ചെന്നൈ: തമിഴ്‌നാട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മികച്ച നേട്ടം. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം സംസ്ഥാനത്തെ ഏറ്റവും വലിയ മൂന്നാമത്തെ ഒറ്റക്കക്ഷിയായി കോണ്‍ഗ്രസ് മാറി.
തമിഴകത്തെ രാഷ്ട്രീയ ശക്തികളായ ഡി.എം.കെയ്ക്കും എ.ഐ.എ.ഡി.എം.കെയ്ക്കും വേരോട്ടമുള്ള സംസ്ഥാനത്ത് കോണ്‍ഗ്രസ് ശക്തി തെളിയിച്ച തെരഞ്ഞെടുപ്പ് കൂടിയാണ് കഴിഞ്ഞുപോയത്.
ആകെ 592 സീറ്റിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. ബി.ജെ.പിക്ക് 308 സീറ്റേ കിട്ടിയുള്ളൂ.
21 നഗര കോര്‍പറേഷനുകളില്‍ 73 വാര്‍ഡുകളിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. വിവിധ മുനിസിപ്പാലിറ്റികളിലേക്ക് 151 പേര്‍ വിജയിച്ചു. ടൗണ്‍ പഞ്ചായത്തിലേക്ക് വിജയിച്ചെത്തിയത് 368 സ്ഥാനാര്‍ത്ഥികളാണ്.
കോര്‍പ്പറേഷനുകളില്‍ കോണ്‍ഗ്രസിന്റെ സീറ്റ് വിഹിതം 2011-ല്‍ 2.07 ശതമാനം ആയിരുന്നത് ഇക്കുറി 59.34 ശതമാനമായി ഉയര്‍ന്നു. 2011-ല്‍ മുനിസിപ്പാലിറ്റികളില്‍ സീറ്റ് വിഹിതം 4.4 ശതമാനം ആയിരുന്നെങ്കില്‍ ഇത്തവണ അത് 38.32 ശതമാനം ആയി ഉയര്‍ന്നു. ടൗണ്‍ പഞ്ചായത്തുകളില്‍ 39.52 ശതമാനമാണ് സീറ്റ് ഇത്തവണത്തെ സീറ്റ് വിഹിതം. 2011 ല്‍ ഇത് 2.36 ശതമാനമായിരുന്നു.
പലയിടങ്ങളിലും സീറ്റ് വിഭജനത്തില്‍ അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്ന ആക്ഷേപം കോണ്‍ഗ്രസ് ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഫലം വന്നപ്പോള്‍ വലിയ മുന്നേറ്റമാണ് കോണ്‍ഗ്രസ് നടത്തിയത്.