| Friday, 30th October 2020, 6:45 pm

മൂത്രപ്പുരയ്ക്ക് പാര്‍ട്ടി പതാകയുടെ നിറം; നടപടി ആവശ്യപ്പെട്ട് സമാജ്‌വാദി പാര്‍ട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: റെയില്‍വേ ആശുപത്രിയുടെ മൂത്രപ്പുരയ്ക്ക് പാര്‍ട്ടി പതാകയുടെ നിറം നല്‍കി അപമാനിക്കാന്‍ ശ്രമിച്ചെന്ന് സമാജ്‌വാദി പാര്‍ട്ടി. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലെ റെയില്‍വേ ആശുപത്രിയുടെ മൂത്രപ്പുരയ്ക്കാണ് ചുവപ്പും പച്ചയും നിറങ്ങള്‍ നല്‍കിയിരിക്കുന്നത്.

സമാജ്‌വാദി പാര്‍ട്ടിയുടെ പതാകയുടെ നിറം ചുവപ്പും പച്ചയുമാണ്. ഇതേ നിറം മൂത്രപ്പുരയ്ക്ക് നല്‍കിയിരിക്കുന്നത് പാര്‍ട്ടിയെ അപമാനിക്കാനാണെന്നാണ് സമാജ്‌വാദി പാര്‍ട്ടി ആരോപിച്ചിരിക്കുന്നത്.

ഗോരഖ്പൂര്‍ റെയില്‍വേ ആശുപത്രിയില്‍ എസ്.പിയുടെ പതാകയുടെ നിറം മൂത്രപ്പുരയ്ക്ക് നല്‍കിയത് ജനാധിപത്യത്തെ കളങ്കപ്പെടുത്തുന്നതും ലജ്ജാകരവുമായ സംഭവമാണെന്നാണ് സമാജ്‌വാദി പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിന്ററില്‍ പാര്‍ട്ടി പ്രതികരിച്ചത്.

ഒരു പ്രധാന രാഷ്ട്രീയ പാര്‍ട്ടിയുടെ പതാകയുടെ നിറങ്ങളെ അപമാനിക്കുന്നത് തികച്ചും അപലപനീയമാണെന്നും ട്വീറ്റില്‍ പറയുന്നു.

സംഭവത്തില്‍ എത്രയും പെട്ടന്ന് നടപടിയെടുക്കണമെന്നും അല്ലെങ്കില്‍ ബഹുജനപ്രക്ഷോഭത്തിലേക്ക് കടക്കുമെന്നും പാര്‍ട്ടി അറിയിച്ചു.

ബി.ജെ.പി അധികാരത്തില്‍ വന്നതിനുശേഷം പാര്‍ട്ടിയുടെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളും തങ്ങള്‍ക്കെതിരെ ഉപയോഗിക്കുകയാണെന്ന് സമാജ്വാദി പാര്‍ട്ടി ജില്ലാ പ്രസിഡന്റ് റാം നാഗിന സാഹ്നി പറഞ്ഞു.

മൂത്രപ്പുരയില്‍ ഉപയോഗിച്ചിരിക്കുന്ന ടൈലുകള്‍ നീക്കം ചെയ്യാന്‍ റെയില്‍വേ ജനറല്‍ മാനേജര്‍ക്ക് 24 മണിക്കൂര്‍ സമയം നല്‍കിയിട്ടുണ്ടെന്നും മാറ്റിയില്ലെങ്കില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ബഹുജന പ്രക്ഷോഭം നടത്തുമെന്നും സാഹ്നി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: The color of the party flag for the urinal; Samajwadi Party demanding action

We use cookies to give you the best possible experience. Learn more