| Sunday, 24th March 2024, 12:30 pm

നിറഞ്ഞൊഴുകിയ വേസ്റ്റ് ബിന്നുകൾ, തുപ്പൽപുരണ്ട ചുമരുകൾ; രാമക്ഷേത്ര ഉദ്ഘാടനത്തിന് പിന്നാലെ വൃത്തിഹീനമായി അയോധ്യ റെയിൽവെ സ്റ്റേഷൻ; വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്നൗ: അയോധ്യ ധാം റെയിൽവേ സ്റ്റേഷൻ പ്രവർത്തനമാരംഭിച്ച് രണ്ടുമാസം കഴിയുമ്പോഴേക്കും മാലിന്യക്കൂമ്പാരം. വിമാനത്താവളത്തിനോട് കിടപിടിക്കുന്ന സൗകര്യങ്ങളോടെയായിരുന്നു സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചത്.

പ്ലാറ്റ്ഫോമുകളിൽ മാലിന്യം നിറഞ്ഞ് വൃത്തിഹീനമായി കിടക്കുന്നതിന്റെയും ചുമരിലാകെ മുറുക്കി തുപ്പിയതിന്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഇതിന് പിന്നാലെ സ്റ്റേഷൻ അടിയന്തരമായി വൃത്തിയാക്കുന്നതിന്റെ വീഡിയോ നോർത്തേൺ റെയിൽവേ പങ്കുവെക്കുന്നതിനോടൊപ്പം ശുചീകരണ കരാറുകാരന് അരലക്ഷം രൂപയും റെയിൽവേ പിഴ ചുമത്തി.

റിയാലിറ്റി പില്ലർ എന്ന എക്സ് അകൗണ്ടിലൂടെയാണ് കഴിഞ്ഞ ദിവസം വീഡിയോ പുറത്തുവന്നത്. നിറഞ്ഞൊഴുകുന്ന മാലിന്യകൊട്ട, വലിച്ചെറിഞ്ഞ മാലിന്യങ്ങൾ, തുപ്പൽ പുരണ്ട മതിലുകൾ തുടങ്ങി സ്റ്റേഷന്റെ ശോചനീയാവസ്ഥ വ്യക്തമാക്കുന്നതാണ് വീഡിയോ. സ്റ്റേഷന്റെ പുറത്തും അകത്തുമായി ചിത്രീകരിച്ച വീഡിയോക്ക് മൂന്ന് ഭാഗങ്ങളാണുള്ളത്.

വീഡിയോ പകർത്തുന്നതിനോടൊപ്പം പരിസരമാകെ ദുർഗന്ധമാണെന്നും വീഡിയോഗ്രാഫർ പറയുന്നുണ്ട്. സ്റ്റേഷന് മുന്നിലുള്ള റോഡിന്റെ വിവിധ ഭാഗങ്ങൾ വൃത്തിയാക്കിയതിന്റെ ഭാഗമായി മാലിന്യം കൂട്ടിയിട്ടതായും വിശ്രമമുറിയുടെ മോശം അവസ്ഥയും വീഡിയോയിൽ കാണിക്കുന്നുണ്ട്. മൂപ്പത് ലക്ഷത്തിലേറെ ആളുകൾ കണ്ട വീഡിയോ മാർച്ച്‌ 21നാണ് പങ്കുവെച്ചത്.

കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവിന് അടിസ്ഥാന കാര്യങ്ങളിൽ ശ്രദ്ധയില്ലെന്നും ബുള്ളറ്റ് ട്രെയിനിന് പിന്നാലെയാണെന്നുമെല്ലാം കമന്റ്‌ ബോക്സിൽ വിമർശനം ഉയരുന്നുണ്ട്. 2023 ഡിസംബർ 30 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത സ്റ്റേഷൻ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് നവീകരിച്ചത്. അയോധ്യ ജംഗ്ഷൻ എന്ന പേര് അയോധ്യ ധാം എന്നാക്കി മാറ്റിയതും അന്നായിരുന്നു.

Content Highlight: The condition of the newly built ayodhya station after just 2 months of opening

We use cookies to give you the best possible experience. Learn more