ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികളേയും മുസ്‌ലീങ്ങളേയും ബാധിക്കും; യു.എന്നിനെ ഹൈജാക്ക് ചെയ്ത് അമേരിക്ക എരിതീയില്‍ എണ്ണയൊഴിക്കുന്നു: തുര്‍ക്കി മുന്‍ പ്രധാനമന്ത്രി
World
ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികളേയും മുസ്‌ലീങ്ങളേയും ബാധിക്കും; യു.എന്നിനെ ഹൈജാക്ക് ചെയ്ത് അമേരിക്ക എരിതീയില്‍ എണ്ണയൊഴിക്കുന്നു: തുര്‍ക്കി മുന്‍ പ്രധാനമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 29th December 2023, 3:17 pm

അങ്കാര: ഗസയ്‌ക്കെതിരായ ഇസ്രഈലിന്റെ യുദ്ധം ആഗോള പ്രതിസന്ധിക്ക് കാരണമാകുമെന്ന് തുര്‍ക്കി മുന്‍ പ്രധാനമന്ത്രി അഹമ്മദ് ദാവൂതോഗ്ലു. ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികളേയും മുസ്‌ലീങ്ങളേയും ബാധിക്കുന്ന വിഷയമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രഈല്‍-ഫലസ്തീന്‍ സംഘര്‍ഷം ലെബനന്‍, യെമന്‍, ഇറാന്‍ എന്നിവിടങ്ങളിലേക്ക് കൂടി വ്യാപിച്ചാല്‍ അതൊരു ആഗോള പ്രതിസന്ധിയായി മാറുമെന്നും അഹമ്മദ് പറഞ്ഞു.

ഗസയിലെ വെടിനിര്‍ത്തല്‍ സംബന്ധിച്ച യു.എന്‍ പ്രമേയങ്ങള്‍ വീറ്റോ ചെയ്തതിലൂടെ അമേരിക്ക എരി തീയില്‍ എണ്ണ ഒഴിക്കുകയായിരുന്നെന്നും അഹമ്മദ് ആരോപിച്ചു.

ഈ സംഘര്‍ഷം ഗസയും ഇസ്രഈലും തമ്മിലുള്ള പ്രശ്നം മാത്രമല്ല. ഇത് എല്ലാ മുസ്‌ലീങ്ങളുടെയും ക്രിസ്ത്യാനികളുടെയും പ്രശ്നമാണ്, കിഴക്കന്‍ ജറുസലേമിന്റേയും മറ്റ് പ്രദേശങ്ങളുടേയും നിയന്ത്രണത്തിനായുള്ള പോരാട്ടം ഇതില്‍ ഒരു ഭാഗം മാത്രമാണ്.

യഹൂദ കുടിയേറ്റക്കാര്‍ അല്‍-അഖ്സ മസ്ജിദിലേക്ക് അതിക്രമിച്ച് കടക്കുകയും അക്രമം അഴിച്ചുവിടുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ഹമാസ് ഇസ്രഈലിനെതിരെ ഒക്ടോബര്‍ 7 ന് ആക്രമണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

‘അല്‍-അഖ്‌സ മസ്ജിദിന് നേരെ ഇസ്രഈല്‍ തുടര്‍ച്ചയായ ആക്രമണങ്ങള്‍ നടത്തി. അവര്‍ ഒന്നിനെയും ബഹുമാനിക്കുന്നില്ല, ഇസ്രഈല്‍-ഫലസ്തീന്‍ യുദ്ധം ഒരു ആഗോളപ്രതിസന്ധിയിലേക്ക് ലോകത്തെ എത്തിക്കുമെന്ന ആശങ്ക എനിക്കുണ്ട്.

ഈ വംശീയ ഉന്മൂലനവും വംശഹത്യയും ഗസയില്‍ തുടരുകയാണെങ്കില്‍ തുടര്‍ പോരാട്ടങ്ങള്‍ ലെബനനിലേക്കും യെമനിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിക്കും. അതോടെ അവിടെ നിലനിന്ന് പോന്നിരുന്ന സമാധാനം തകരും. ഇറാനും ഇസ്രഈലും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടല്‍ സംഘര്‍ഷത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കും, അദ്ദേഹം പറഞ്ഞു.

ഗസയില്‍ ഇസ്രഈല്‍ ആക്രമണം ആരംഭിച്ചതു മുതല്‍ ലെബനന്‍ അതിര്‍ത്തിയില്‍ ഇസ്രഈല്‍ പ്രതിരോധ സേനയും (ഐ.ഡി.എഫ്) ഹിസ്ബുള്ളയും തമ്മില്‍ വെടിവെപ്പ് തുടരുന്നുണ്ട്. യെമനിലെ ഹൂതി വിമതരും ഈ മേഖലയില്‍ ഇസ്രഈല്‍ ബന്ധമുള്ള കപ്പലുകള്‍ ലക്ഷ്യമിട്ട് ആക്രമണം തുടരുന്നുണ്ട്.

ഇസ്രഈലിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ച യു.എസ്, ഗസയിലെ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് യു.എന്‍ സുരക്ഷാ കൗണ്‍സില്‍ കൊണ്ടുവന്ന പ്രമേയങ്ങള്‍ വീറ്റോ ചെയ്‌തെന്നും ഇത് സ്ഥിതിഗതികള്‍ വഷളാക്കാന്‍ കാരണമായെന്നും തുര്‍ക്കി മുന്‍ പ്രധാനമന്ത്രി പറഞ്ഞു.

ഒരു രാജ്യത്തിനും അവരുടെ സ്വന്തം ആഭ്യന്തര രാഷ്ട്രീയ അഭിലാഷത്തിനോ അന്താരാഷ്ട്ര നേട്ടത്തിനോ വേണ്ടി യു.എന്നിനെ ഹൈജാക്ക് ചെയ്യാന്‍ കഴിയില്ലെന്നും അത് തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ജൂത ലോബിയുടെ പിന്തുണ ആവശ്യമാണ്’ എന്നതിനാലാണ് വാഷിംഗ്ടണ്‍ ഇത് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: The conflict is an issue for all Muslims and Christians around the world ex-Turkish PM