ന്യൂദല്‍ഹി: 1950ല്‍ നമുക്കുണ്ടായിരുന്ന ഭരണഘടന കാലഹരണപ്പെട്ട് പോയെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയര്‍മാന്‍ ബിബേക് ദെബ്രോയ്. ഭരണഘടനയുടെ ആമുഖത്തിലെ സോഷ്യലിസം, മതേതരത്വം, ജനാധിപത്യം, നീതി, സ്വാതന്ത്ര്യം, തുല്യത എന്നീ വാക്കുകള്‍ കൊണ്ട് എന്താണ് ഇപ്പോള്‍ അര്‍ത്ഥമാക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
സ്വാതന്ത്ര്യ ദിനത്തില്‍ ‘ഞങ്ങള്‍ ജനങ്ങള്‍ക്ക് പുതിയ ഭരണഘടന സ്വീകരിക്കാനുള്ള സാഹചര്യമുണ്ട്’ എന്ന തലക്കെട്ടോട് കൂടി ദി മിന്റ് പത്രത്തിലെഴുതിയ ലേഖനത്തിലാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചത്.
‘1950-ല്‍ നമുക്ക് പാരമ്പര്യമായി ലഭിച്ച ഭരണഘടനയല്ല നമ്മുടെ കൈവശമുള്ളത്. 1973 മുതല്‍ ഭരണഘടനയുടെ അടിസ്ഥാന ഘടന മാറ്റാന്‍ കഴിയില്ലെന്ന് ഞങ്ങളോട് പറഞ്ഞിട്ടുണ്ടെങ്കിലും അത് ഭേദഗതി ചെയ്തിട്ടുണ്ട്. എന്നാല്‍ എല്ലായ്‌പ്പോഴും ഭേദഗതി ചെയ്യുന്നത് നല്ലതിനല്ല.
ഞാന്‍ മനസിലാക്കുന്നിടത്തോളം 1973ലെ കോടതി വിധി നിലവിലുള്ള ഭരണഘടനയ്ക്കാണ് ബാധകം. പുതിയ ഒന്നിനല്ല,’ അദ്ദേഹം പറഞ്ഞു.
ലിഖിത ഭരണഘടനയ്ക്ക് വെറും 17 വര്‍ഷം മാത്രമേ ആയുസുള്ളുവെന്നും ഒരു പഠനത്തെ ഉദ്ധരിച്ച് ദെബ്രോയ് പറഞ്ഞു.
‘1935ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ട് പ്രകാരമുള്ള ഭരണഘടനയാണ് നമ്മുടേത്. ഇത് ഒരു കൊളോണിയല്‍ പാരമ്പര്യത്തിന്റെ ഭാഗമാണ്. നമ്മള്‍ ചര്‍ച്ച ചെയ്യുന്ന കാര്യങ്ങളില്‍ ഭൂരിഭാഗവും ആരംഭിക്കുന്നതും അവസാനിക്കുന്നതും ഭരണഘടനയില്‍ നിന്നാണ്. ഭരണഘടന ആമുഖത്തിലെ സോഷ്യലിസം, മതേതരത്വം, ജനാധിപത്യം, നീതി, സ്വാതന്ത്ര്യം, തുല്യത എന്നീ വാക്കുകള്‍ എന്താണ് ഇപ്പോള്‍ അര്‍ത്ഥമാക്കുന്നത്. ജനങ്ങള്‍ തന്നെ സ്വയം ഒരു പുതിയ ഭരണഘടനക്ക് രൂപം നല്‍കണം,’ അദ്ദേഹം ലേഖനത്തില്‍ പറഞ്ഞു.
എന്നാല്‍ ദെബ്രോയ്‌യുടേത് വ്യക്തിപരമായ അഭിപ്രായമാണെന്ന് സാമ്പത്തിക ഉപദേശക സമിതി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തു.
‘ബിബേക് ദെബ്രോയ് അടുത്തിടെ എഴുതിയ ലേഖനം അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണ്. ഒരു തരത്തിലും അത് കേന്ദ്ര സര്‍ക്കാരിന്റെയോ സാമ്പത്തിക ഉപദേശക സമിതിയുടെയോ അഭിപ്രായമല്ല,’ അവര്‍ പറഞ്ഞു.
അതേസമയം താന്‍ നടത്തിയത് വ്യക്തിപരമായ അഭിപ്രായമാണെന്ന് ദെബ്രോയ് എ.എന്‍.ഐയോട് കഴിഞ്ഞ ദിവസം വ്യക്തമാക്കി.
‘ഒരാള്‍ ഒരു ലേഖനം എഴുതുന്നത് അയാളുടെ വ്യക്തിപരമായ കാഴ്ചപ്പാടിലൂന്നിയായിരിക്കും. ആ വ്യക്തി നിലനില്‍ക്കുന്ന സ്ഥാപനവുമായി അതിന് ഒരു ബന്ധവുമുണ്ടായിരിക്കില്ല. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഈ ലേഖനത്തിലെ കാഴ്ചപ്പാടുകളെ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ അഭിപ്രായമായി പലരും ആരോപിക്കുന്നുണ്ട്. സമിതിയുടെ ഔദ്യോഗിക അഭിപ്രായങ്ങള്‍ വെബ്‌സൈറ്റിലോ ട്വീറ്റിലോ പങ്കുവെക്കും.
നേരത്തെയും സമാന രീതിയിലുള്ള അഭിപ്രായങ്ങള്‍ ഞാന്‍ പങ്കുവെച്ചിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു.
അതേസമയം ഭരണഘടനയെ പുനര്‍വിചിന്തനം ചെയ്യണമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ഇത് വിവാദമാക്കേണ്ടതില്ലെന്നും ദെബ്രോയ് പറഞ്ഞു.
‘ഭരണഘടനയെ പുനര്‍വിചിന്തനം ചെയ്യണമെന്ന് ഞാന്‍ കരുതുന്നു. ഇത് വിവാദമാക്കേണ്ട കാര്യമില്ല. കാരണം, ലോകത്തിലെ ഏത് രാജ്യവും ഒരിക്കലെങ്കിലും ഭരണഘടനയെ പുനര്‍വിചിന്തനം ചെയ്യുന്നുണ്ട്. ഭേദഗതിയിലൂടെ നമ്മളും അത് ചെയ്യുന്നുണ്ട്.
ഇന്ത്യന്‍ ഭരണഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഒരു കമ്മീഷന്‍ രൂപീകരിച്ചിട്ടുണ്ട്. ഭരണഘടനാ അസംബ്ലിയിലും 1953 സെപ്റ്റംബര്‍ രണ്ടിന് രാജ്യസഭയിലും നടത്തിയ പ്രസ്താവനകളില്‍ ഡോ. ബി.ആര്‍ അംബേദ്ക്കറും ഭരണഘടനയെ പുനപരിശോധിക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ ഇത് ബൗദ്ധിക ചര്‍ച്ചയ്ക്കുള്ള വിഷയമാണ്,’ അദ്ദേഹം പറഞ്ഞു.
content highlights: The Constitution has expired; What democracy and freedom mean now; Advisor to Modi