ന്യൂദല്‍ഹി: രാജ്യസഭാ തെരഞ്ഞെടുപ്പിലേക്കുള്ള 10 സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ഗുലാംനബി ആസാദിനും, ആനന്ദ് ശര്‍മയ്ക്കും സീറ്റില്ല. ഗ്രൂപ്പ് 23 യില്‍ നിന്ന് പരിഗണിച്ചത് മുകുള്‍ വാസ്‌നിക്കിനെ മാത്രമാണ്.
പി. ചിദംബരം, മുകുള്‍ വാസ്‌നിക്, അജയ് മാക്കന്‍, രാജീവ് ശുക്ല തുടങ്ങിയ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളാണ് പട്ടികയില്‍ ഉള്ളത്.
മഹാരാഷ്ട്രയില്‍ നിന്നും കര്‍ണാടകയില്‍ നിന്നും യഥാക്രമം കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയലിനെയും നിര്‍മല സീതാരാമനെയും മത്സരിപ്പിച്ച് രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള 16 സ്ഥാനാര്‍ത്ഥികളുടെ പട്ടിക ബി.ജെ.പി ഇന്ന് പുറത്തിറക്കിയിരുന്നു. 16 സ്ഥാനാര്‍ത്ഥികളില്‍ ആറ് പേരും ഉത്തര്‍പ്രദേശില്‍ നിന്നുള്ളവരാണ്.
അംഗങ്ങളുടെ വിരമിക്കല്‍ മൂലം ഒഴിവു വരുന്ന 15 സംസ്ഥാനങ്ങളില്‍ നിന്നുള്ള 57 രാജ്യസഭാ സീറ്റുകളിലേക്ക് ജൂണ്‍ 10 ന് തെരഞ്ഞെടുപ്പ് നടക്കും. മെയ് 31 ആണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.
ബീഹാറില്‍ നിന്ന് അഞ്ച്, കര്‍ണാടക, രാജസ്ഥാന്‍, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് നാല് വീതവും മധ്യപ്രദേശ്, ഒഡീഷ എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് വീതവും പഞ്ചാബ്, ജാര്‍ഖണ്ഡ്, ഹരിയാന, ഛത്തീസ്ഗഡ്, തെലങ്കാന എന്നിവിടങ്ങളില്‍ നിന്ന് രണ്ട് വീതവും ഉത്തരാഖണ്ഡില്‍ നിന്ന് ഒരു സീറ്റിലുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
രാജസ്ഥാനില്‍ നിന്ന് ഘനശ്യാം തിവാരി, ഉത്തരാഖണ്ഡില്‍ നിന്ന് കല്‍പ്പന സൈനി, ബിഹാറില്‍ നിന്ന് സതീഷ് ചന്ദ്ര ദുബെ, ബിഹാറില്‍ നിന്ന് ശംഭു ശരണ്‍ പട്ടേല്‍, ഹരിയാനയില്‍ നിന്ന് കൃഷന്‍ ലാല്‍ പന്‍വാര്‍, മധ്യപ്രദേശില്‍ നിന്ന് കവിതാ പതിദാര്‍, കര്‍ണാടകയില്‍ നിന്ന് ജഗ്ഗേഷ് എന്നിവരാണ് ബി.ജെ.പിയുടെ പട്ടികയിലുള്ളത്.വോട്ടെടുപ്പ് നടക്കുന്ന 57 സീറ്റുകളില്‍ 23 സീറ്റുകള്‍ ബി.ജെ.പിക്കും എട്ടെണ്ണം കോണ്‍ഗ്രസിന്റേതുമാണ്.
Content Highlights: The Congress has announced 10 candidates for the Rajya Sabha elections