തിരുവനന്തപുരം: ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ലക്ഷ്യം പൂര്‍ണ സ്വരാജെന്ന് ആദ്യം പറഞ്ഞത് കമ്മ്യൂണിസ്റ്റുകാരെന്ന് സി.പി.ഐ.എം. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ മാനിഫെസ്റ്റോ മുന്നോട്ടുവച്ച ആശയമാണ് സമ്പൂര്‍ണ സ്വാതന്ത്ര്യമെന്നും സി.പി.ഐ.എം പറഞ്ഞു.
മഹാത്മാഗാന്ധി മുന്നോട്ടുവച്ച ‘സ്വരാജ്’ എന്ന ലക്ഷ്യത്തില്‍ ഭേദഗതി നിര്‍ദേശിക്കുന്ന, ‘പൂര്‍ണ സ്വരാജ്’ ലക്ഷ്യമായി പ്രഖ്യാപിക്കണമെന്ന പ്രമേയം മൗലാന ഹസ്രത് മൊഹാനി അവതരിപ്പിച്ചു. സ്വാമി കുമാരാനന്ദ ഈ പ്രമേയത്തെ പിന്താങ്ങി. ഇവര്‍ ഇരുവരും ഇന്ത്യയിലെ ആദ്യ തലമുറയില്‍പെട്ട കമ്യൂണിസ്റ്റുകാരായിരുന്നുവെന്നും സി.പി.ഐ.എം പ്രസ്താവനയിലൂടെ പറഞ്ഞു.
1920 ഒക്ടോബര്‍ 17ന് താഷ്‌ക്കെന്റില്‍ വെച്ച് രൂപീകരിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തീരുമാനപ്രകാരം എം.എന്‍. റോയിയും അബനി മുഖര്‍ജിയും ചേര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ മാനിഫെസ്റ്റോ തയ്യാറാക്കി കോണ്‍ഗ്രസ് സമ്മേളനത്തിനു മുന്‍പ് ഇന്ത്യയില്‍ എത്തിച്ചിരുന്നു. ആ രേഖ മുന്നോട്ടുവച്ച ആശയമാണ് ‘സമ്പൂര്‍ണ സ്വാതന്ത്ര്യം’ ആവശ്യപ്പെടുന്ന പ്രമേയത്തിലൂടെ മൊഹാനി എ.ഐ.സി.സി സമ്മേളനത്തില്‍ അവതരിപ്പിച്ചതെന്നും സി.പി.ഐ.എം പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് നടത്തുന്ന ഡിഫെന്‍ഡ് ഫ്രീഡം അറ്റ് 75 (#Defend freedomAt75) ക്യാമ്പെയിന്റെ ഭാഗമായാണ് സി.പി.ഐ.എം പ്രസ്താവന.
പ്രസ്താവനയുടെ പൂര്‍ണരൂപം:
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ലക്ഷ്യം പൂര്‍ണ സ്വാതന്ത്ര്യം (പൂര്‍ണ സ്വരാജ്) നേടിയെടുക്കലാണെന്നത് ആദ്യം ചര്‍ച്ചാവിഷയമായത് 1921ല്‍ അഹമ്മദാബാദില്‍ ചേര്‍ന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 36-ാമത് സമ്മേളനത്തിലാണ്. 1920ല്‍ കല്‍ക്കട്ടയില്‍ ചേര്‍ന്ന 35-ാമത് സമ്മേളനം അംഗീകരിച്ച, മഹാത്മാഗാന്ധി മുന്നോട്ടുവച്ച ‘സ്വരാജ്’ എന്ന ലക്ഷ്യത്തില്‍ ഭേദഗതി നിര്‍ദേശിക്കുന്ന, ‘പൂര്‍ണ സ്വരാജ്’ ലക്ഷ്യമായി പ്രഖ്യാപിക്കണമെന്ന പ്രമേയം മൗലാന ഹസ്രത് മൊഹാനി അവതരിപ്പിച്ചു. സ്വാമി കുമാരാനന്ദ ഈ പ്രമേയത്തെ പിന്താങ്ങി. ഇവര്‍ ഇരുവരും ഇന്ത്യയിലെ ആദ്യ തലമുറയില്‍പെട്ട കമ്യൂണിസ്റ്റുകാരായിരുന്നു. ഡോ. പട്ടാഭി സീതാരാമയ്യുടെ The History of Indian National Congress എന്ന കൃതിയുടെ ഒന്നാം വോള്യത്തില്‍ (പേജ് 228) ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
1920 ഒക്ടോബര്‍ 17ന് താഷ്‌ക്കെന്റില്‍ വെച്ച് രൂപീകരിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തീരുമാനപ്രകാരം എം.എന്‍. റോയിയും അബനി മുഖര്‍ജിയും ചേര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ മാനിഫെസ്റ്റോ തയ്യാറാക്കി കോണ്‍ഗ്രസ് സമ്മേളനത്തിനു മുന്‍പ് ഇന്ത്യയില്‍ എത്തിച്ചിരുന്നു. അത് കോണ്‍ഗ്രസ് സമ്മേളനത്തില്‍ അജ്മീറില്‍ നിന്നുള്ള രണ്ട് പ്രതിനിധികള്‍ സ്വന്തം പേരില്‍ അച്ചടിപ്പിച്ച് വിതരണം ചെയ്തു. ഈ രേഖ ലഭിച്ചവരില്‍ മറ്റൊരാളാണ് ഹസ്രത് മൊഹാനി. ആ രേഖ മുന്നോട്ടുവച്ച ആശയമാണ് ‘സമ്പൂര്‍ണ സ്വാതന്ത്ര്യം’ ആവശ്യപ്പെടുന്ന പ്രമേയത്തിലൂടെ മൊഹാനി എ.ഐ.സി.സി സമ്മേളനത്തില്‍ അവതരിപ്പിച്ചത്.
കോണ്‍ഗ്രസ് സമ്മേളനത്തില്‍ വിതരണം ചെയ്ത കമ്യൂണിസ്റ്റുകാരുടെ മാനിഫെസ്റ്റോയില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍:
‘സഹനാട്ടുകാരെ, ദേശീയ ജീവിതത്തിന്റെ ഭാവിയെയും പുരോഗതിയെയും ഗുരുതരമായി ബാധിക്കുന്ന വിവിധ പ്രശ്‌നങ്ങളില്‍ തീരുമാനമെടുക്കുന്നതിനായി, നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ അതിനിര്‍ണായകമായൊരു മുഹൂര്‍ത്തത്തിലാണ് നിങ്ങള്‍ സമ്മേളിച്ചിട്ടുള്ളത്. രാഷ്ട്രീയമായി മാത്രമല്ല, സാമ്പത്തികമായും സാമൂഹികമായും വമ്പിച്ചൊരു വിപ്ലവത്തിന് തൊട്ടുമുമ്പിലാണ് ഇന്ത്യന്‍ രാഷ്ട്രം ഇന്ന് നിലകൊള്ളുന്നത്. ഈ ഉപദ്വീപില്‍ അധിവസിക്കുന്നവരായ, മാനവരാശിയിലെ വലിയൊരു വിഭാഗം ഒരു നിശ്ചിത ലക്ഷ്യത്തിലേക്ക് നീങ്ങാന്‍ ആരംഭിച്ചിരിക്കുന്നു. നൂറ്റാണ്ടുകള്‍ നീണ്ട സാമ്പത്തികവും രാഷ്ട്രീയവുമായ മര്‍ദനത്തിന്റെ ഫലമായ സാമൂഹിക മുരടിപ്പിനുശേഷം അത് ഉണരുകയാണ്. അലസവിവാദങ്ങളിലും നിഷ്ഫലമായ പ്രമേയരൂപീകരണത്തിലും ഏര്‍പ്പെടുന്ന ഒഴിവു ദിവസങ്ങളിലെ ഒത്തുചേരലുകളല്ല ഇനിമേല്‍ നാഷണല്‍ കോണ്‍ഗ്രസ്. ദേശീയ വിമോചനപ്രസ്ഥാനത്തിന് നേതൃത്വം വഹിക്കുന്ന രാഷ്ട്രീയസംഘടനയായി അത് മാറിയിരിക്കുന്നു.
പുതുതായി കൈവന്ന രാഷ്ട്രീയ പ്രാധാന്യം സ്വന്തം ദാര്‍ശനികപശ്ചാത്തലം മാറ്റുവാന്‍ കോണ്‍ഗ്രസിനെ ബാധ്യസ്ഥമാക്കുന്നു. ആത്മനിഷ്ഠ സംഘടനയല്ലാതായി അത് മാറണം. നേതാക്കളുടെ ധാരണകള്‍ക്കോ അഭിലാഷങ്ങള്‍ക്കോ വിദ്വേഷങ്ങള്‍ക്കോ അനുസൃതമായല്ലാതെ വസ്തുനിഷ്ഠ സാഹചര്യങ്ങളാല്‍ നിര്‍ണയിക്കപ്പെടുന്നതാകണം അതിന്റെ ചര്‍ച്ചകളും തീരുമാനങ്ങളും.
‘ഒരു വര്‍ഷത്തിനകം സ്വരാജ്’ എന്ന് ആലേഖനം ചെയ്ത പതാക അഭിമാനപുരസരവും നിശ്ചയദാര്‍ഢ്യത്തോടെയും കോണ്‍ഗ്രസ് ഉയര്‍ത്തിയിരിക്കുന്നു. ഈ കൊടിക്കീഴില്‍ ഒന്നിക്കുവാന്‍ ഇന്ത്യയിലെ ജനങ്ങള്‍ ക്ഷണിക്കപ്പെട്ടിരിക്കുകയാണ്. ലക്ഷ്യം കൈവരിക്കുന്നതുവരെ ഈ പതാക ഉയര്‍ത്തിപ്പിടിച്ച് മുന്നേറുവാന്‍ ഇന്ത്യയിലെ ജനങ്ങളോട് നിങ്ങള്‍ ആഹ്വാനം ചെയ്യുന്നു. തീര്‍ച്ചയായും ഇത് ഉദാത്തമായ ലക്ഷ്യം തന്നെ!
36-ാം കോണ്‍ഗ്രസിന് മുമ്പാകെയുള്ള ഏറ്റവും വലിയ പ്രശ്‌നം ദേശീയ ലക്ഷ്യത്തിന് ജനങ്ങളുടെ പൂര്‍ണമനസോടെ പിന്തുണ എങ്ങനെ സമാഹരിക്കാമെന്നതാണ്. നിരക്ഷരരായ ജനസാമാന്യം സ്വരാജിന്റെ കൊടിക്കൂറ എങ്ങനെ പിന്തുടരും? ഈ പ്രശ്‌നം പരിഹരിക്കുന്നതിന് ആദ്യം വേണ്ടത് ബഹുജനങ്ങളെ അസ്വസ്ഥമാക്കുന്നത് എന്തെന്ന് അറിയുകയാണ്. തങ്ങളുടെ ദുരിതങ്ങള്‍ക്ക് അറുതി വരുത്തുന്നതാകും ദേശീയ സ്വാതന്ത്ര്യമെന്ന് ഫാക്ടറികളില്‍ പണിയെടുക്കുന്നവരെയും വയലുകളില്‍ കഷ്ടപ്പെടുന്നവരെയും എങ്ങനെ ബോധ്യപ്പെടുത്താം? ധനികരായ ഇന്ത്യക്കാരുടെ ഉടമസ്ഥതയിലുള്ള അവരില്‍ പലരും ദേശീയപ്രസ്ഥാനത്തിവന്റെ നേതാക്കള്‍ പോലുമാണ്- മില്ലുകളിലും ഫാക്ടറികളിലും ജോലി ചെയ്യുന്ന ലക്ഷക്കണക്കിനു തൊഴിലാളികള്‍ അസഹനീയമായ ജീവിത സാഹചര്യങ്ങളില്‍ കഴിയുകയും ജുഗുപ്‌സാവഹമായ പെരുമാറ്റത്തിന് വിധേയരാകുകയും ചെയ്യുന്നുവെന്നത് വസ്തുതയല്ലേ? അവരെ പോരാട്ടത്തിലേക്ക് നയിക്കണമെങ്കില്‍ അതവരുടെ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുവേണ്ടിയുള്ളതാകണം.
‘കൃഷിക്കാരന് ഭൂമിയും തൊഴിലാളിക്ക് ആഹാരവും’ എന്ന മുദ്രവാക്യമായിരിക്കും ജനങ്ങളില്‍ ഭൂരിപക്ഷത്തിന്റെ താല്‍പര്യത്തിന് അനുരോധമാകുക. ബോധപൂര്‍വം പോരാടുവാന്‍ അത് അവരെ ഉത്തേജിതരാക്കും. ദേശീയ സ്വയം നിര്‍ണയാവകാശം എന്ന അമൂര്‍ത്ത സിദ്ധാന്തം അവരെ നിഷ്‌ക്രിയരാക്കും. വ്യക്തിപ്രഭാവങ്ങള്‍ സൃഷ്ടിക്കുന്ന ആവേശം ക്രമേണ നഷ്ടപ്പെടുന്നതും മാഞ്ഞുപോകുന്നതുമാണ്.
‘പ്രഗത്ഭ അഭിഭാഷകരുടെ ചര്‍ച്ചാസംഘടനയാകുന്നത് കോണ്‍ഗ്രസ് അവസാനിപ്പിക്കണമെന്ന് മി.ഗാന്ധി പ്രഖ്യാപിച്ചത് ശരിയാണ്. പക്ഷേ, അതേ ശ്വാസത്തില്‍തന്നെ, ‘വ്യാപാരികളുടെയും സംരംഭകരുടെയും’ സംഘടനയാകണമെന്നാണ് അദ്ദേഹം നിര്‍ദേശിക്കുന്നതെങ്കില്‍ അതിന്റെ സ്വഭാവത്തില്‍ മാറ്റമുണ്ടാവുകയില്ല. ജനതയില്‍ ഭൂരിപക്ഷത്തിന്റെയും താല്‍പ്പര്യത്തിന് അത് അനുരോധമാകുകയില്ല. വ്യാപാരികള്‍ക്കും സംരംഭകര്‍ക്കും ദേശീയ സമരത്തെ വിജയകരമായ ലക്ഷ്യത്തിലേക്ക് നയിക്കുവാന്‍ സാധിക്കുകയില്ല. ബഹുജനങ്ങളുടെ ബോധപൂര്‍വമായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ രാജ്യം സ്വതന്ത്രമാകുകയും സ്വരാജ് സാക്ഷാത്കരിക്കപ്പെടുകയും ചെയ്യൂ.
ഇന്ത്യയുടെ അടിത്തറവരെ പിടിച്ചുകുലുക്കുന്ന വിപ്ലവത്തെ കോണ്‍ഗ്രസ് നയിക്കുമെങ്കില്‍ പ്രകടനങ്ങളിലും താല്‍ക്കാലികാവേശത്തിലും മാത്രമായി അത് വിശ്വാസമര്‍പ്പിച്ചുകൂടാ. കാണ്‍പൂരിലെ തൊഴിലാളികള്‍ സംഗ്രഹിച്ചതുപോലെയുള്ള ട്രേഡ് യൂണിയനുകള്‍ ഉന്നയിക്കുന്ന അടിയന്തരാവശ്യങ്ങള്‍ സ്വന്തം ആവശ്യങ്ങളായി അത് ഉന്നയിക്കട്ടെ. കിസാന്‍ സഭകളുടെ പരിപാടിയെ അത് സ്വന്തം പരിപാടിയാക്കട്ടെ. യാതൊരു പ്രതിബന്ധത്തിന് മുന്നിലും നിലയ്ക്കാത്ത ഒന്നായി കോണ്‍ഗ്രസ് മാറുന്ന കാലം വളരെ വേഗം വരും. ജനങ്ങള്‍ വേണ്ടത്ര ത്യാഗം അനുഷ്ഠിച്ചിട്ടില്ലാത്തതിനാല്‍ ഒരു നിശ്ചിതദിവസം സ്വരാജ് പ്രഖ്യാപിക്കപ്പെടാന്‍ സാധിച്ചില്ലെന്ന് കോണ്‍ഗ്രസിന് വിലപിക്കേണ്ടിവരില്ല.
സഹനാട്ടുകാരെ, ചെറിയൊരു വര്‍ഗത്തിന്റെയല്ലാതെ രാഷ്ട്രത്തിന്റെയാകെ ആവശ്യങ്ങളെ കോണ്‍ഗ്രസ് പ്രതിഫലിപ്പിക്കട്ടെ. രാഷ്ട്രീയ ചൂതാട്ടങ്ങളില്‍ ഏര്‍പ്പെടാതെ കോണ്‍ഗ്രസ് രാജ്യത്ത് വളര്‍ന്നുവരുന്ന സാമൂഹ്യശക്തികളോട് പ്രതികരിച്ച് ഓജസുറ്റതാകട്ടെ. നാടന്‍ സ്വത്തുടമാ വര്‍ഗത്തിന്റെ കുത്തകസ്ഥാപിക്കാനല്ലാതെ, രാഷ്ട്രീയവും സാമ്പത്തികവും സാമൂഹ്യവുമായ എല്ലാ ചൂഷണത്തില്‍നിന്നും ഇന്ത്യന്‍ ജനതയെ വിമോചിപ്പിക്കുവാനായി വിദേശ ചൂഷണത്തിന് അറുതി വരുത്താന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് വാക്കുകളിലൂടെയല്ലാതെ പ്രവൃത്തിയിലൂടെ അത് തെളിയിക്കട്ടെ. ചില വ്യക്തികളുടെ അഭീഷ്ടപ്രകാരം നിശ്ചയിക്കപ്പെടുന്ന ഒരു പ്രത്യേക ദിവസമല്ലാതെ, ബഹുജനങ്ങളുടെ ബോധപൂര്‍വവും ഒന്നിച്ചുള്ളതുമായ പ്രവര്‍ത്തനത്തിലൂടെ സ്വരാജ് നേടിയെടുക്കപ്പെടും.’
#Defend freedomAt75
Content Highlight: The Communists first said that the goal of India’s freedom struggle was complete freedom: CPIM