| Monday, 4th June 2018, 8:51 am

ഫേസ്ബുക്ക് പോസ്റ്റുകള്‍ സംഘര്‍ഷഭരിതമെന്ന് പരാതി; യുവമോര്‍ച്ച ജില്ലാസെക്രട്ടറി സ്ഥാനത്ത് നിന്ന് ലസിത പാലക്കലിനെ പുറത്താക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ലസിത പാലക്കലിനെ യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാസെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകള്‍ സംഘര്‍ഷഭരിതമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ലസിത തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

“യുവമോര്‍ച്ചയുടെ ജില്ലാസെക്രട്ടറി ആയി പ്രവര്‍ത്തിച്ചിരുന്ന ഒരു വ്യക്തി ആണ് ഞാന്‍. ഒരു ദിവസം യാതൊരു അറിയിപ്പും ഇല്ലാതെ എന്നെ യുവമോര്‍ച്ച ഭരവാഹിത്വത്തില്‍ നിന്നും മാറ്റി എന്ന് ആരൊക്കെയോ പറഞ്ഞതായി ഞാന്‍ കേട്ടു. എന്നെ പോലെ തന്നെ പലര്‍ക്കും അറിയില്ലായിരുന്നു എന്താണ് കാരണം എന്ന്. ഏതായാലും അല്പം വൈകി എങ്കിലും കാരണം ഞാന്‍ അറിഞ്ഞിരിക്കുന്നു. ഇന്ന് വരെ ഒരു പരസ്യ പ്രതികരണത്തിന് ഞാന്‍ ശ്രമിച്ചിട്ടില്ല. എന്നാല്‍ ഇതാദ്യമായി ഞാന്‍ എല്ലാവരെയും അറിയിക്കുന്നു”. ഫേസ്ബുക്കിലിട്ട കുറിപ്പില്‍ ലസിത പറഞ്ഞു.


Read Also : മധ്യപ്രദേശിലെ വോട്ടര്‍ പട്ടികയില്‍ 60 ലക്ഷം വ്യാജ വോട്ടര്‍മാര്‍; കോണ്‍ഗ്രസിന്റെ പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണം പ്രഖ്യാപിച്ചു


എന്തായാലും എന്നെ ഇത്രയും കാലം ആത്മാര്‍ത്ഥമായി പിന്തുണച്ച യുവമോര്‍ച്ചയുടെ നേതാക്കളോടും പാര്‍ട്ടിയിലെ നേതാക്കളോടും നന്ദി അറിയിക്കുന്നുവെന്നും ലസിതാ പറഞ്ഞു.

“അധികാരത്തിന്റെ ആര്‍ത്തി ഉള്ള വാസു അല്ല, പച്ച നോട്ട് കണ്ടപ്പോള്‍ പ്രസ്ഥാനത്തെ ഒറ്റിയ മിന്നിയുമല്ല, മരണം വരെ സംഘ പാതയില്‍ ചരിക്കും എന്നു പ്രതിജ്ഞ എടുത്തവള്‍ ആണ”് താന്‍ എന്നും ലസിത പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ഞാന്‍ ഇടുന്ന പോസ്റ്റുകള്‍ സംഘര്‍ഷഭരിതം ആണെന്ന് എന്റെ കൂടെ പ്രവര്‍ത്തിച്ചിരുന്ന ചിലര്‍ നേതൃത്വത്തിന് പരാതി കൊടുത്തതിന്റെ അടിസ്ഥാനത്തില്‍ ആണത്രേ എന്നെ മാറ്റിയത്. അതായത് യുവമോര്‍ച്ചയുടെ പരിപാടിയില്‍ പങ്കെടുക്കാത്തതിനോ മറ്റു സംഘടനാ ചുമതല ഉത്തരവാദിത്യത്തോട് കൂടി നിര്‍വഹിക്കാത്തതിനോ അല്ല മറിച്ച് സോഷ്യല്‍ മീഡിയയയില്‍ പോസ്റ്റ് ഇടുന്നത് കൊണ്ടാണ് മാറ്റി നിര്‍ത്തിയത് എന്നാണ് ഔദ്യോഗിക വിശദീകരണം…

ഇന്ന് എനിക്ക് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ഇടുന്നതിന് വിലക്കില്ല. കാരണം ഞാന്‍ ഇന്ന് ഒരു സംഘടനയിലും ഭാരവാഹിത്വം വഹിക്കുന്ന ആളല്ല. എനിക്കു ശരി എന്ന് തോന്നുന്ന കാര്യങ്ങള്‍ തുറന്നു പറയുന്ന ശീലം ആണ് പണ്ടേ. അത് ഇനിയും ഉണ്ടാകും.

ഓര്‍മ വച്ച കാലം മുതല്‍ ആവേശം കാവിയോടാണ് ആദരം ഭഗവ ധ്വജത്തോടാണ്. അത് ജീവിതകാലം മുഴുവനും തുടരുകയും ചെയ്യും.

എന്തായാലും എന്നെ ഇത്രയും കാലം ആത്മാര്‍ത്ഥമായി പിന്തുണച്ച യുവമോര്‍ച്ചയുടെ നേതാക്കളോടും പാര്‍ട്ടിയിലെ നേതാക്കളോടും നന്ദി അറിയിക്കുന്നു എന്ന് ലസിതാ പാലക്കല്‍.

We use cookies to give you the best possible experience. Learn more