| Saturday, 18th March 2023, 5:11 pm

ഭരണഘടനയില്‍ ലക്ഷ്മണരേഖയുണ്ട്; നിയമനങ്ങളില്‍ ജഡ്ജിമാര്‍ ഇടപെടേണ്ട: കിരണ്‍ റിജിജു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ തെരഞ്ഞെടുക്കേണ്ടതെങ്ങനെയെന്ന് ഭരണഘടനയില്‍ പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ അതിന് കാര്യക്ഷമമായ രീതി പാര്‍ലമെന്റില്‍ ഇല്ലെന്നും കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു. ഭരണഘടനയില്‍ ‘ലക്ഷ്മണ രേഖ’ വളരെ വ്യക്തമായുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീണര്‍മാരുടെ നിയമനത്തിനായി ഒരു പാനല്‍ നിയോഗിക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടതിനെ സംബന്ധിച്ച് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇന്ത്യ ടുഡേ കോണ്‍ഗ്ലേവില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ലക്ഷ്മണ രേഖാ പ്രയോഗം ഉപയോഗിച്ചത്.

താന്‍ സുപ്രീം കോടതിയുടെ വിധിയെ വിമര്‍ശിക്കുകയോ സര്‍ക്കാരിന്റെ പ്രതികരണത്തെക്കുറിച്ച് സംസാരിക്കുകയോ ചെയ്യില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ചീഫ് ജസ്റ്റിസും മറ്റ് സുപ്രീം കോടതി ജഡ്ജിമാരും ഇത്തരത്തില്‍ സുപ്രധാന നിയമനങ്ങളില്‍ ഇരുന്നാല്‍ ജുഡീഷ്യറിയുടെ കാര്യം ആര് നോക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘രാജ്യത്ത് നിരവധി ഭരണപരമായ കാര്യങ്ങളുണ്ട്. ജഡ്ജിമാര്‍ക്ക് പ്രാഥമികമായി ചെയ്യാനുള്ളത് നീതിന്യായ വ്യവസ്ഥയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. അവര്‍ ജനങ്ങള്‍ക്ക് നീതി നല്‍കാനാണ് ഇരിക്കുന്നത്,’ റിജിജു പറഞ്ഞു.

ഭരണപരമായ കാര്യങ്ങളില്‍ ജഡ്ജിമാര്‍ ഇടപ്പെട്ടാല്‍ അവര്‍ തീര്‍ച്ചയായും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുമന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘നിങ്ങള്‍ ഒരു ചീഫ് ജസ്റ്റിസോ ജഡ്ജിയോ ആണെന്ന് കരുതുക. നിങ്ങള്‍ ഒരു ഭരണപരമായ വിഷയത്തില്‍ ഇടപെടുകയോ ആ വിഷയം കോടതിക്ക് മുമ്പാകെ വരികയോ ചെയ്യുന്നു. ആ വിഷയത്തില്‍ നിങ്ങള്‍ക്ക് വിധി പറയാന്‍ സാധിക്കുമോ.

അവിടെ നീതിയുടെ തത്വം തന്നെ വിട്ടുവീഴ്ച ചെയ്യേണ്ടി വരും. അതുകൊണ്ടാണ് ഭരണഘടനയില്‍ വ്യക്തമായി ലക്ഷ്മണ രേഖയുള്ളത്,’ റിജിജു പറഞ്ഞു.

നേരത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെയും, തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെയും നിയമിക്കുന്നതിന് ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി, ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന സമിതി രൂപീകരിക്കാന്‍ സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.

content highlight: The Constitution has the Lakshmana Rekha; Judges should intervene in appointments: Kiran Rijiju

We use cookies to give you the best possible experience. Learn more