| Monday, 25th March 2024, 12:08 pm

പരാമര്‍ശങ്ങള്‍ ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചായിരുന്നില്ല, സൈബര്‍ അധിക്ഷേപം നേരിടുന്നു; വിശദീകരണവുമായി സത്യഭാമ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നര്‍ത്തകന്‍ ഡോ. ആര്‍.എല്‍.വി രാമകൃഷ്‌നെതിരെ അധിക്ഷേപിച്ച നൃത്താധ്യാപിക സത്യഭാമ താന്‍ സൈബര്‍ അധിക്ഷേപം നേരിടുന്നു എന്ന പരാതിയുമായി രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവര്‍ ഈ പരാതി ഉന്നയിച്ചിരിക്കുന്നത്. ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചായിരുന്നില്ല തന്റെ പരാമര്‍ശങ്ങളെന്നും അവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഇതാദ്യമായാണ് സത്യഭാമ താന്‍ നടത്തിയ അധിക്ഷേപങ്ങളെ കുറിച്ച് ഇത്തരമൊരു വിശദീകരണം നല്‍കുന്നത്. നേരത്തെ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണങ്ങളില്‍ ആര്‍.എല്‍.വി രാമകൃഷ്ണനെതിരെ അവര്‍ നടത്തിയ അധിക്ഷേപങ്ങളില്‍ ഉറച്ച് നില്‍ക്കുകയും കൂടുതല്‍ അധിക്ഷേപങ്ങള്‍ നടത്തുകയുമാണ് ചെയ്തിരുന്നത്. എന്നാല്‍ താന്‍ ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല എന്ന കാര്യം കൂടി അവരിപ്പോള്‍ പുതിയതായി പറയുന്നു.

താന്‍ ചില മാധ്യമങ്ങളോടും യുട്യൂബ് ചാനലുകളോടും പറഞ്ഞ കാര്യങ്ങളെ മാധ്യമങ്ങള്‍ തന്നെ വളൊച്ചൊടിക്കുകയായിരുന്നു എന്നാണ് സത്യഭാമ ഇപ്പോള്‍ പറയുന്നത്. മാത്രവുമല്ല ഇതിന്റെ പേരില്‍ തനിക്കെതിരെ സൈബര്‍ അധിക്ഷേപം നടക്കുന്നതായും തന്റെ കുടുംബത്തെയും സ്വകാര്യതയെയും ഇതിലേക്ക് വലിച്ചിഴക്കുന്നതായും അവര്‍ പരാതി ഉന്നയിക്കുന്നുണ്ട്.

ആര്‍.എല്‍.വി രാമകൃഷ്ണനെ ഉദ്ദേശിച്ചുകൊണ്ടുള്ള ചില പരാമര്‍ശങ്ങളും സത്യഭാമയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റിലുണ്ട്. താന്‍ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുമ്പോള്‍ ‘ഉദ്ദേശിച്ച വ്യക്തിക്ക്’ മോഹിനിയാട്ടത്തിന് നിരവധി അവസരങ്ങള്‍ നല്‍കിയിരുന്നു എന്നാണ് അവര്‍ പറയുന്നത്.

ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തിരുവനന്തപുരത്ത് നൃത്ത വിദ്യാലയം നടത്തുന്ന സത്യഭാമ ആര്‍.എല്‍.വി രാമകൃഷ്ണനെ അധിക്ഷേപിച്ചത്. അദ്ദേഹത്തിന് കാക്കയുടെ നിറമാണെന്നും, പെറ്റ തള്ള കണ്ടാല്‍ സഹിക്കില്ല എന്നുമെല്ലാമായിരുന്നു സത്യഭാമയുടെ പരാമര്‍ശങ്ങള്‍. ഇത് വലിയ വിവാദമായതിന് പിന്നാലെ മാധ്യമങ്ങള്‍ ഇവരുടെ പ്രതികരണം തേടിയപ്പോള്‍ മാധ്യമങ്ങളോട് വളറെ ക്ഷോഭിച്ചും തന്റെ മുന്‍ പ്രസ്താവനകളിള്‍ ഉറച്ച് നിന്നുകൊണ്ടുമാണ് അവര്‍ സംസാരിച്ചിരുന്നത്.

സംഘപരിവാര്‍ സഹയാത്രികയായ സത്യഭാമ കേസരിയില്‍ ലേഖനം എഴുതുകയും ബി.ജെ.പി അംഗത്വം സ്വീകരിക്കുകയും ചെയ്തിരുന്നു. ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ ബി.ജെ.പി സംഘടിപ്പിച്ച സംമരങ്ങളിലും സത്യഭാമ സജീവ സാന്നിദ്ധ്യമായിരുന്നു. സത്യഭാമ ബി.ജെ.പി അംഗത്വം എടുക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയും പുറത്ത് വന്നിരുന്നെങ്കിലും അവര്‍ ബി.ജെ.പിക്കാരിയാണെന്ന കാര്യം ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ അംഗീകരിച്ചിരുന്നില്ല.

CONTENT HIGHLIGHTS: The comments were not intended to hurt anyone, and cyberbullying is being dealt with; Satyabhama with explanation

We use cookies to give you the best possible experience. Learn more