ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചുവരവ് നടത്തി കോണ്‍ഗ്രസ്; മഹാരാഷ്ട്രയിലെ കസബ പേട്ടിലെ വിജയം 28 വര്‍ഷത്തെ ബി.ജെ.പി കുത്തക അവസാനിപ്പിച്ച്
national news
ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചുവരവ് നടത്തി കോണ്‍ഗ്രസ്; മഹാരാഷ്ട്രയിലെ കസബ പേട്ടിലെ വിജയം 28 വര്‍ഷത്തെ ബി.ജെ.പി കുത്തക അവസാനിപ്പിച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 2nd March 2023, 3:59 pm

ന്യൂദല്‍ഹി: മേഘാലയ, നാഗാലാന്‍ഡ്, ത്രിപുര സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ക്കൊപ്പം നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വലിയ വിജയം.

തമിഴ്‌നാട്ടിലെ ഈറോഡ് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ഡി.എം.കെ സഖ്യത്തില്‍ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയമുറപ്പിച്ചു. 40,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് നേതാവായ ഇ.വി.കെ.എസ് ഇളങ്കോവന്‍ ഇവിടെ വിജയത്തിലേക്കടുക്കുന്നത്.

മഹാരാഷ്ട്രയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് സീറ്റുകളില്‍ ഒരു സീറ്റില്‍ ബി.ജെ.പിയും മറ്റൊരു സീറ്റില്‍ കോണ്‍ഗ്രസും മുന്നിലാണ്. കസബ പേട്ട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് ചരിത്ര വിജയത്തിലേക്ക് അടുക്കുകയാണ്.

28 വര്‍ഷത്തെ ബി.ജെ.പി കുത്തക തകര്‍ത്തെറിഞ്ഞു കൊണ്ടാണ് കോണ്‍ഗ്രസിന്റെ രവീന്ദ്ര ധന്‍ഗേകര്‍ കസബ പേട്ട് പിടിച്ചെടുത്തത്. സിറ്റിങ് സീറ്റായ ചിന്‍ച്വാദ് മണ്ഡലത്തില്‍ ബി.ജെ.പിയാണ് മുന്നില്‍.

പശ്ചിമ ബംഗാളില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന സാഗര്‍ദിഗി നിമസഭാ മണ്ഡലത്തില്‍ 51 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസ് വിജയത്തിലേക്ക് അടുക്കുകയാണ്.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബയ്റോണ്‍ ബിശ്വാസ് 14000ത്തലധികം വോട്ടുകള്‍ക്കാണ് മുന്നിട്ട് നില്‍ക്കുന്നത്. ഇവിടെ വിജയിക്കാനായാല്‍ ഈ ടേമിലെ കോണ്‍ഗ്രസിന്റെ ആദ്യ സീറ്റായിരിക്കും ഇത്.