മിന്നല്‍ മുരളി കണ്ടവര്‍ക്കാര്‍ക്കും മറക്കാനാവാത്ത കഥാപാത്രമാണ് തമിഴ് നടനായ ഗുരു സോമസുന്ദരം അവതരിപ്പിച്ച ഷിബു. ഗുരു സോമസുന്ദരനൊപ്പം കയ്യടി നേടിയ മറ്റൊരും കഥാപാത്രം കൂടിയാണ് ടി.വി സീരിയലില്‍ സുപരിചിതയായ ഷെല്ലി കിഷോര്‍ അവതരിപ്പിച്ച ഉഷ.
ചിത്രത്തില്‍ ഷെല്ലിയും ഗുരു സോമസുന്ദരവും അവതരിപ്പിച്ച ചെറിയ കോമ്പിനേഷന്‍ സീന്‍ ഇതിനോടകം സമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാവുന്നുണ്ട്.
ഇപ്പോഴിതാ ഗുരു സോമസുന്ദരവുമായുള്ള കോമ്പിനേഷന്‍ രംഗം ഒറ്റ ടെയ്ക്കില്‍ സംഭവിച്ച മാജിക്കായിരുന്നെന്ന് തുറന്നുപറയുകയാണ് ഷെല്ലി കിഷോര്‍. ഇന്ത്യഗ്ലിറ്റ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഷെല്ലിയുടെ പ്രതികരണം.
‘ഗുരു സാറിനെ നേരത്തെ എനിക്ക് അറിയില്ലായിരുന്നു. അദ്ദേഹം നന്നായി ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്ന വ്യക്തിയാണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. ഗുരുസാറുമായുള്ള കോമ്പിനേഷന്‍ സീന്‍ ഒറ്റ ടെയ്ക്കില്‍ സംഭവിച്ചതാണ്.
സമീര്‍ താഹിര്‍ അതിനെ നന്നായി ഒപ്പിയെടുത്തതുകൊണ്ടാണ് അത് ഇത്രയും ഭംഗിയുള്ളതായത്. അതൊരു മാജിക്കായി സംഭവിച്ചിരിക്കുന്നു,’ ഷെല്ലി പറഞ്ഞു.
ഗുരു അദ്ദേഹത്തിന് നല്‍കാന്‍ കഴിയുന്നതിന്റെ നൂറ് ശതമാനമാണ് സിനിമക്ക് വേണ്ടി തരുന്നത്. ചെയ്തതില്‍ അദ്ദേഹത്തിന് എന്തെങ്കിലും സംശയമുണ്ടെങ്കില്‍ അദ്ദേഹം തന്നെ റീ ടെയ്ക്കിനായി ആവശ്യപ്പെടുമെന്നും ഷെല്ലി പറഞ്ഞു.
ബേസിലാണ് ഈ ചിത്രത്തിന്റെ എല്ലാം. അദ്ദേഹം സിനിമയെ നല്ല രീതിയില്‍ കരക്കെത്തിച്ചു. ആര്‍ട്ടിസ്റ്റുകള്‍ക്ക് കഴിയുന്നത് ചെയ്യാനുള്ള ഫ്രീഡം ബേസില്‍ നല്‍കിയിരുന്നെന്നും ഷെല്ലി കൂട്ടിച്ചേര്‍ത്തു.
ഏഷ്യാനെറ്റില്‍ വന്ന ‘കുങ്കുമപ്പൂവ്’ എന്ന പരമ്പരയിലെ വേഷമാണ് ഷെല്ലിയെ പ്രശസ്തയാക്കിയത്. അതിലെ അഭിനയത്തിന് ഒട്ടേറെ ടെലിവിഷന്‍ അവാര്‍ഡുകളും, അമൃത ടി.വിയിലെ ‘തനിയെ’ എന്ന പരമ്പരയിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാറിന്റെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരവും(2006) കരസ്ഥമാക്കിയിട്ടുണ്ട്.
അകം, ചട്ടക്കാരി തുടങ്ങിയ സിനിമകളിലെ ചെറുവേഷങ്ങളില്‍ അഭിനയിച്ച അവര്‍ 2013 ല്‍ ‘തങ്കമീന്‍കള്‍’ എന്ന തമിഴ് സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ‘വെയിറ്റിംഗ് റൂം’ എന്നൊരു ഹിന്ദി സിനിമയിലും ഷെല്ലി അഭിനയിച്ചിട്ടുണ്ട്.
അതേസമയം, അഞ്ച് സുന്ദരികള്‍ എന്ന ആന്തോളജി സിനിമയിലൂടെയാണ് ഗുരു സോമസുന്ദരം മലയാളികള്‍ക്ക് പരിചിതനായത്. തമിഴ്‌നാട്ടിലെ പ്രശസ്തമായ നാടകസംഘമായ കൂത്തുപ്പട്ടറൈയുടെ ഭാഗമായിട്ടായിരുന്നു അദ്ദേഹത്തിന്റെ കലാജീവിതം ആരംഭിച്ചത്.
ഡിസംബര്‍ 24 ന് ഉച്ചയ്ക്ക് 1.30 നാണ് മിന്നല്‍ മുരളി ഇന്ത്യയില്‍ സ്ട്രീം ചെയ്ത് തുടങ്ങിയത്. 2 മണിക്കൂറും 38 മിനിറ്റുമുള്ള പടം കണ്ട് കഴിഞ്ഞതോടെ് സിനിമ ഗ്രൂപ്പുകളിലും സ്വന്തം പ്രൊഫൈലുകളിലും ചിത്രത്തിനെ പുകഴ്ത്തി നിരവധി ആളുകളാണ് എത്തിയത്.
CONTENT HIGLIGHTS: ‘The combination scene with Guru is the magic that happened in a single take’; Shelley Kishore talks about the viral scene in Minnal Murali