| Friday, 22nd November 2024, 8:36 am

'ഭരണഘടന ജീവന്റെ വാഹനവും കാലത്തിന്റെ ആത്മാവും'; സജി ചെറിയാനെതിരായ ഉത്തരവില്‍ ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: മന്ത്രി സജി ചെറിയാനെതിരായ ഉത്തരവില്‍ ഭരണഘടനാ ശില്‍പിയായ ബി.ആര്‍. അംബേദ്ക്കറിന്റെ വാചകം ഉദ്ധരിച്ച് ഹൈക്കോടതി. ഭരണഘടനയെ അവഹേളിച്ച പ്രസംഗത്തിനെതിരായ കേസിലാണ് കോടതിയുടെ പരാമര്‍ശം.

ഭരണഘടന ജീവന്റെ വാഹനവും കാലത്തിന്റെ ആത്മാവുമാണെന്നുമാണ് കോടതി പറഞ്ഞത്.

‘ഇന്ത്യന്‍ ഭരണഘടന കേവലം നിയമജ്ഞര്‍ക്കുള്ള രേഖയല്ല, ജീവന്റെ വാഹനവും കാലത്തിന്റെ ആത്മാവുമാണ്,’ എന്നാണ് കോടതി പറഞ്ഞത്.

ഭരണഘടന വിമര്‍ശനത്തിന് അതീതമല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, സജി ചെറിയാന്റെ പ്രസംഗത്തിലെ ആദ്യഭാഗം ഭരണഘടനയോടുള്ള അനാദരവാണെന്നതില്‍ സംശയമില്ലെന്നും പറഞ്ഞു. കുന്തം, കൊടച്ചക്രം എന്നിങ്ങനെ മന്ത്രി ഉപയോഗിച്ച വാക്കുകള്‍ എന്താണെന്ന് നിര്‍വചിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല. ഇതിനെ തുടര്‍ന്നാണ് മന്ത്രിക്കെതിരായ കേസില്‍ പുനരന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.

ഇന്നലെയാണ് സജി ചെറിയാനെതിരെ കോടതി നടപടിയെടുത്തത്. ഉത്തരവില്‍, ഭരണഘടനയിലെ വ്യവസ്ഥകളില്‍ മാറ്റം വരുത്തുന്നതിനും ഭേദഗതി ആവശ്യപ്പെടുന്നതിനും നിയമം അനുവദിക്കുന്നുണ്ടെന്ന് കോടതി പറയുന്നു. എന്നാല്‍ മന്ത്രി സജി ചെറിയാന്‍ അത്തരമൊരു ഉദ്ദേശത്തോടെയുള്ള പരിപാടിയിലല്ല പങ്കെടുത്തതെന്നും കോടതി പറഞ്ഞു.

മല്ലപ്പള്ളിയില്‍ നടന്ന സി.പി.ഐ.എം യോഗത്തിലെ പ്രസംഗത്തിനിടെ ഭരണഘടനയെ ആക്ഷേപിച്ച് സംസാരിച്ചുവെന്നായിരുന്നു സജി ചെറിയാനെതിരായ കേസ്. പരിപാടിയുടെ കൃത്യമായ ലക്ഷ്യം എന്തായിരുന്നു എന്ന് കണ്ടെത്തുന്നതിനായി കൂടുതല്‍ തെളിവുകള്‍ പരിശോധിക്കാതെ സംസ്ഥാന പൊലീസ് കേസ് തീര്‍പ്പാക്കുകയായിരുന്നു.

ഓഡിയോ-വീഡിയോ ക്ലിപ്പുകള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ പരിശോധിക്കാതെ എങ്ങനെയാണ് കേസ് തീര്‍പ്പാക്കുന്നതെന്നാണ് കോടതി ചോദിച്ചത്. പിന്നാലെ തുടര്‍ന്ന് കേസിലെ പൊലീസിന്റെ അന്തിമ റിപ്പോര്‍ട്ട് കോടതി റദ്ദാക്കുകയും ചെയ്തു. പ്രസംഗത്തില്‍ ഭരണഘടനയെ അവഹേളിച്ചിട്ടില്ലെന്നായിരുന്നു പൊലീസ് റിപ്പോര്‍ട്ട്.

കോടതി ഉത്തരവിനെ തുടര്‍ന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍, മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ താന്‍ രാജിവെക്കില്ലെന്നും അന്വേഷണത്തെ നേരിടുമെന്നുമാണ് സജി ചെറിയാന്‍ പ്രതികരിച്ചത്. കോടതി ഉന്നയിച്ചത് അന്വേഷണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മാത്രമാണ്. അന്വേഷണത്തില്‍ ഒരു ധാര്‍മിക പ്രശ്നവുമില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.

നിയമോപദേശം തേടിയതിന് ശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

ഭരണഘടനയെയും ദേശീയ പതാകയേയും അവഹേളിക്കുന്നത് മൂന്ന് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ്.

Content Highlight: ‘The Constitution is the vehicle of life and the soul of the age’; High Court in its order against Saji Cherian

We use cookies to give you the best possible experience. Learn more