അഗര്‍ത്തല: ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ ത്രിപുരയില്‍ സി.പി.ഐ.എമ്മും കോണ്‍ഗ്രസും ഒരുമിച്ച് നില്‍ക്കുന്നതില്‍ ബി.ജെ.പിക്ക് ഭയമെന്ന് മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെ ഭരണത്തില്‍ ജനാധിപത്യത്തിന്റെ തകര്‍ച്ചയാണ് ബി.ജെ.പി കാരണം ത്രിപുരയില്‍ സംഭവിച്ചതെന്നും മണിക് സര്‍ക്കാര്‍ പറഞ്ഞു.
രണ്ട് പാര്‍ട്ടികളും ഒരുമിച്ച് നില്‍ക്കുന്നതിന്റെ ധാര്‍മികതയെ ബി.ജെ.പി ചോദ്യം ചെയ്യുന്നുണ്ടെങ്കിലും ഇത് ജനങ്ങളുടെ ആവശ്യമാണ്. ജനങ്ങള്‍ക്ക് വര്‍ഗീയ പാര്‍ട്ടിയെ പുറത്താക്കണമെന്നാണ് ആവശ്യമെന്നും മണിക് സര്‍ക്കാര്‍ പറഞ്ഞു. ധാലൈ ജില്ലയിലെ സുര്‍മ അസംബ്ലി മണ്ഡലത്തില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനഹിതത്തിനനുസരിച്ചാണ് ത്രിപുരയില്‍ ഇടത്-കോണ്‍ഗ്രസ് സഖ്യം ഉണ്ടായതെന്നും, ജനാധിപത്യത്തിന്റെ തിരിച്ചുവരവാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതും അദ്ദേഹം വ്യക്തമാക്കി.
ജനാധിപത്യം, മതേതരത്വം, സ്വാതന്ത്ര്യം എന്നിവ തിരിച്ചുകൊണ്ടുവരികയാണ് ഈ സഖ്യത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം. രാജ്യത്തെ രക്ഷിക്കാന്‍ ബി.ജെ.പിയെ പുറത്താക്കുക എന്ന രാജ്യവ്യാപക മുദ്രാവാക്യം തൃപുരയില്‍ പ്രാബല്യത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ തോല്‍വി അനിവാര്യമാണ്. 2013ലെ തെരഞ്ഞടുപ്പില്‍ അഞ്ച് ശതമാനത്തില്‍ കുറവ് വോട്ട് മാത്രമേ ബി.ജെ.പി നേടിയിരുന്നുള്ളൂ. 2018ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയും ഐ.പി.എഫ്.ടിയും ചേര്‍ന്നാണ് 50 ശതമാനം വോട്ട് നേടിയത്. 2013ല്‍ കോണ്‍ഗ്രസ് 41 ശതമാനം വോട്ട് നേടിയിരുന്നെങ്കിലും 2018ല്‍ അത് അതിഭീകരമായി കുറഞ്ഞിരുന്നു. ഇടതുപക്ഷത്തിനും 6-7 ശതമാനം വോട്ട് കുറവുണ്ടാകുമെന്നും മണിക് സര്‍ക്കാര്‍ പരാമര്‍ശിച്ചു.
ആദിവാസി ഇതര കോണ്‍ഗ്രസ് വോട്ടുകള്‍ ഇത്തവണ നഷ്ടമാകുമെന്ന് ബി.ജെ.പി ഭയക്കുന്നു. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇടതുപക്ഷത്തെ തോല്‍പിക്കുന്നതില്‍ ആദിവാസി ഇതര കോണ്‍ഗ്രസ് വോട്ടുകള്‍ക്ക് പ്രധാന പങ്കുണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദിവാസി വിഭാഗങ്ങളുടെ വോട്ട് ലഭിക്കാന്‍ ബി.ജെ.പിയെ സഹായിച്ച ഐ.പി.എഫ്.ടിയും തകരുമെന്നും മണിക് സര്‍ക്കാര്‍ പറഞ്ഞു.
പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും ഇവിടെ പ്രചരണത്തിന് വന്നേക്കാം. എന്നാല്‍ അതിലൊന്നും ഒരു കാര്യവുമില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങളെ വിഡ്ഢികളാക്കിയാണ് ബി.ജെ.പി അധികാരത്തില്‍ വന്നത്. സംസ്ഥാനത്ത് ബി.ജെ.പി-ഐ.പി.എഫ്.ടി ഭരണത്തില്‍ 25 സി.പി.ഐ.എം നേതാക്കളും പ്രവര്‍ത്തകരും കൊല്ലപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു. ജനാധിപത്യം പുലരുന്നതിനും ജനപക്ഷ സര്‍ക്കാര്‍ ഭരണത്തില്‍ വരുന്നതിനും ജനങ്ങളുടെ വോട്ട് രേഖപ്പെടുത്തണമെന്ന് മണിക് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു.
എന്നാല്‍ ഇടത്-കോണ്‍ഗ്രസ് സഖ്യം പരസ്യമായത് ബി.ജെ.പിയെ സഹായിക്കുമെന്നാണ് ത്രിപുര മുഖ്യമന്ത്രി മണിക് സാഹ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. സി.പി.ഐ.എമ്മും കോണ്‍ഗ്രസും ഒന്നിക്കുന്നത് സംസ്ഥാനത്തെ വോട്ടര്‍മാര്‍ക്ക് ഇഷ്ടമല്ലെന്നും അദ്ദേഹം പറഞ്ഞു.
‘കോണ്‍ഗ്രസിനും ഇടതുപക്ഷത്തിനും പരസ്പരം വിശ്വാസമില്ല. 25 വര്‍ഷം സി.പി.ഐ.എം സംസ്ഥാനത്ത് ഭീകരത അഴിച്ചുവിട്ടു. ഇപ്പോള്‍ അവര്‍ കോണ്‍ഗ്രസുമായി ഒരുമിച്ചിരിക്കുമ്പോള്‍ ഇതിലും വലിയ സങ്കടം ജനങ്ങള്‍ക്ക് വേറെയുണ്ടാവില്ല. ആളുകള്‍ക്ക് അത് ഇഷ്ടമല്ല’ എന്നും മുഖ്യമന്ത്രി സൂചിപ്പിച്ചിരുന്നു.
ഫെബ്രുവരി 16നാണ് ത്രിപുരയില്‍ തെരഞ്ഞെടുപ്പ് നടത്തുന്നത്. 60 അംഗ നിയമസഭയില്‍ 43 സീറ്റിലാണ് സി.പി.ഐ.എം മത്സരിക്കുക. 13 സീറ്റുകള്‍ കോണ്‍ഗ്രസിനായി മാറ്റിവെച്ചിട്ടുണ്ട്.