| Friday, 17th November 2023, 8:14 am

ദേശീയപാത നിര്‍മാണത്തിന്റെ കോണ്‍ക്രീറ്റ് മിക്‌സ് സ്വകാര്യ കെട്ടിട നിര്‍മാണത്തിന് നല്‍കി; പ്രതിഷേധവുമായി കെ.കെ രമയും ഡി.വൈ.എഫ്.ഐയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

വടകര: ദേശീയപാത പ്രവൃത്തിയുടെ കോണ്‍ക്രീറ്റ് മിക്‌സ് സ്വകാര്യകമ്പനിയുടെ കെട്ടിടനിര്‍മാണത്തിന് നല്‍കി വാഗഡ് കമ്പനി. അദാനി ഗ്രൂപ്പ് ടെന്‍ഡര്‍ എടുത്ത ദേശീയ പാത നിര്‍മാണം പ്രവര്‍ത്തിക്ക് സബ് കോണ്‍ട്രാക്ട് നല്‍കിയ വാഗഡ് കമ്പനിയാണ് അഞ്ച് ലോഡ് കോണ്‍ക്രീറ്റ് മിക്‌സ് സ്വകാര്യ കെട്ടിട നിര്‍മാണത്തിന് നല്‍കിയത്. വ്യാഴാഴ്ച രാവിലെ 11 ഓടെയാണ് പെരുവാട്ട് താഴത്തെ കോണ്‍ക്രീറ്റ് മിക്‌സര്‍ പ്ലാന്റില്‍ നിന്ന് കോണ്‍ക്രീറ്റ് മിക്‌സ് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്തെ പവര്‍ ഓഫ് അറ്റോണ്‍ എന്ന കെട്ടിട നിര്‍മ്മാണത്തിന് എത്തിച്ചത്. വാഗഡിന്റെ ഉടമസ്ഥതയിലുള്ള വാഹനത്തിലാണ് മിക്‌സ് കെട്ടിട നിര്‍മാണ സ്ഥലത്തെത്തിച്ചത്.

ദേശീയ പാതയുടെ പ്രവര്‍ത്തിക്കായി കൊണ്ടുവന്ന സാമഗ്രികള്‍ സ്വകാര്യ വ്യക്തിക്ക് മറിച്ച് നല്‍കിയതിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി ഇവര്‍ ലോഡ് തടഞ്ഞു.

പാലങ്ങളുടെയും ഫ്‌ലൈഓവറുകളുടെയും നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഏറ്റവും കൂടിയ ഗ്രേഡ് ഉള്ള സിമന്റ് ഉപയോഗിച്ച് തയ്യാറാക്കിയ മിക്‌സാണ് സ്വകാര്യ കമ്മിറ്റിക്ക് മറിച്ച് നല്‍കിയതെന്ന് അദാനി ഗ്രൂപ്പിന്റെ പ്രതിനിധികള്‍ പറഞ്ഞു. കോണ്‍ക്രീറ്റ് നടക്കുന്ന ദിവസങ്ങള്‍ മുന്‍കൂട്ടി കമ്പനി അദാനിയെ അറിയിക്കാറുണ്ടായിരുന്നെങ്കിലും കഴിഞ്ഞ ദിവസത്തെ പ്രവര്‍ത്തിയെ കുറിച്ച് പറഞ്ഞിരുന്നില്ലെന്ന് അറിയിച്ചു. രേഖകള്‍ ഒന്നും കൂടാതെ 13 ലക്ഷത്തോളം രൂപയുടെ മിക്‌സ് സ്വകാര്യ വ്യക്തിക്ക് നല്‍കി എന്നാണ് കണക്കാക്കുന്നത്.

ഇതിനുമുമ്പും പയ്യോളി തിക്കോടി ഭാഗങ്ങളില്‍ നിന്ന് ദേശീയപാത നിര്‍മാണത്തിനുള്ള സംസ്‌കൃത വസ്തുക്കള്‍ കടത്തിക്കൊണ്ടു പോകുന്നതായി പരാതി ഉയന്നിരുന്നു.

ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് കമ്മിറ്റി പ്രതിഷേധവുമായി രംഗത്തെത്തി. സ്വകാര്യ കെട്ടിട നിര്‍മാണം തടഞ്ഞു വെച്ചു. മലപ്പുറത്തും കാസര്‍കോടും ദേശീയ പാതാ നിര്‍മ്മാണ പ്രവര്‍ത്തി തകൃതിയായി നടക്കുമ്പോള്‍ വടകര നിര്‍മാണം ഇഴഞ്ഞു നീങ്ങുകയാണെന്ന് അവര്‍ പറഞ്ഞു. ദേശീയപാത നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കണമെന്നും ചട്ടലംഘനം നടത്തിയിട്ടുണ്ടോ എന്ന് അധികാരികള്‍ പരിശോധിക്കണമെന്ന് വടകര ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ദേശീയപാത നിര്‍മാണത്തിനായി എത്തിച്ച റെഡിമിക്‌സ് നിര്‍മാണസാധനങ്ങള്‍ സ്വകാര്യ വ്യക്തിക്ക് മറിച്ചു നല്‍കിയ സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന് കെ.കെ.രമ എം.എല്‍.എ ആവശ്യപ്പെട്ടു. സംഭംവം അറിഞ്ഞയുടന്‍ ദേശീയപാത അതോറിറ്റിയുമായി ബന്ധപ്പെട്ടിരുന്നെന്നും ഇത്തരത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തന ചട്ടങ്ങള്‍ ലംഘിച്ച കമ്പനിയെ തത്സ്ഥാനത്ത് നിന്ന് നീക്കണമെന്നും അവര്‍ പറഞ്ഞു.

contentent highlight :  The concrete mix for the construction of national highways was given to the construction of private buildings 

Latest Stories

We use cookies to give you the best possible experience. Learn more