| Monday, 11th May 2020, 4:21 pm

'ചൂഷണത്തിന് വിധേയരാവേണ്ടവരല്ല തൊഴിലാളികള്‍'; സമ്പദ്‌വ്യവസ്ഥയുടെ പേരില്‍ തൊഴില്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തുന്നതിനെതിരെ രാഹുല്‍ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് മഹാമാരിയെ തുടര്‍ന്ന് തകര്‍ന്ന സമ്പദ്‌വ്യവസ്ഥയെ പുനസ്ഥാപിക്കുന്നതിന്റെ പേരില്‍ തൊഴില്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തുവാന്‍ ശ്രമിക്കുന്ന സംസ്ഥാനങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ്. ചൂഷണത്തിന് വിധേയരാവേണ്ടവരല്ല തൊഴിലാളികളെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

നിരവധി സംസ്ഥാനങ്ങള്‍ തൊഴില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നു.നമ്മളൊരുമിച്ചാണ് കൊവിഡിനെതിരെ പോരാടുന്നത്, പക്ഷെ ഈ മൗലികാവകാശങ്ങള്‍ അടിച്ചമര്‍ത്തുന്നു, സുരക്ഷിതമല്ലാത്ത തൊഴിലിടങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. ഒരുമിച്ച് പോരാടുന്നു എന്നത് തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനും അവരുടെ ശബ്ദത്തെ അടിച്ചമര്‍ത്തുന്നതിനും ഉള്ള ന്യായമല്ല. അടിസ്ഥാന തത്വങ്ങളില്‍ ഒത്തുതീര്‍പ്പിന് തയ്യാറല്ലെന്നും മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

അടുത്ത മൂന്ന് വര്‍ഷത്തേക്ക് നിലവിലുള്ള തൊഴില്‍ നിയമങ്ങളില്‍ ഭൂരിഭാഗവും നിര്‍ത്തലാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മെയ് 8ന് ഓര്‍ഡിനന്‍സ് പാസ്സാക്കിയിരുന്നു. സംസ്ഥാനത്തെ 30ലധികം തൊഴില്‍ നിയമങ്ങള്‍ റദ്ദാക്കിയാണ് ഓര്‍ഡിനന്‍സ്.

പുതിയ നിക്ഷേപങ്ങള്‍, പ്രതേകിച്ച് ചൈനയില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ വരുന്നതിന് വേണ്ടി സംസ്ഥാനത്തെ തൊഴില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു.

മധ്യപ്രദേശിലെ തൊഴില്‍ നിയമങ്ങളില്‍ വ്യാപകമാറ്റമുണ്ടാവുമെന്ന് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍ പ്രഖ്യാപിച്ചിരുന്നു.സംസ്ഥാനത്തെ സാമ്പത്തിക ഇടപാടുകള്‍ക്ക് പ്രചോദനം നല്‍കുന്നതിന് വേണ്ടിയാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നിലവില്‍ തൊഴില്‍ നിയമങ്ങള്‍ കണ്‍കറന്റ് പട്ടികയില്‍ വരുന്ന ഒന്നാണ്. സംസ്ഥാനങ്ങള്‍ക്ക് നിയമം ഉണ്ടാക്കാം. പക്ഷെ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചാല്‍ മാത്രമേ അത് നടപ്പിലാക്കാനാവൂ.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more