| Sunday, 11th August 2024, 10:45 pm

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ്: 40 മുസ്‌ലിം നേതാക്കളെ മത്സരിപ്പിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 40 മുസ്‌ലിം നേതാക്കളെ മത്സരിപ്പിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ്. കോണ്‍ഗ്രസ് ന്യൂനപക്ഷ സമിതി സെക്രട്ടറി മോയിസ് ശൈഖിന്റെതാണ് ആവശ്യം. മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലയ്ക്ക് നല്‍കിയ നിവേദനത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

മുസ്‌ലിം ഭൂരിപക്ഷമുള്ള 40 മണ്ഡലങ്ങളിലെങ്കിലും ഇതേ വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കണമെന്ന് മോയിസ് ശൈഖ് മാധ്യമങ്ങളോട് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിലെ ഒരുക്കങ്ങള്‍ സംബന്ധിച്ച് നന്ദേഡില്‍ നടന്ന പാര്‍ട്ടി അവലോകന യോഗത്തിലാണ് മോയിസ് ആവശ്യം ഉന്നയിച്ചത്. പി.സി.സി അധ്യക്ഷന്‍ തന്റെ ആവശ്യം മുഖവിലക്കെടുക്കുമെന്ന് ഉറപ്പ് നല്‍കിയെന്നും മോയിസ് പറഞ്ഞു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഈ മണ്ഡലങ്ങളിലെ മുസ്‌ലിങ്ങള്‍ ശിവസേന ഉദ്ധവ് വിഭാഗത്തിന്റെയും എന്‍.സി.പി ശരദ് പവാര്‍ വിഭാഗത്തിന്റെയും നേതൃത്വത്തിലുള്ള എം.വി.എ സഖ്യത്തിന് പിന്തുണ നല്‍കിയതും മോയിസ് ശൈഖ് ചൂണ്ടിക്കാട്ടി. ആ തെരഞ്ഞെടുപ്പില്‍ 31 സീറ്റാണ് എം.വി.എ സഖ്യത്തിന് ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

നാനാ പടോലയ്ക്ക് പുറമെ കോണ്‍ഗ്രസ് മഹാരാഷ്ട്ര ഇന്‍ചാര്‍ജ് കൂടിയായ രമേശ് ചെന്നിത്തലയും അവലോകന യോഗത്തില്‍ പങ്കെടുത്തിരുന്നു.

മഹാരാഷ്ട്രയുടെ വികസനത്തിന്, ജനങ്ങള്‍ തെരഞ്ഞെടുത്തതും എന്നാല്‍ കൂറുമാറ്റങ്ങളിലൂടെയും കൃത്രിമത്വത്തിലൂടെയും രൂപീകരിച്ച ഭരണഘടനാ വിരുദ്ധമായ ആയാ റാം-ഗയാ റാം മഹായുതി സര്‍ക്കാരിനെ പുറത്താക്കി എം.വി.എ സര്‍ക്കാരിനെ തിരികെ കൊണ്ടുവരണമെന്നും ചെന്നിത്തല യോഗത്തില്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സംസ്ഥാനത്തെ 288 നിയമസഭാ സീറ്റുകളിലേക്ക് ഈ വര്‍ഷം അവസാനമായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക.

Content Highlight: The Congress leader wants 40 Muslim leaders to contest the upcoming assembly elections in Maharashtra

We use cookies to give you the best possible experience. Learn more