| Sunday, 14th April 2024, 12:38 pm

കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ സി.എ.എ റദ്ദാക്കുമെന്നുണ്ടായിരുന്നു; പുറത്തിറക്കുന്നതിന് തൊട്ടുമുമ്പ് ഉന്നതനേതാക്കള്‍ ഇടപെട്ട് വെട്ടി: റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തയ്യാറാക്കിയ പ്രകടനപത്രികയുടെ ഫൈനല്‍ ഡ്രാഫ്റ്റില്‍ സി.എ.എ റദ്ദാക്കുമെന്ന പരാമര്‍ശമുണ്ടായിരുന്നതായി റിപ്പോര്‍ട്ട്. എന്നാല്‍ പ്രകടന പത്രിക പുറത്തിറക്കുന്നതിന് തൊട്ടുമുമ്പായി ഉന്നതനേതാക്കള്‍ ഇടപെട്ട് ആ ഭാഗം വെട്ടിമാറ്റിയതായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പകരം ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ എല്ലാ ജനദ്രോഹ നിയമങ്ങളും റദ്ദാക്കുമെന്ന് കൂട്ടിച്ചേര്‍ക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

‘പ്രകടന പത്രികയുടെ അവസാന ഡ്രാഫ്റ്റില്‍ സി.എ.എ റദ്ദാക്കുമെന്ന പരാമര്‍ശമുണ്ടായിരുന്നു. എന്നാല്‍ അവസാന നിമിഷം, ഓരോ നിയമങ്ങളും പ്രത്യേകം പട്ടികപ്പെടുത്തേണ്ടെന്നും അങ്ങനെ സി.എ.എ റദ്ദാക്കുമെന്ന പരാമര്‍ശം വെട്ടിമാറ്റുകയുമാണ് ഉണ്ടായത്’ പേര് പരാമര്‍ശിക്കാത്ത ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെ ഉദ്ദരിച്ച് കൊണ്ട് ദി ന്യൂ ഇന്ത്യന്‍ എക്‌സപ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സി.എ.എ മാത്രമല്ല, എന്‍.ഡി.എ സര്‍ക്കാര്‍ നടപ്പിലാക്കിയ ജനവിരുദ്ധമായ എല്ലാ നിയമങ്ങളും റദ്ദാക്കുമെന്നാണ് തങ്ങള്‍ ഉദ്ദേശിച്ചതെന്ന് സി.എ.എ റദ്ദാക്കുമെന്ന പരാമര്‍ശം ഒഴിവാക്കിയതിനെ കുറിച്ചുള്ള ചോദ്യത്തിന് പ്രകടനപത്രിക തയ്യാറാക്കിയ കമ്മിറ്റിയിലെ അംഗം മറുപടി നല്‍കി.

ഈ തെരഞ്ഞെടുപ്പില്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെടുന്ന സി.എ.എയെ കുറിച്ച് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ കൃത്യമായ നിലപാടില്ലാത്തത് സി.പി.ഐ.എം ഉള്‍പ്പടെയുള്ള മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ ചോദ്യം ചെയ്തിരുന്നു. കേരളത്തിലടക്കം ഇത് വലിയ ചര്‍ച്ചയാകുകയും കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

CONTENT HIGHLIGHTS: The Congress manifesto stated that the CAA would be repealed; Top leaders intervene just before launch: Report

We use cookies to give you the best possible experience. Learn more