| Wednesday, 2nd November 2022, 12:53 pm

നീതി, സമത്വം, സ്വാതന്ത്ര്യം; ആര്‍ഷഭാരതസംസ്‌കാര വാദിയെ കൊണ്ട് ആയിരംവട്ടം ഇംപോസിഷന്‍ എഴുതിക്കുന്ന ജഡ്ജി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നമ്മുടെ സമൂഹം എത്രത്തോളം സ്ത്രീവിരുദ്ധമാണെന്നും ഒരു പെണ്‍കുട്ടി ജനിക്കുന്ന നാള്‍ മുതല്‍ ഏതെല്ലാം രീതിയിലുള്ള വിവേചനങ്ങള്‍ അവള്‍ നേരിടുന്നുവെന്നൊക്കെ വളരെ ലളിതമായി പ്രേക്ഷകന് കാണിച്ചുകൊടുക്കുന്ന ചിത്രമാണ് വിപിന്‍ദാസിന്റെ സംവിധാനത്തിലൊരുങ്ങിയ ജയ ജയ ജയ ജയ ഹേ.

കുടുംബത്തിലും സമൂഹത്തിലും ഒരു സ്ത്രീയ്ക്ക് യഥാര്‍ത്ഥത്തില്‍ എന്താണ് ആവശ്യമെന്ന് പ്രേക്ഷകനെ ബോധ്യപ്പെടുത്തുക കൂടിയാണ് ചിത്രം. സിനിമയിലെ ഓരോ കഥാപാത്രങ്ങളേയും അത്തരത്തില്‍ പ്ലേസ് ചെയ്ത് വളരെ സ്വാഭാവികമായ കഥാപരിസരത്തിലൂടെ സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ചും സമത്വത്തെ കുറിച്ചുമൊക്കെ സംവിധായകന്‍ വളരെ കൃത്യമായ നിലപാട് പറയുന്നുണ്ട്.

spoiler Alert

ചിത്രത്തില്‍ ക്ലൈമാക്‌സിനോട് അടുത്ത രംഗത്തില്‍ ഒരു കോടതി മുറി കടന്നുവരുന്നുണ്ട്. ജഡ്ജിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് നടി മഞ്ജു പിള്ളയാണ്.

ഭാര്യയായ ജയയില്‍ നിന്നും വിവാഹമോചനം തേടിയെത്തുന്ന ബേസിലിന്റെ കഥാപാത്രമായ രാജേഷിനോട് ഒരു കുടുംബ ജീവിതത്തില്‍ സ്ത്രീക്ക് വേണ്ട മൂന്ന് പ്രധാനപ്പെട്ട കാര്യങ്ങളെ കുറിച്ച് ജഡ്ജി ചോദിക്കുന്നുണ്ട്. അങ്ങനെ പെട്ടെന്ന് ചോദിച്ചാല്‍ പറയാന്‍ ബുദ്ധിമുട്ടാണെന്ന് പറയുന്ന രാജേഷിനോട് സമയമെടുത്ത് ആലോചിച്ച് പറയാനാണ് ജഡ്ജി ആവശ്യപ്പെടുന്നത്.

അനുസരണ, കൈപുണ്യം, പാചകം എന്ന ഉത്തരമാണ് ഇതോടെ രാജേഷ് നല്‍കുന്നത്. രാജേഷിന്റെ മറുപടി കേട്ട് പിറകിലിരിക്കുന്ന ബന്ധുവായ അനിയണ്ണന്റെ കഥാപാത്രം സംസ്‌കാരം എന്ന് കൂടി പറയാനാണ് രാജേഷിനെ നിര്‍ബന്ധിക്കുന്നത്. അസീസ് നെടുമങ്ങാടാണ് അനിയണ്ണനായി ചിത്രത്തില്‍ എത്തിയത്.

അനിയണ്ണന്റെ ഇടപെടല്‍ മനസിലാക്കുന്ന ജഡ്ജി ഇയാളോട് ഒരു കുടംബജീവിതത്തില്‍ സ്ത്രീക്ക് വേണ്ട മൂന്ന് പ്രധാനപ്പെട്ട കാര്യങ്ങള്‍ എന്താണെന്ന് പറയാന്‍ ആവശ്യപ്പെടുന്നുണ്ട്. ഈ ചോദ്യത്തിന് വളരെ കോണ്‍ഫിഡന്‍സോടെ ഭക്തി, സംസ്‌കാരം, കുട്ടികള്‍ എന്ന മറുപടിയാണ് അനിയണ്ണന്‍ നല്‍കുന്നത്.

ഒരു സ്ത്രീയ്ക്ക് വേണ്ടത് ഇതൊന്നുമല്ലെന്നും നീതിയും സമത്വവും സ്വാതന്ത്ര്യവുമാണെന്ന് തുടര്‍ന്ന് പറയുന്ന ജഡ്ജി 1000 തവണ ഇംപോസിഷന്‍ എഴുതി വരാനാണ് അനിയണ്ണനോട് പറയുന്നത്.

ഭക്തിയും സംസ്‌കാരവും കുട്ടികളെ ഉണ്ടാക്കലുമാണ് സ്ത്രീയുടെ കടമയെന്ന് വിശ്വസിക്കുന്ന അനിയണ്ണനെ പോലുള്ള ആര്‍ഷഭാരത സംസ്‌കാരവാദിയെ എല്ലാ അര്‍ത്ഥത്തിലും പൊളിച്ച് കയ്യില്‍ കൊടുക്കുകയാണ് ഈ രംഗത്തിലൂടെ സംവിധായകന്‍.

ഒരു പെണ്‍കുട്ടിയുടെ ചിന്തയിലൂടെയും അവളുടെ കാഴ്ചപ്പാടിലൂടെയുമാണ് ചിത്രം ആരംഭിക്കുന്നത്. ഓരോ രംഗങ്ങളിലൂടെയും സമൂഹം എത്രത്തോളം സ്ത്രീവിരുദ്ധമാണെന്ന് കാണിക്കാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്.

നീതി, സമത്വം, സ്വാതന്ത്ര്യമെന്ന് ഒരു പുരുഷനെ കൊണ്ട് ആയിരം വട്ടം ഇംപോസിഷന്‍ എഴുതിച്ച് മനുഷ്യമനസുകളില്‍ വേരുറപ്പിച്ച ചില ചിന്തകളെ തിരുത്തിക്കാന്‍ ശ്രമിക്കുക കൂടിയാണ് ചിത്രം.

Content Highlight: The Core Content of Jaya Jaya Jaya Jaya he Movie and the Gender Politics

We use cookies to give you the best possible experience. Learn more