ലോക്ക്ഡൗണില്‍ ഗര്‍ഭച്ഛിദ്രം നടത്താനാകാതായ 18.5 ലക്ഷം സ്ത്രീകള്‍, രാജ്യം ഇവരെ കൂടി കേള്‍ക്കേണ്ടതില്ലേ?
DISCOURSE
ലോക്ക്ഡൗണില്‍ ഗര്‍ഭച്ഛിദ്രം നടത്താനാകാതായ 18.5 ലക്ഷം സ്ത്രീകള്‍, രാജ്യം ഇവരെ കൂടി കേള്‍ക്കേണ്ടതില്ലേ?
അനോ ഭുയന്‍, ഇന്ത്യാസ്‌പെന്‍ഡ്‌
Tuesday, 14th July 2020, 12:58 pm

രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ആദ്യ മൂന്ന് മാസങ്ങള്‍ക്കുള്ളില്‍, അതായത് മാര്‍ച്ച് 25 മുതല്‍ ജൂണ്‍ 24 വരെയുള്ള കാലയളവില്‍ 18.5 ലക്ഷം സ്ത്രീകള്‍ക്ക് ഗര്‍ഭച്ഛിദ്രം നടത്താനായില്ലെന്ന പഠനറിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഈ മാസങ്ങള്‍ക്കുള്ളില്‍ 39 ലക്ഷത്തോളം ഗര്‍ഭച്ഛിദ്രം നടക്കേണ്ടതായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ ഇതില്‍ 47 ശതമാനത്തിന്റെ കുറവുണ്ടായെന്നുമാണ് ആഗ്രഹിക്കാതെയുള്ള ഗര്‍ഭധാരണം നിയന്ത്രിക്കാനായി പ്രവര്‍ത്തിക്കുന്ന സംഘടനായ ഐ.പി.എ.എസ് ഫൗണ്ടേഷന്‍ മെയ് മാസം പുറത്തുവിട്ട പഠന റിപ്പോര്‍ട്ട് പറയുന്നത്.

കടകളില്‍ ഗര്‍ഭച്ഛിദ്രത്തിനുള്ള മരുന്നുകള്‍ ലഭിക്കാതായതാണ് ഈ 18 ലക്ഷം സ്ത്രീകളിലെ 80 ശതമാനത്തിനും ഗര്‍ഭച്ഛിദ്രം നടത്താനാകാതിരുന്നതിന് കാരണമെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

എട്ട് സംസ്ഥാനങ്ങളിലെ 509 പൊതുആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നും 52 സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍, ഫെഡറേഷന്‍ ഓഫ് ഒബ്സ്റ്റേട്രിക് ആന്‍ഡ് ഗൈനക്കോളജിക്കല്‍ സൊസൈറ്റീസ് ഓഫ് ഇന്ത്യയിലെ ആരോഗ്യ വിദഗ്ധരുടെ അഭിപ്രായങ്ങള്‍, ഗര്‍ഭച്ഛിദ്രത്തിനുള്ള മരുന്നുകളുടെ വില്‍പന കണക്കുകള്‍, മരുന്നുനിര്‍മ്മാണ മേഖലയിലെ വിദഗ്ധരുടെ അഭിപ്രായങ്ങള്‍ -തുടങ്ങി വിവിധ തലങ്ങളില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

മരുന്നുകളുടെ ലഭ്യതക്കുറവാണ് 80 ശതമാനം സ്ത്രീകള്‍ക്കും ഗര്‍ഭച്ഛിദ്രം നടത്തുന്നതിന് തടസ്സമായതെങ്കില്‍ ബാക്കി 20 ശതമാനത്തിനും (3,70,000 ) ലോക്ക്ഡൗണില്‍ ആരോഗ്യസംവിധാനങ്ങളുമായി ബന്ധപ്പെടാനാകാത്തതാണ് തടസ്സമായത്. ഇതില്‍ തന്നെ 16 ശതമാനം സ്വകാര്യ ആശുപത്രികളെയും 4 ശതമാനം സര്‍ക്കാര്‍ ആശുപത്രികളെയുമാണ് ആശ്രയിച്ചിരുന്നത്.

ഇന്ത്യയില്‍ പ്രതിവര്‍ഷം 156 കോടി ഗര്‍ഭച്ഛിദ്രങ്ങള്‍ നടക്കുന്നുവെന്നാണ് കണക്കുകള്‍. ഇതില്‍ 73 ശതമാനം സത്രീകളും മരുന്നുകളാണ് ഉപയോഗിക്കുന്നത്. 16 ശതമാനം പേര്‍ സ്വകാര്യ ആശുപത്രികളെയും 6 ശതമാനം പേര്‍ സര്‍ക്കാര്‍ ആശുപത്രികളെയും ആശ്രയിക്കുന്നു. അതേസമയം 5 ശതമാനത്തോളം പേര്‍ ഇപ്പോഴും സുരക്ഷിതമല്ലാത്ത പുരാതന മാര്‍ഗങ്ങളാണ് ഗര്‍ഭച്ഛിദ്രത്തിനായി സ്വീകരിക്കുന്നതെന്ന് 2015ല്‍ ദി ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗര്‍ഭനിരോധന മാര്‍ഗങ്ങളുടെ ലഭ്യതക്കുറവ് അപ്രതീക്ഷിത ഗര്‍ഭധാരണത്തിലേക്കും സുരക്ഷിതമല്ലാത്ത ഗര്‍ഭച്ഛിദ്രത്തിലേക്കും പലപ്പോഴും ഗര്‍ഭിണികളുടെ മരണത്തിലേക്കും വരെ നയിക്കുന്നുവെന്നാണ് മെയ് മാസത്തില്‍ IndiaSpend പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് സര്‍ക്കാരിന്റെ കുടുംബാസൂത്രണ പദ്ധതികളെ വലിയ രീതിയില്‍ ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗര്‍ഭനിരോധന – ഗര്‍ഭച്ഛിദ്ര മാര്‍ഗങ്ങളിലുണ്ടായ ഈ ദൗര്‍ലഭ്യം ലക്ഷകണക്കിന് സത്രീകളെയാണ് ആഗ്രഹിക്കാതെയുള്ള ഗര്‍ഭവുമായി തുടരാനും അല്ലെങ്കില്‍ അവസാന മാസങ്ങളിലെ സുരക്ഷിതമല്ലാത്ത ഗര്‍ഭച്ഛിദ്രത്തിനും നിര്‍ബന്ധിതരാക്കുന്നത്. രാജ്യത്തിന്റെ ദുരന്തനിവാരണ പദ്ധതികളില്‍ ലൈംഗിക – പ്രത്യുല്‍പാദന ആരോഗ്യ സംബന്ധിയായ ഘടകങ്ങള്‍ കൂടി അടിയന്തിരമായി ഉള്‍പ്പെടുത്തേണ്ടതുണ്ടെന്ന് ഐ.പി.എ.എസ് ഡിവലപ്മെന്റ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് വിനോജ് മാനിംഗ് ഇന്ത്യസ്പെന്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

ഗര്‍ഭനിരോധനവും ഗര്‍ഭച്ഛിദ്രവുമായി ബന്ധപ്പെട്ട രാജ്യത്തെ നിരവധി പദ്ധതികളുടെ ഭാഗമായി പ്രവര്‍ത്തിച്ച വിനോജ് മാനിംഗ് സുരക്ഷിത ഗര്‍ഭച്ഛിദ്രത്തിനുള്ള ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കുന്നതിലും പങ്കുവഹിച്ചിരുന്നു. അമേരിക്കയിലെ പോര്‍ട്ട്ലന്റ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ സ്‌കൂള്‍ ഓഫ് ബിസിനസ്സില്‍ നിന്നും റൂറല്‍ മാനേജ്മെന്റില്‍ ബിരുദാനന്തര ബിരുദവും എം.ബി.എ പ്ലസ് ലീഡര്‍ഷിപ്പ് സര്‍ട്ടിഫിക്കേറ്റും നേടിയ വ്യക്തിയാണ് വിനോജ് മാനിംഗ്.

വിനോജ് മാനിംഗ്

ലോക്ക്ഡൗണ്‍ എങ്ങിനെയാണ് സ്ത്രീകള്‍ക്ക് അവരുടെ താല്‍പര്യത്തിനനുസരിച്ചുള്ള ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതിന് തടസ്സമായത് ? വളരെ അടിസ്ഥാനപരമായ ഈ ആവശ്യം എങ്ങിനെയാണ് നിഷേധിക്കപ്പെട്ടത് ?

ലോക്ക്ഡൗണ്‍ സമയത്ത് സ്ത്രീകള്‍ക്ക് ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതിലുണ്ടായ തടസ്സങ്ങളും ഗര്‍ഭച്ഛിദ്രത്തിന് നേരിട്ട ബുദ്ധിമുട്ടുകളും തമ്മില്‍ വളരെയധികം സാമ്യങ്ങളുണ്ട്.

സര്‍ക്കാര്‍ ആരോഗ്യസംവിധാനങ്ങളെല്ലാം കൊവിഡ് 19 കെയര്‍ സെന്ററുകളായി മാറിയതോടെ ലൈംഗിക – പ്രത്യുല്‍പാദന ആരോഗ്യ സേവനങ്ങള്‍ക്ക് കുറവ് നേരിട്ടു. ആരോഗ്യപ്രവര്‍ത്തകര്‍ ഏകദേശം പരിപൂര്‍ണ്ണമായും കൊവിഡ് പ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങിയതോടെ മറ്റു ആവശ്യങ്ങള്‍ക്കായി എത്തുന്നവരെ ശ്രദ്ധിക്കാന്‍ സമയമില്ലാതായി. കൊവിഡ് പടരുന്ന സാഹചര്യത്തില്‍ സുരക്ഷിതമായി ഗര്‍ഭച്ഛിദ്രം നടത്തണമെങ്കില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പി.പി.ഇ കിറ്റുകള്‍ ആവശ്യമുണ്ട്. ഇതിന്റെ ലഭ്യതക്കുറവും ലോക്ക്ഡൗണ്‍ സമയത്ത് ഗര്‍ഭച്ഛിദ്രം നടക്കാത്തതിന് കാരണമായിട്ടുണ്ട്.

ഭൂരിഭാഗം സ്വകാര്യ ആശുപത്രികളും അടച്ചിടുകയോ സേവനങ്ങള്‍ വെട്ടിച്ചുരുക്കുകയോ ചെയ്തിരുന്നു. അവശ്യ വസ്തുക്കള്‍, സുരക്ഷാ കിറ്റുകള്‍, കൊവിഡ് 19 ടെസ്റ്റിംഗ് സൗകര്യങ്ങള്‍ തുടങ്ങിയവ കൃത്യമായി ലഭിക്കാതിരുന്നത് മൂലമായിരുന്നു പല ആശുപത്രികളും അടച്ചിടുന്ന അവസ്ഥയിലേക്ക് നീങ്ങിയത്.

സപ്ലൈ ചെയിന്‍ സുഗമമായി മുന്നോട്ടുപോകാത്തത് മാര്‍ക്കറ്റില്‍ ഗര്‍ഭനിരോധന വസ്തുക്കള്‍ എത്തുന്നതിന് തടസ്സമായി. പൊതുഗതാഗത സംവിധാനങ്ങള്‍ നിര്‍ത്തലാക്കിയതും ജനങ്ങള്‍ പുറത്തിറങ്ങുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും സ്ത്രീകള്‍ പുറത്തേക്കിറങ്ങുന്നത് ഗണ്യമായി കുറച്ചു.

പൊതുവായുള്ള ഈ കാരണങ്ങള്‍ കൂടാതെ ലക്ഷകണക്കിന് സ്ത്രീകള്‍ക്ക് ഗര്‍ഭച്ഛിദ്രം നടത്താനാകാത്തതിന് പിന്നില്‍ ചില മറു വശങ്ങള്‍ കൂടിയുണ്ട്.

കേന്ദ്ര ആരോഗ്യ – കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം രാജ്യത്ത് വന്ധ്യംകരണവും ഐ.യു.സി.ഡികളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. മെയ് പകുതിയോടെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ വരുന്നതുവരെ ഈ നിരോധനം തുടര്‍ന്നു. അതോടെ ദീര്‍ഘകാലത്തേക്കുള്ള ഗര്‍ഭനിരോധന മാര്‍ഗമായ വന്ധ്യംകരണം നടത്താന്‍ പോലും സ്ത്രീകള്‍ക്ക് സാധിക്കാതെയായി.

ആശ വര്‍ക്കര്‍മാര്‍ കൊവിഡ് നിരീക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായതോടെ വീടുകളിലെത്തി വിതരണം ചെയ്തിരുന്ന ഗര്‍ഭനിരോധന ഉറകളടക്കമുള്ളവയുടെ വിതരണവും നിലച്ചു. കൂടാതെ കൊവിഡ് 19 പകരുമെന്ന ഭയത്താല്‍ പല സത്രീകളും ആശുപത്രികളില്‍ പോകുന്നത് പോലും ഒഴിവാക്കിയിരുന്നു.

ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കാതിരിക്കുകയും തുടര്‍ന്ന് ലോക്ക്ഡൗണ്‍ സമയത്ത് ഗര്‍ഭിണിയാണെന്ന് തിരിച്ചറിയുകയും ചെയ്ത സ്ത്രീകള്‍ക്ക് മുന്‍പിലുണ്ടായിരുന്ന വഴികളെന്തെല്ലാമായിരുന്നു?

ആഗ്രഹിച്ചതല്ലെങ്കിലും ഗര്‍ഭവുമായി മുന്നോട്ടുപോകുക

സുരക്ഷിതമോ അല്ലാത്തതോ ആയ മാര്‍ഗങ്ങളിലൂടെ ഗര്‍ഭച്ഛിദ്രം നടത്തുക. (മെഡിക്കല്‍ ഷോപ്പില്‍ നിന്നോ പുറത്ത് നിന്നോ ഗര്‍ഭച്ഛിദ്രത്തിനുള്ള ഗുളികകള്‍ വാങ്ങാനുള്ള സാധ്യതയാണ് ഏറെയും)

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുന്നത് വരെ കാത്തിരുന്ന ശേഷം നാലു മുതല്‍ ആറു മാസം വരെയുള്ള കാലയളവില്‍ ആശുപത്രിയില്‍ ചെന്ന് ഗര്‍ഭച്ഛിദ്രം നടത്തുക (ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വന്ന സമയമായപ്പോഴേക്കും സാധാരണയായി ഗര്‍ഭച്ഛിദ്രം നടത്തുന്നതിനുള്ള സമയപരിധിയായ 12 ആഴ്ച കടന്നിട്ടുണ്ടാകുമല്ലോ)

ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ നിഷേധിക്കപ്പെടുന്നത് സ്ത്രീകളിലുണ്ടാക്കുന്ന ഹ്രസ്വ – ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ എന്തൊക്കെയാണ് ?

സ്ത്രീകള്‍ക്ക് ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കാത്തത് ഇവരുടെ ഇച്ഛക്ക് വിരുദ്ധമായി തീരുമാനമെടുക്കുന്നതിലേക്കാണ് കൊണ്ടെത്തിക്കുക. ആഗ്രഹിക്കാതെ സംഭവിച്ച ഗര്‍ഭവുമായി തുടരേണ്ടി വരിക, സുരക്ഷിത സമയപരിധിക്ക് ശേഷം ഗര്‍ഭച്ഛിദ്രം നടത്തേണ്ടി വരിക, ഗര്‍ഭച്ഛിദ്രത്തിനായി ആശുപത്രികളില്‍ പോകാതെ മറ്റു സുരക്ഷിതമല്ലാത്ത മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടി വരിക തുടങ്ങിയ കാര്യങ്ങള്‍ക്കായി നിര്‍ബന്ധിക്കപ്പെടുകയാണ് സ്ത്രീകള്‍.

ഇതെല്ലാം മാനസികമായും ശാരീരികമായും വലിയ പ്രത്യാഘാതങ്ങളാണ് സ്ത്രീകളിലുണ്ടാകുക. ആഗ്രഹിക്കാതെയും കൃത്യമായ തയ്യാറെടുപ്പുകളോടു കൂടിയും നടക്കാത്ത ഗര്‍ഭധാരണമായതിനാല്‍ തീര്‍ച്ചയായും ഇത് സ്ത്രീകളെ ശാരീരകമായി ബാധിക്കും. കുട്ടികളിലുള്ളവരാണെങ്കില്‍ മുന്‍പത്തെ പ്രസവത്തിന് ശേഷം എടുക്കേണ്ട സമയപരിധി പാലിക്കാനുള്ള സാധ്യതയും വളരെ കുറവാണ്. ലോക്ക് ഡൗണ്‍ സൃഷ്ടിക്കുന്ന മാനസികാഘാതത്തിനൊപ്പം ഈ ആഗ്രഹിക്കാത്ത ഗര്‍ഭധാരണം മൂലമുണ്ടാകുന്ന സമ്മര്‍ദങ്ങള്‍ക്ക് കൂടി സ്ത്രീകള്‍ പാത്രമാവുകയാണ്.

സുരക്ഷിതമല്ലാത്ത ഗര്‍ഭച്ഛിദ്ര രീതികള്‍ ദീര്‍ഘകാല ശാരീരിക പ്രശ്നങ്ങളിലേക്കും ചിലപ്പോഴെല്ലാം സ്ത്രീകളുടെ മരണത്തിലും കലാശിക്കുന്നു.

ഇതിന് പുറമേ ഈ സ്ത്രീയോ അവരുടെ കുടുംബമോ വലിയ സാമ്പത്തിക ബാധ്യതയും വഹിക്കേണ്ടി വരുന്നു. ഗര്‍ഭിണിയായി തുടരുക അല്ലെങ്കില്‍ ഗര്‍ഭച്ഛിദ്രം നടത്തുക, ഇതില്‍ ഏത് തീരുമാനിച്ചാലും സാമ്പത്തികപ്രയാസങ്ങള്‍ നേരിടേണ്ടി വരും. തൊഴില്‍ നഷ്ടങ്ങളുടെയും കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക അസ്ഥിരതയുടെയും പശ്ചാത്തലത്തില്‍ ഈ അധിക സാമ്പത്തിക ബാധ്യത വലിയ രീതിയിലാണ് കുടുംബങ്ങളെ ബാധിക്കുക. മറ്റു കുട്ടികള്‍, പോഷകാഹാരം, കുടുംബത്തിലെ ബന്ധങ്ങള്‍ എന്നിങ്ങനെ വിവിധ തലങ്ങളില്‍ ഇതിന്റെ പ്രതിഫലനങ്ങള്‍ ഉണ്ടാകും.

ഇന്ത്യയില്‍ മാതൃമരണത്തിന്റെ മൂന്നാമത്തെ പ്രധാന കാരണമാണല്ലോ സുരക്ഷിതമല്ലാത്ത ഗര്‍ഭച്ഛിദ്രരീതികള്‍, കൊവിഡ് കാലത്ത് ഇത്തരം രീതികള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ടോ ?

സുരക്ഷിതമായ ഗര്‍ഭച്ഛിദ്രം

ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചിട്ടുള്ള മാര്‍ഗങ്ങള്‍ക്കനുസരിച്ച് കൃത്യമായ പരിശീലനം നേടിയ ഡോക്ടര്‍മാര്‍ നടത്തുന്ന ഗര്‍ഭച്ഛിദ്രങ്ങളെയേ സുരക്ഷിതമായി കണക്കാക്കാനാകൂ. ഇതിന് ഗുളികകളോ മറ്റു ആരോഗ്യ സംവിധാനങ്ങളോ ഉപയോഗിക്കാവുന്നതാണ്.

സുരക്ഷിതമല്ലാത്ത ഗര്‍ഭച്ഛിദ്രം

കൃത്യമായ പരിശീലനം നേടാത്തവരുടെ കീഴിലോ അവശ്യ സൗകര്യങ്ങളില്ലാത്ത സ്ഥലങ്ങളിലോ നടത്തുമ്പോഴാണ് ഗര്‍ഭച്ഛിദ്രം സുരക്ഷിതമല്ലാതാകുന്നത്. പുരാതന മരുന്നുക്കൂട്ടുകള്‍, പൊള്ളുന്നതോ രൂക്ഷമായതോ ആയ പദാര്‍ത്ഥങ്ങള്‍, അപകടകരമായ വസ്തുക്കള്‍ ഉള്ളിലേക്ക് കടത്തല്‍ എന്നീ മാര്‍ഗങ്ങളാണ് കൃത്യമായ പരിശീലനം ലഭിക്കാത്ത പലരും ഉപയോഗിക്കുന്നത്.

ഭാഗികമായി സുരക്ഷിതമായ ഗര്‍ഭച്ഛിദ്രം

ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശ പ്രകാരമല്ലാതെ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും മറ്റും ഗര്‍ഭച്ഛിദ്രത്തിനുള്ള മരുന്ന് വാങ്ങി ഉപയോഗിക്കുന്നത് അത്ര സുരക്ഷിതമായ മാര്‍ഗമല്ല. പക്ഷെ ഇന്ത്യയിലെ 73 ശതമാനം ഗര്‍ഭച്ഛിദ്രങ്ങളും നടക്കുന്നത് ഇത്തരത്തിലാണ്. ഇതില്‍ ഭൂരിഭാഗവും പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുമില്ല. അതുകൊണ്ടാണ് ലോകാരോഗ്യ സംഘടന ഈ മാര്‍ഗത്തെ പൂര്‍ണ്ണമായും സുരക്ഷിതമല്ലാത്ത മാര്‍ഗങ്ങളുടെ പട്ടികയിലുള്‍പ്പെടുത്താത്തത്.

ചില മാധ്യമങ്ങള്‍ ഇത്തരം സംഭവങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ലോക്ക്ഡൗണ്‍ സമയത്ത് സുരക്ഷിതമല്ലാത്ത ഗര്‍ഭച്ഛിദ്രമാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി എന്ന് തെളിയിക്കുന്നതിനുള്ള രേഖകള്‍ ഒന്നും പുറത്തുവന്നിട്ടില്ല.

സുരക്ഷിതമല്ലാത്ത ഗര്‍ഭച്ഛിദ്ര മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്ന സ്ത്രീകള്‍ക്ക് അപകടകരമായ പല ആരോഗ്യപ്രശ്നങ്ങളും നേരിടേണ്ടി വരാറുണ്ട്. അപൂര്‍ണ്ണമായ ഗര്‍ഭച്ഛിദ്രം( ഗര്‍ഭപാത്രത്തില്‍ നിന്നും ഗര്‍ഭസ്ഥശിശുവിന്റെ ടിഷ്യു മുഴുവനായും നീക്കം ചെയ്യാനാകാതിരിക്കുക) അനിയന്ത്രിതമായ രക്തസ്രാവം, അണുബാധ, ഗര്‍ഭാശയത്തില്‍ സുഷിരങ്ങളുണ്ടാവുക (മൂര്‍ച്ചയുള്ള വസ്തുക്കള്‍ ഗര്‍ഭപാത്രത്തിന് മുറിവേല്‍ക്കുമ്പോള്‍ സംഭവിക്കുന്നത്) ജനനേന്ദ്രിയത്തിനും ആന്തരാവയവങ്ങള്‍ക്കും ക്ഷതമേല്‍ക്കുക (വടിയോ തുന്നല്‍ സൂചിയോ കുപ്പിച്ചില്ലോ യോനിയിലോ മലദ്വാരത്തിലോ കയറ്റുമ്പോഴാണ് ഇത്തരത്തില്‍ വലിയ ക്ഷതങ്ങള്‍ ഉണ്ടാകുന്നത്) തുടങ്ങിയ നിരവധി പ്രശ്നങ്ങള്‍. ഇത് പലരെയും നിത്യരോഗികളാക്കുമ്പോള്‍ ചിലരെ മരണത്തിലേക്ക് നയിക്കുന്നു. ദേഷ്യം, ഉത്കണ്ഠ, നിരാശ എന്നീ മാനസിക പ്രശ്നങ്ങളും ഉടലെടുക്കുന്നു. ഇതിനൊപ്പം സാമ്പത്തിക പ്രയാസങ്ങള്‍ കൂടി വരുമ്പോള്‍ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നു.

ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകള്‍ക്ക് ഗര്‍ഭനിരോധനമാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതില്‍ കൂടുതല്‍ പ്രയാസം നേരിടുന്നുണ്ടോ ?

തീര്‍ച്ചയായും. ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകളുടെ കാര്യം മറ്റുള്ളവരേക്കാള്‍ പരിതാപകരമാണ്. കാരണം

സാമൂഹിക ഘടകങ്ങള്‍: ഗര്‍ഭനിരോധന മാര്‍ഗങ്ങളെ സംബന്ധിച്ചുള്ള പുരാതനമായ അബദ്ധ ധാരണകളും സ്റ്റിഗ്മയും ഇവ ഉപയോഗിക്കുന്നതില്‍ നിന്നും ആളുകളെ തടയുന്നു.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍: ഗതാഗതസംവിധാനങ്ങള്‍ക്ക് ഉള്‍പ്പെടെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മരുന്നുകടകളിലും ആശുപത്രികളിലും ഗര്‍ഭനിരോധന വസ്തുക്കളുടെ ലഭ്യതയില്‍ വലിയ കുറവുണ്ടാക്കി.

ആരോഗ്യസംവിധാനങ്ങളിലെ പ്രശ്നങ്ങള്‍: ആശ വര്‍ക്കര്‍മാരുടെ നേതൃത്വത്തില്‍ വിതരണം ചെയ്തിരുന്ന ഗര്‍ഭനിരോധന വസ്തുക്കളെയാണ് ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകള്‍ പ്രധാനമായും ആശ്രയിക്കുന്നത്. ആശ വര്‍ക്കര്‍മാര്‍ കൊവിഡ് 19 നിയന്ത്രണപദ്ധതികളുടെ ഭാഗമായതോടെ അത് ഈ വിതരണത്തെയും ബാധിച്ചു.

കൊവിഡ് 19 ടെസ്റ്റിംഗ് നിര്‍ബന്ധമാക്കുന്നതിന്റെ കൂടി പശ്ചാത്തലത്തില്‍ ആശുപത്രികളില്‍ ഗര്‍ഭച്ഛിദ്രത്തിന് ചെലവാകുന്ന തുകയും വര്‍ധിക്കാന്‍ സാധ്യതയില്ലേ? അങ്ങിനെയെങ്കില്‍ ഇനിയും സ്ത്രീകള്‍ സുരക്ഷിതമല്ലാത്ത മാര്‍ഗങ്ങള്‍ തന്നെ സ്വീകരിക്കാന്‍ നിര്‍ബന്ധിക്കപ്പെടില്ലേ? ഇത് തടയാന്‍ എന്തു ചെയ്യാനാകും?

സാധാരണ സമയത്ത് പോലും ഇന്ത്യയില്‍ നടക്കുന്ന ഗര്‍ഭച്ഛിദ്രങ്ങളില്‍ 73 ശതമാനവും ആശുപത്രികളില്ല നടക്കുന്നതെന്ന് നേരത്തെ തന്നെ സൂചിപ്പിച്ചല്ലോ. മരുന്നുകടകളില്‍ നിന്നും ലഭിക്കുന്ന ഗര്‍ഭച്ഛിദ്ര ഗുളികകളാണ് മഹാഭൂരിപക്ഷവും ഉപയോഗിക്കുന്നത്. ഇപ്പോള്‍ ആശുപത്രികളില്‍ വെച്ച് ഗര്‍ഭച്ഛിദ്രം നടത്താന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് ഗര്‍ഭച്ഛിദ്രത്തിനായി ചെലവാക്കുന്ന തുകയിലും വര്‍ധനവുണ്ടാക്കും.

ആറാം മാസത്തിലോ മറ്റോ എത്തുന്നവര്‍ക്കാണ് വലിയ തുക ചെലവാക്കേണ്ടി വരിക. ലാബ് ടെസ്റ്റുകള്‍, ആശുപത്രികളില്‍ അഡ്മിറ്റാകുമ്പോള്‍ നല്‍കേണ്ട തുക, മുറി വാടക തുടങ്ങിയവ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. കൂടാതെ ഇപ്പോള്‍ കൊവിഡ് 19 അനുബന്ധിയായ ടെസ്റ്റുകളും നടത്തേണ്ടി വരുന്നു. ഇതിനെല്ലാം പുറമേയാണ് ആശുപത്രികളിലേക്ക് എത്താനുള്ള യാത്ര ചെലവ്.

ഇക്കാര്യങ്ങളുടെ പശ്ചാത്തലത്തില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമായി ഗര്‍ഭച്ഛിദ്രം നടത്താനാകണമെങ്കില്‍ സര്‍ക്കാര്‍ തലത്തിലും സ്വകാര്യതലത്തിലും ആവശ്യമായ ആരോഗ്യസംവിധാനങ്ങള്‍ ഓരോ പ്രദേശത്തും നിലവില്‍ വരേണ്ടതുണ്ട്. ഇതിനായി എത്രയും വേഗം നിലവിലുള്ള സൗകര്യങ്ങളെക്കുറിച്ച് പഠനം നടത്തണം. സ്വകാര്യ ആശുപത്രികളിലെ ഫീസുകളില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരണം. സാമ്പത്തികമായി പിന്നോക്കവസ്ഥയിലുള്ള സ്ത്രീകള്‍ക്ക് ആശുപത്രികളിലെത്താനുള്ള വാഹനസൗകര്യവും ഉറപ്പാക്കേണ്ടതുണ്ട്.

ലോക്ക്ഡൗണ്‍ സമയത്ത് സ്ത്രീകള്‍ക്ക് ഗര്‍ഭനിരോധന/ ഗര്‍ഭച്ഛിദ്ര മാര്‍ഗങ്ങളുടെ ലഭ്യത ഉറപ്പ് വരുത്തുന്നതില്‍ സര്‍ക്കാര്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കേണ്ടിയിരുന്നത്? ഇനി ഇത്തരം അടിയന്തര സാഹചര്യങ്ങള്‍ വരുമ്പോള്‍ ഈ വിഷയത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ?

ഗര്‍ഭനിരോധന മാര്‍ഗങ്ങളുടെ ലഭ്യതക്കുറവും ഗര്‍ഭച്ഛിദ്രമടക്കമുള്ള എസ്.ആര്‍.എച്ച് സേവനങ്ങളിലെ പരിമിതികളും വരുത്തിവെക്കുന്ന സങ്കീര്‍ണ്ണമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഗൗരവമായി പരിഗണിക്കാന്‍ തുടങ്ങണം. രാജ്യത്തിന്റെ ദുരന്തനിവാരണ പദ്ധതികളില്‍ ലൈംഗിക – പ്രത്യുല്‍പാദന ആരോഗ്യവും ഉള്‍പ്പെടുത്തണം. അടിയന്തര സാഹചര്യങ്ങളില്‍ ഈ സേവനങ്ങള്‍ മുടക്കമില്ലാതെ ലഭിക്കാനും ഇവ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ അനിവാര്യ ഘടകമാക്കാനും സര്‍ക്കാരുകള്‍ ശ്രദ്ധിക്കണം.

ചെക്ക്-അപ്പുകള്‍, മൊബൈല്‍ ക്ലിനിക്കുകള്‍, ടെലി – മെഡിസിന്‍ തുടങ്ങിയ സേവനങ്ങളെല്ലാം ലഭ്യമാക്കണം. ഗര്‍ഭനിരോധന ഗുളികളും ഗര്‍ഭച്ഛിദ്രത്തിനുള്ള മരുന്നുകളും ഏത് അടിയന്തരഘട്ടത്തിലും മുടക്കമില്ലാതെ ലഭ്യമാകേണ്ടതുണ്ട്.

ആശ വര്‍ക്കര്‍മാര്‍ അടക്കമുള്ള പ്രാഥമിക ആരോഗ്യപ്രവര്‍ത്തകര്‍ വഴി ഗര്‍ഭച്ഛിദ്രം നടത്താന്‍ ആവശ്യമുള്ളവര്‍ക്ക് അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ സാധിക്കണം.

അധിക യാത്ര ചെലവും ആശുപത്രികളിലെത്തുന്നവര്‍ക്ക് ചെലവാക്കേണ്ടി വരുന്ന ഔട്ട് ഓഫ് പോക്കറ്റ് ചെലവുകളും കുറക്കാന്‍ സാധിക്കണം.

പൊതുജനങ്ങള്‍ക്ക് ആരോഗ്യവിഷയങ്ങളിലെ കൃത്യവും വ്യക്തവുമായ വിവരങ്ങള്‍ സ്ഥിരമായി ലഭിക്കുണ്ടെന്ന് ഉറപ്പ് വരുത്തണം. രോഗം പകരുമെന്ന് പേടിച്ച് ആശുപത്രികളിലെത്താതിരിക്കുന്നത് സൃഷ്ടിക്കുന്ന ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് ജനങ്ങള്‍ ബോധവാന്മാരാകണം. ഏത് അടിയന്തരഘട്ടങ്ങളിലായാലും ഗര്‍ഭനിരോധനവും ഗര്‍ഭച്ഛിദ്രവും സംബന്ധിച്ച വിഷയങ്ങളില്‍ ആശുപത്രികളിലെത്താനും ഡോക്ടര്‍മാരുടെ സേവനം തേടാനും സ്ത്രീകള്‍ മുന്നോട്ടുവരണം. അതിനാവശ്യമായ സൗകര്യങ്ങളും ബോധവത്കരണവും നടക്കുകയും വേണം.

This article first appeared on IndiaSpend, a data-driven and public-interest journalism non-profit.

മൊഴിമാറ്റം : അന്ന കീര്‍ത്തി ജോര്‍ജ്

(ഐ.പി.എസ്.എം.എഫ് സഹകരണത്താല്‍ ഇന്ത്യാസ്‌പെന്‍ഡിന്റെ  അനുമതിയോടെ പ്രസിദ്ധീകരിക്കുന്നത്)

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അനോ ഭുയന്‍, ഇന്ത്യാസ്‌പെന്‍ഡ്‌
ഇന്ത്യാസ്‌പെന്‍ഡില്‍ ആരോഗ്യം, നീതിന്യായ വ്യവസ്ഥ, സാങ്കേതികവിദ്യ, സാമൂഹ്യനീതി, ലിംഗനീതി തുടങ്ങിയവ കൈകാര്യം ചെയ്യുന്നു.