സോവിയറ്റ് യൂണിയന്റെ കമ്മ്യൂണിസ്റ്റ് ഭൂതം അപകടകരം; ഉക്രൈനെ ആരും സഹായിച്ചില്ല: പി.കെ. നവാസ്
Kerala News
സോവിയറ്റ് യൂണിയന്റെ കമ്മ്യൂണിസ്റ്റ് ഭൂതം അപകടകരം; ഉക്രൈനെ ആരും സഹായിച്ചില്ല: പി.കെ. നവാസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 25th February 2022, 12:51 pm

കോഴിക്കോട്: സോവിയറ്റ് യൂണിയന്റെ കമ്മ്യൂണിസ്റ്റ് ഭൂതം അപകടകരമാണെന്ന് എം.എസ്.എഫ് സംസ്ഥാന അധ്യക്ഷന്‍ പി.കെ. നവാസ്. ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്ററിലൂടെയാണ് നവാസ് ഇക്കാര്യം പറഞ്ഞത്.

’27 രാജ്യങ്ങളോടും സഹായം തേടിയിട്ടും ആരും പ്രതികരിച്ചില്ലെന്ന് ഉക്രൈന്‍ പ്രസിഡന്റ്,’ എന്ന തലക്കെട്ടോടെയാണ് നവാസ് പോസ്റ്റര്‍ പങ്കുവെച്ചത്.

സാമ്രാജ്യത്യ ശക്തികളുടെ ആധിപത്യ മത്സരക്കളി ലോകത്തിന് നാശമാണെന്നും സോവിയറ്റ് യൂണിയന്റെ കമ്മ്യൂണിസ്റ്റ് ഭൂതം അപകടകരമാണെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.

മനുഷ്യനെ കൊല്ലുന്ന ആക്രമണങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടാണ് നവാസ് ഫേസ്ബുക്കില്‍ പോസ്റ്റര്‍ പങ്കുവെച്ചത്.

അതേസമയം, റഷ്യ ഉക്രൈന്റെ തന്ത്രപ്രധാന മേഖലകളിലേക്കുള്ള കടന്നുകയറ്റം തുടരുകയാണ്. ചെര്‍ണോബില്‍ അടക്കമുള്ള പ്രദേശങ്ങള്‍ റഷ്യയുടെ അധീനതയിലായി എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.

ഉക്രൈനെ ഭീതിയിലാഴ്ത്തുക എന്ന തന്ത്രമാണ് റഷ്യ ചെര്‍ണോബിലില്‍ പയറ്റിയിരിക്കുന്നത്. ചെര്‍ണോബില്‍ ആണവനിലയത്തില്‍ ആക്രമണം നടത്തിയാല്‍ അതിന്റെ വരും വരായ്കകള്‍ എന്താണെന്ന് വ്യക്തമായ ബോധ്യമുള്ളതിനാല്‍ റഷ്യ അതിന് മുതിരില്ലെന്നാണ് ഇപ്പോള്‍ കരുതുന്നത്.

കഴിഞ്ഞ ദിവസം രാത്രിയോടെയാണ് റഷ്യ ചെര്‍ണോബിലിന് സമീപത്തേക്ക് കടന്നുകയറിയത്. ചെര്‍ണോബില്‍ ആണവപ്ലാന്റിന് സമീപം റഷ്യ കടന്നുകയറിയതായും അവിടെ ഏറ്റുമുട്ടല്‍ നടക്കുന്നതായും ഉക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി വ്യക്തമാക്കിയിരുന്നു.

അതേസമയം, ഉക്രൈന്‍ അധിനിവേശത്തെ ന്യായീകരിച്ച് പുടിന്‍ രംഗത്തെത്തിയിരുന്നു. റഷ്യയുടെ സുരക്ഷ ഉറപ്പാക്കാനാണ് ആക്രമണം നടത്തിയതെന്നായിരുന്നു റഷ്യന്‍ ഭരണാധികാരി വ്‌ളാഡിമിര്‍ പുടിന്‍ പറഞ്ഞത്.

റഷ്യയുടെ സുരക്ഷയെ കരുതി ഉക്രൈനെതിരെ പ്രത്യേക ഓപ്പറേഷന് ഉത്തരവിടുകയല്ലാതെ തനിക്ക് മുന്നില്‍ വേറെ വഴികളില്ലായിരുന്നുവെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.


Content Highlights: The communist ghost of the Soviet Union is dangerous; No one helped Ukraine: PK Navas