിസ്ട്രിയും സൃഷ്ടിക്കുക എന്നതായിരുന്നു നവീകരണ നീക്കങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന്. ”കോവിഡ് -19 ലേക്കുള്ള പരിവര്‍ത്തനം തിരിച്ചറിയാനും സാമൂഹികവ്യാപനത്തിലേക്ക് എത്തുന്നതിന് തടയിടാനും ഞങ്ങളെയത് വളരെയധികം സഹായിച്ചു”, ശൈലജ പറഞ്ഞു.
രോഗബാധ പൊട്ടിപ്പുറപ്പെട്ടപ്പോള്‍, ഓരോ ജില്ലയോടും രണ്ട് ആശുപത്രികള്‍ വീതം കോവിഡ് പരിചരണത്തിന് മാറ്റിവയ്ക്കാന്‍ ആവശ്യപ്പെട്ടു, ഒപ്പം ഓരോ മെഡിക്കല്‍ കോളേജും 500 കിടക്കകള്‍ നീക്കിവച്ചു. അകത്തേക്കും പുറത്തേക്കും പ്രത്യേകം കവാടങ്ങള്‍ സജ്ജമാക്കി. രോഗനിര്‍ണയ പരിശോധനകിറ്റുകള്‍ കുറവായിരുന്നു, പ്രത്യേകിച്ചും സമ്പന്ന പാശ്ചാത്യരാജ്യങ്ങളില്‍ രോഗം എത്തിയതിനുശേഷം. അതിനാല്‍ രോഗലക്ഷണങ്ങളുള്ള രോഗികള്‍ക്കും അവരുടെ അടുത്ത സമ്പര്‍ക്കങ്ങള്‍ക്കും, അതുപോലെ തന്നെ ലക്ഷണമില്ലാത്ത ആളുകളില്‍, രോഗവുമായി പരോക്ഷവേഴ്ചക്ക് സാധ്യതയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസ്, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരിലും റാന്‍ഡം പരിശോധനക്കായും ടെസ്റ്റ് കിറ്റുകള്‍ കരുതിവയ്ക്കപ്പെട്ടു.
‘കേരളത്തില്‍ നിങ്ങള്‍ക്ക് 48 മണിക്കൂറിനുള്ളില്‍ പരിശോധനാഫലം ലഭിക്കും’, ശൈലജ പറയുന്നു, ‘ഗള്‍ഫിലും, യുഎസിലും യുകെയിലും – ഇവയൊക്കെ സാങ്കേതികമായി ഏറെ മുന്നേറിയ രാജ്യങ്ങള്‍ ആയിട്ടുകൂടി – ഏഴു ദിവസം കാത്തിരിക്കേണ്ടി വരുന്നു. അവിടെ എന്താണ് സംഭവിക്കുന്നത്?” അവര്‍ക്ക് വിധിക്കാന്‍ താല്‍പര്യമില്ല. പക്ഷേ, ആ രാജ്യങ്ങളിലെ ഉയര്‍ന്ന മരണസംഖ്യയില്‍ അവര്‍ക്ക് അന്ധാളിപ്പുണ്ട്. ”പരിശോധന, ക്വാറന്റിംഗ്, ആശുപത്രി നിരീക്ഷണം ഇവ വളരെ പ്രധാനമാണ്. ആ രാജ്യങ്ങളിലെ ആളുകള്‍ക്ക് അത് ലഭിക്കുന്നില്ല.” ആ രാജ്യങ്ങളില്‍ താമസിക്കുന്ന മലയാളികള്‍ അവരോടത് ഫോണ്‍ ചെയ്തു പറഞ്ഞിട്ടുണ്ട്.
ലോക്ക്ഡൗണിന്റെ ഭാഗമായി ആരാധനാലയങ്ങള്‍ അടച്ചത് ചില ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ഉയര്‍ത്തിയെങ്കിലും കേരളത്തില്‍ ചെറുത്തുനില്‍പ്പ് ഒന്നും ദൃശ്യമായില്ല. മുഖ്യമന്ത്രി അടച്ചുപൂട്ടലിനെക്കുറിച്ച് പ്രാദേശിക മതനേതാക്കളുമായി നേരത്തെ ചര്‍ച്ച ചെയ്തതാകാം ഒരു കാര്യം. കേരളത്തിന്റെ ഉയര്‍ന്ന സാക്ഷരതാ നില മറ്റൊരു ഘടകമാണെന്ന് ഷൈലജ പറയുന്നു: ”ആളുകള്‍ എന്തുകൊണ്ട് വീട്ടില്‍ത്തന്നെ കഴിയണം എന്നവര്‍ മനസിലാക്കുന്നുണ്ട്. നിങ്ങള്‍ക്ക് അവരോടത് എളുപ്പത്തില്‍ വിശദീകരിക്കാന്‍ കഴിയും.”
മെയ് 17 ന് ലോക്ക്ഡൗണ്‍ നീക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു (രണ്ടുതവണ നീട്ടിയാണ് ഈ തീയതിയിലേക്ക് എത്തിയത്). അതിനുശേഷം, അത്യധികം രോഗബാധയുള്ള ഗള്‍ഫ് മേഖലയില്‍ നിന്ന് മലയാളികള്‍ കേരളത്തിലേക്ക് വന്‍തോതില്‍ ഒഴുകിയെത്തുമെന്ന് അവര്‍ പ്രവചിക്കുന്നു. ”അതൊരു വലിയ വെല്ലുവിളി തന്നെയാണ്; പക്ഷേ ഞങ്ങള്‍ അതിന് തയ്യാറെടുക്കുകയാണ്,” അവര്‍ പറയുന്നു. എ, ബി, സി പ്ലാനുകളുണ്ട്, പ്ലാന്‍ സിയില്‍ – ഏറ്റവും മോശം അവസ്ഥ- ഹോട്ടലുകള്‍, ഹോസ്റ്റലുകള്‍, കോണ്‍ഫറന്‍സ് സെന്ററുകള്‍ എന്നിവ ഉപയുക്തമാക്കി 165,000 കിടക്കകള്‍ ഒരുക്കാനാണ് പദ്ധതി. 5,000 ലധികം വെന്റിലേറ്ററുകള്‍ ആവശ്യമായി വന്നാല്‍ ബുദ്ധിമുട്ടും. ഞങ്ങള്‍ കൂടുതല്‍ എണ്ണത്തിന് ഓര്‍ഡര്‍ കൊടുത്തിട്ടുണ്ട്. എന്നാല്‍ യഥാര്‍ത്ഥ ദൗര്‍ലഭ്യം മനുഷ്യ വിഭവ ശേഷിയുടെതാകും. പ്രത്യേകിച്ചും സമ്പര്‍ക്കത്തില്‍ ഉള്ളവരെ കണ്ടെത്താന്‍ ഏറെ ആളുകളുടെ സേവനം ആവശ്യമായി വരും. ”അതിനായി ഞങ്ങള്‍ സ്‌കൂള്‍ അധ്യാപകരെ പരിശീലിപ്പിക്കുകയാണ്,” ശൈലജ പറയുന്നു.
രണ്ടാമത്തെ ഘട്ടവും തരണം ചെയ്തുകഴിഞ്ഞാല്‍ – അങ്ങനെയൊന്ന് അനിവാര്യമാകുന്നുവെങ്കില്‍ – ഈ അധ്യാപകര്‍ സ്‌കൂളുകളിലേക്ക് മടങ്ങും. ഒടുവില്‍ താനും അത് തന്നെ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു, കാരണം അവരുടെ മന്ത്രിസ്ഥാനം ഒരു വര്‍ഷത്തിനുള്ളില്‍ വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പോടെ അവസാനിക്കും. കോവിഡ് -19 ന്റെ ഭീഷണി അടുത്തൊന്നും ഒഴിഞ്ഞുപോകില്ലെന്നിരിക്കെ, തന്റെ പിന്‍ഗാമിക്ക് കൈമാറാന്‍ ആഗ്രഹിക്കുന്ന ആ വിജയരഹസ്യം എന്താണ്? ചുറ്റുമുള്ളവരിലേക്ക് പകരാവുന്ന തന്റെ മനോഹരമായ ചിരി ചിരിക്കുന്നു അവര്‍. കാരണം ആ രഹസ്യം അത്ര രഹസ്യമല്ല: ”ശരിയായ ആസൂത്രണം.”
ബ്രിട്ടിഷ് ശാസ്ത്രലേഖികയും 1918-ലെ സ്പാനിഷ് ഫ്‌ലൂവിനെക്കുറിച്ച് രചിക്കപ്പെട്ട Pale Rider എന്ന കൃതിയുടെ കര്‍ത്താവും ആണ് ലോറ സ്പിന്നി
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക