ലോക്‌സഭ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ശേഷം 12 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകള്‍ക്കും 2022ലെ നിയമസഭ തെരഞ്ഞെടുപ്പിനും ഒരുക്കങ്ങള്‍ ആരംഭിച്ച് യു.പിയിലെ കോണ്‍ഗ്രസ്. കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാജ് ബബ്ബറാണ് ഇക്കാര്യത്തെ കുറിച്ച് പ്രതികരിച്ചത്.
12നിയമസഭ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട പദ്ധതികളെ കുറിച്ച് വരും ദിവസങ്ങളില്‍ രൂപമുണ്ടാക്കും. ജില്ലാ തലത്തിലെയും പ്രാദേശിക തലത്തിലെയും മറ്റ് നേതാക്കളുമായും ആലോചിച്ച് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട മികച്ച സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുമെന്നും രാജ് ബബ്ബര്‍ പറഞ്ഞു.
ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധിയുമായും ജ്യോതിരാദിത്യ സിന്ധ്യയുമായി ന്യൂദല്‍ഹിയില്‍ ലോക്‌സഭ തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ പ്രകടനത്തെ കുറിച്ച് നടത്തിയ യോഗത്തിന് ശേഷമായിരുന്നു രാജ് ബബ്ബറിന്റെ പ്രതികരണം.
2022ലെ നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള പദ്ധതികളും കോണ്‍ഗ്രസ് ആലോചിച്ചു തുടങ്ങിയതായി രാജ് ബബ്ബര്‍ പറഞ്ഞു. പാര്‍ട്ടിയുടെ പ്രകടനത്തെ വിലയിരുത്തിയ ശേഷം ശോഭനമായ ഭാവിയ്ക്ക് വേണ്ടി പ്രവര്‍ത്തനമാരംഭിക്കാനും ലോക്‌സഭ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തെ കുറിച്ച് മറക്കാനും ഇരുനേതാക്കളും ആവശ്യപ്പെട്ടെന്നും രാജ് ബബ്ബര്‍ പറഞ്ഞു.
പ്രിയങ്ക ഗാന്ധിയ്ക്കും ജ്യോതിരാദിത്യ സിന്ധ്യയ്ക്കും ഉത്തര്‍പ്രദേശിന്റെ ഉത്തരവാദിത്വം നല്‍കിയതിന് ശേഷം ഇരുവര്‍ക്കും നല്‍കിയ ഉത്തരവാദിത്വം സംസ്ഥാനത്തെ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനും 2022ല്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉണ്ടാകുന്നതിന് വേണ്ടിയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.