മുംബൈ: മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സംസ്ഥാനത്തെ മുന്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് തലവന്‍ ഹേമന്ത് കര്‍ക്കരയുടെ മരണത്തിന് പിന്നില്‍ ആര്‍.എസ്.എസുകാരനായ ഒരു പൊലീസ് ഉദ്യോഗസ്ഥനാണെന്ന് കോണ്‍ഗ്രസ് നേതാവ്. മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് വിജയ് നാംദേവ്റാവു വഡേത്തിവാര്‍ ആണ് പരാമര്‍ശം നടത്തിയത്.
ഹേമന്ത് കര്‍ക്കരയെ കൊലപ്പെടുത്തിയത് ഭീകരവാദി അജ്മല്‍ കസബല്ലെന്നും ആര്‍.എസ്.എസുമായി ബന്ധമുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥനാണെന്നുമാണ് വിജയ് നാംദേവ്റാവു പറഞ്ഞത്. പരാമര്‍ശത്തിന് പിന്നാലെ മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് വിവാദത്തിലായിരിക്കുകയാണ്.
പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് എസ്.എം. മുഷ്രിഫ് എഴുതിയ പുസ്തകത്തില്‍ നിന്നാണ് തനിക്ക് ഈ വിവരങ്ങള്‍ ലഭിച്ചതെന്ന് വിജയ് നാംദേവ്റാവു പറഞ്ഞു.
‘അത് എന്റെ വാക്കുകളല്ല. എസ്.എം. മുഷ്രിഫിന്റെ പുസ്തകത്തില്‍ എഴുതിയത് ഞാന്‍ പറഞ്ഞതേയുള്ളൂ. പുസ്തകത്തില്‍ ഇതുസംബന്ധിച്ച് വ്യക്തമായ വിവരങ്ങളുണ്ടായിരുന്നു. ഹേമന്ത് കര്‍ക്കരയുടെ മരണത്തിന് കാരണമായത് അജ്മല്‍ കസബില്‍ നിന്നുള്ള ബുള്ളറ്റല്ലെന്ന് പറയുന്നുണ്ട്,’ വിജയ് നാംദേവ്റാവു ചൂണ്ടിക്കാട്ടി.
അതേസമയം സംസ്ഥാനത്തെ നോര്‍ത്ത് സെന്‍ട്രല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി ഉജ്വല്‍ നികമിനെ വിജയ് രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. സ്‌ക്വാഡ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട കേസിന്റെ വിചാരണ വേളയില്‍ ആര്‍.എസ്.എസിനോട് കൂറുള്ള ഉദ്യോഗസ്ഥനാണ് കുറ്റകൃത്യത്തിന് പിന്നിലെന്ന് മറച്ചുവെച്ച വ്യക്തിയാണ് നികമെന്ന് വിജയ് ആരോപിച്ചു.
ഉജ്വല്‍ നികത്തിന് സമാനമായ ഒരു രാജ്യദ്രോഹിക്ക് ബി.ജെ.പി ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാന്‍ സീറ്റ് നല്‍കിയത് എന്തിന്റെ അടിസ്ഥാനത്തില്‍ ആണെന്നും വിജയ് നാംദേവ്റാവു ചോദിച്ചു. ബി.ജെ.പി എന്തിനാണ് ഇത്തരത്തിലുള്ള ആളുകള്‍ക്ക് പിന്തുണ നല്‍കുന്നതെന്നും അദ്ദേഹം ചോദിക്കുകയുണ്ടായി
എന്നാല്‍, വോട്ടര്‍മാരെ പ്രീതിപ്പെടുത്താനും വോട്ട് ബാങ്കിനെ സ്വാധീനിക്കാനും കോണ്‍ഗ്രസിന് എന്തും ചെയ്യാം. 26 ഭീകരവാദികള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ മഹാരാഷ്ട്ര കോണ്‍ഗ്രസിന്റെയും പാര്‍ട്ടി ലോപിയുടെയും മുതിര്‍ന്ന നേതാവായ വിജയ് വഡേത്തിവാറും ഇത് തെളിയിച്ചുവെന്ന് സംഭവത്തില്‍ ബി.ജെ.പി പ്രതികരിച്ചു. ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്ഡെയുടേതായിരുന്നു പ്രതികരണം.
Content Highlight: The Congress leader said that an RSS police officer was behind the death of Hemant Karkara