ന്യൂദല്‍ഹി: പാചകവാതക വില കുത്തനെ കൂട്ടിയ നടപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും.
പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുജനങ്ങള്‍ക്ക് ഒഴിഞ്ഞ വയറ്റില്‍ ഉറങ്ങേണ്ട അവസ്ഥ വരുത്തിവെച്ചിരിക്കുകയാണെന്ന് രാഹുല്‍ പറഞ്ഞു.
” പൊതുജനങ്ങളെ ഒഴിഞ്ഞ വയറ്റില്‍ ഉറങ്ങാന്‍ നിര്‍ബന്ധിക്കുന്നയാള്‍ സുഹൃത്തുക്കളുടെ തണല്‍ പറ്റി ഉറങ്ങുകയാണ്. എന്നാല്‍ രാജ്യം അനീതിക്കെതിരെ ഒന്നിക്കുകയാണ്,” അദ്ദേഹം ട്വീറ്റ് ചെയ്തു.
മോദിയുടെ ശതകോടീശ്വര സുഹൃത്തുക്കളുടെ വരുമാനം വര്‍ധിക്കുക മാത്രമാണ് ഇപ്പോള്‍ നടക്കുന്ന വികസനമെന്ന് പ്രിയങ്ക പറഞ്ഞു.
പ്രധാനമന്ത്രിയുടെ കീഴില്‍ രണ്ട് തരം വികസനമാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും ഒരു വശത്ത്, മോദിയുടെ ശതകോടീശ്വര സുഹൃത്തുക്കളുടെ വരുമാനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും മറുവശത്ത്, സാധാരണക്കാര്‍ക്കാവശ്യമായ വസ്തുക്കളുടെ വില വര്‍ധിക്കുകയാണെന്നുമാണ് പ്രിയങ്ക ഗാന്ധി പറഞ്ഞു.
രാജ്യത്ത് പാചകവാതകത്തിനുള്ള വില കുത്തനെ കൂട്ടിയിരുന്നു. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25.50 രൂപയും, വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 73.50 രൂപയുമാണ് കൂട്ടിയത്.
എല്ലാ മാസവും ഒന്നാം തിയ്യതി പാചകവാതക വില പുതുക്കി നിശ്ചയിക്കുന്നതിന്റെ ഭാഗമായിട്ടാണ് വില കൂട്ടിയത്. ഇതോടെ ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 867 രൂപയും വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 1623.50 രൂപയുമായി.
കഴിഞ്ഞ മാസവും പാചകവാതകത്തിന് വില കൂട്ടിയിരുന്നു. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന് 25.50 രൂപയും വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 80 രൂപയുമായിരുന്നു ആഗസ്റ്റ് മാസം കൂട്ടിയത്.