ഇടുക്കി ജില്ലയിലെ പെട്ടിമുടിയില്‍ നടന്ന ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നിരവധി തോട്ടംതൊഴിലാളി കുടുംബങ്ങള്‍ കൊല്ലപ്പെട്ടതോടുകൂടി കേരളത്തിലെ തോട്ടം തൊഴില്‍ മേഖല കാലങ്ങളായി നേരിടുന്ന അവഗണനകള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. സ്വന്തമായി ഭൂമിയും വീടുമൊന്നുമില്ലാത്ത കേരളത്തിലെ തോട്ടം തൊഴിലാളി കുടുംബങ്ങള്‍ പ്ലാന്റേഷന്‍ കമ്പനികള്‍ അവര്‍ക്കനുവദിച്ചു നല്‍കുന്ന ഒറ്റമുറി ലയങ്ങളില്‍ അടിമസമാനമായ ജീവിതമാണ് നയിച്ചുവരുന്നത്. കേരളത്തിലെ സ്വകാര്യ പ്ലാന്റേഷന്‍ കമ്പനികള്‍ അനധികൃതമായി കൈവശം വെച്ചുപോരുന്നത് ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമിയാണെന്ന് വിവിധ സര്‍ക്കാര്‍ കമ്മീഷനുകള്‍ കണ്ടെത്തിയിട്ടും ഈ ഭൂമി തിരിച്ചുപിടിക്കുന്നതിനോ ഭൂരഹിത വിഭാഗങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിനോ സര്‍ക്കാറുകള്‍ തയ്യാറാകാത്തത് ഗൗരവമായ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയാണ്. കേരളത്തിലെ സ്വകാര്യ പ്ലാന്റേഷനുകള്‍ നടത്തിയ ഭൂമി കയ്യേറ്റത്തിനെതിരെ നിരവധി നിയമപോരാട്ടങ്ങള്‍ നടത്തിയ മുന്‍ കേരള ഗവ. റവന്യൂ പ്ലീഡര്‍ സുശീല ഭട്ട് ഡൂള്‍ന്യൂസിനോട് സംസാരിക്കുന്നു.
അഭിമുഖം: സുശീല ഭട്ട് / ഷഫീഖ് താമരശ്ശേരി
കേരളത്തിലെ തോട്ടം തൊഴില്‍ മേഖലയില്‍ ജോലി ചെയ്തുവരുന്ന ആയിരക്കണക്കിന് കുടുംബങ്ങള്‍ യാതൊരു വിധ അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാകാതെയാണല്ലോ ഇന്നും ജീവിച്ചുവരുന്നത്. സുരക്ഷിതമല്ലാത്ത ഭൂമികളില്‍ കോളനിജീവിതം നയിച്ചുവരുന്ന ഇവര്‍ കേരളത്തില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പ്രകൃതി ദുരന്തങ്ങള്‍ക്കും ഇരകളാകുന്നു. അതേ സമയം ഈ തൊഴിലാളികള്‍ക്ക് കൂടി അവകാശപ്പെട്ട ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമി ഇന്നും സ്വകാര്യ പ്ലാന്റേഷനുകള്‍ കയ്യടക്കി വെച്ചിരിക്കുകയുമാണല്ലോ. ഈ സാഹചര്യത്തെ എങ്ങിനെ വിലയിരുത്തുന്നു?
തലമുറകളായി ഇവിടെ ജീവിച്ചുവരുന്ന തോട്ടം തൊഴിലാളികളെ ഈ നാട്ടിലെ പൗരന്മാരായി പോലും നമ്മുടെ സര്‍ക്കാറുകള്‍ പരിഗണിക്കുന്നില്ല എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. അവരുടെ ഭാഷ തമിഴായിരിക്കാം, പക്ഷെ അവരും ഈ നാട്ടിലെ പൗരന്മാരല്ലേ, അവരും കേരളത്തിന്റെ ഭാഗമല്ലേ. മരിച്ചാല്‍ ശവസംസ്‌ക്കാരം നടത്താന്‍ പോലും കഴിയാത്ത വിധത്തിലാണ് ഇവിടെ ഭൂരഹതിരായ പാര്‍ശ്വവത്കൃത വിഭാഗങ്ങള്‍ ജീവിച്ചുവരുന്നത്. പ്രബുദ്ധ കേരളത്തിലാണ് ഇതെല്ലാം നടക്കുന്നത്. എല്ലാ വിഭാഗം ജനങ്ങളെയും ഒന്നായി കാണാന്‍ ഇനിയും നമുക്ക് സാധിച്ചിട്ടില്ല.
പെട്ടിമുടി ദുരന്തം
തങ്ങളുടെ സാമ്രാജ്യങ്ങള്‍ പടുത്തുയര്‍ത്താന്‍ മാത്രം താല്‍പര്യമുള്ള ഇവിടുത്തെ ഭൂവുടമകള്‍ തൊഴിലാളി ജീവിതങ്ങള്‍ക്ക് യാതൊരു വിലയും കല്‍പ്പിക്കുന്നില്ല. തങ്ങളുടെ ബിസിനസ് സാമ്രാജ്യം ലോകം മുഴുവന്‍ വ്യാപിപ്പിക്കുന്നതില്‍ മാത്രമാണ് ഇക്കൂട്ടരുടെ ശ്രദ്ധ. സാമ്പത്തിക ലാഭം മാത്രമാണ് ഇവരുടെ ലക്ഷ്യം. തൊഴിലാളികള്‍ മണ്ണില്‍ വിയര്‍പ്പൊഴുക്കി പണിയെടുത്ത് ഉണ്ടാക്കുന്ന ഉത്പന്നങ്ങളാണ് തങ്ങള്‍ മാര്‍ക്കറ്റില്‍ കൊണ്ടുപോയി വില്‍ക്കുന്നതെന്ന ചിന്ത പോലും ഇവര്‍ക്കില്ല. അതുകൊണ്ടു തന്നെ തൊഴിലാളികളുടെ ജീവിതനിലവാരമോ സാഹചര്യങ്ങളോ ഇവര്‍ പരിഗണിക്കാറുമില്ല.
എത്ര കിട്ടി, എത്ര ചെലവായി, എത്ര കൊടുക്കാനുണ്ട്, ഇനിയുമെത്ര ഉണ്ടാക്കാം എന്നതിനപ്പുറത്തേക്ക് മറ്റൊന്നും ഉടമകളുടെ പരിഗണനാ വിഷയങ്ങളേയല്ല. ഈ ഒരു ചിന്താഗതിയുണ്ടെങ്കിലേ അവര്‍ക്ക് സാമ്രാജ്യങ്ങള്‍ പടുത്തുയര്‍ത്താന്‍ സാധിക്കൂ എന്നതാണ് സത്യം.
ഈ സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിനിടയില്‍ തൊഴിലാളികളുടെ ജീവനും ജീവിതവും വെച്ചാണ് ഇവര്‍ കളിക്കുന്നതെന്ന് ആരും തിരിച്ചറിയുന്നില്ല. ഏതുവിധേനെയും ഈ വമ്പന്‍ മുതലാളിമാരെ പ്രീതിപ്പെടുത്താനും അവരുടെ സേവകരായി കഴിയാനുമാണ് എല്ലാ ഭരണസംവിധാനങ്ങളും രാഷ്ട്രീയകക്ഷികളും ശ്രമിച്ചുക്കൊണ്ടിരിക്കുന്നത്.
ഈ തൊഴിലാളികള്‍ക്കും മനുഷ്യാവകാശങ്ങളുണ്ട്, ജീവനുണ്ട്, അവരുടെ ജീവിതത്തിനും വിലയുണ്ട്. ഓരോ ദുരന്തത്തിലും എത്രയോ കുടുംബങ്ങളാണ് മുഴുവനായും ഇല്ലാതാകുന്നത്. ഇതിനെ പ്രകൃതി ദുരന്തമെന്നൊക്കെ വേണമെങ്കില്‍ പറയാം. പക്ഷെ ഇതൊരു മനുഷ്യനിര്‍മ്മിത ദുരന്തമാണോ എന്നത് അന്വേഷിക്കേണ്ടതുണ്ട്.
നിരവധി ജീവനുകള്‍ പൊലിയുന്ന ദുരന്തങ്ങളുണ്ടാകുമ്പോള്‍ അതേക്കുറിച്ച് സര്‍ക്കാര്‍ അന്വേഷം നടത്തേണ്ടതല്ലേ. വളര്‍ന്നു വലുതാകേണ്ട എത്രയോ കുട്ടികളുടെ ജീവനാണ് മണ്ണിനടിയില്‍പെട്ട് ഇല്ലാതായത്. ഇവരുടെ കാര്യത്തിലൊന്നും സര്‍ക്കാരിന് ഒരു ഉത്തരവാദിത്തവും ഇല്ലേ.
തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളിലൊന്ന്
ഒരു ഭാഗത്ത് വിദേശ കുത്തകകള്‍ കൊയ്യുന്ന സമ്പത്തിനും അവര്‍ കയ്യടക്കി വെച്ചിരിക്കുന്ന ഭൂമിക്കും യാതൊരു കണക്കില്ല. അതേ പൊലെ തന്നെയാണ് പൊലിയുന്ന ജീവനുകളുടെയും കാര്യം. യാതൊരു കണക്കുകളുമില്ല. പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവര്‍ ആരൊക്കെയാണെന്ന് അറിയാന്‍ ശ്രമിച്ചിരുന്നു. പക്ഷെ കൃത്യമായ വിവരങ്ങള്‍ എവിടെയും ലഭ്യമല്ല.
ഇത്ര ആളുകള്‍ മരിച്ചു എന്നതല്ലാതെ അവര്‍ ആരാണ്, അവരുടെ പേരെന്താണ് എന്ന് പോലും എവിടെയും രേഖപ്പെടുത്തിയിട്ടില്ല. ഇവര്‍ മനുഷ്യരല്ലേ…പൗരന്മാരല്ലേ…ഇവര്‍ക്കൊരു മേല്‍വിലാസം ഇല്ലേ…
വ്യാജരേഖകള്‍ ചമച്ച് ഭൂമി മുഴുവന്‍ കൈയ്യടക്കി വെച്ചിരിക്കുന്നവര്‍ക്ക് നല്ല പേരും മേല്‍വിലാസവുമുണ്ട്. ഈ മണ്ണില്‍ വിയര്‍ത്തൊലിച്ച് പണിയെടുക്കുന്നവര്‍ക്ക് പേരോ വിലാസമോ ഇല്ല. എന്തൊരു വിരോധാഭാസമാണ് ഈ നാട്ടില്‍ നടക്കുന്നത്. ഇവിടെയെങ്ങുമില്ലാത്ത വിദേശ കമ്പനികള്‍ക്ക് ഇവിടെ വിലാസമുണ്ട്. അവരുടെ പേരിലാണ് റവന്യു രേഖകള്‍. ലണ്ടനിലാണെന്ന് പറയപ്പെടുന്ന, എന്നാല്‍ അവിടുത്തെ രേഖകളിലൊന്നുമില്ലാത്ത കമ്പനികളുടെ പേരിലാണ് ഇവിടെ കരം കൊടുക്കുന്നത്. അതെല്ലാം സര്‍ക്കാര്‍ അംഗീകരിക്കും. ഇതിനുള്ള മറുപടി കൊടുക്കേണ്ടത് ജനങ്ങളാണ്.
ജീവനുകള്‍ നഷ്ടപ്പെടുമ്പോള്‍ മാത്രമാണ് ഇത്തരം വിഷയങ്ങള്‍ക്ക് നേരെ കണ്ണുതുറക്കുന്നത്. എന്നിട്ടും നിസംഗതയും പ്രീണനവും മാത്രമാണ് സര്‍ക്കാരില്‍ നിന്നും വരുന്നത്. ഇനിയെങ്കിലും ഇതിന് ഒരു അറുതി വേണ്ടേ. ഇനിയുമൊരു പെട്ടിമുടിയോ കവളപ്പാറയോ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതല്ലേ. പക്ഷെ ഈ ദുരന്തങ്ങളുടെ ഉത്തരവാദികളെ കണ്ടെത്താന്‍ സര്‍ക്കാരിന് പേടിയാണ്.
കേരളത്തിലെ സ്വകാര്യ പ്ലാന്റേഷനുകള്‍ക്കെതിരായ നിയമപരമായ പോരാട്ടങ്ങളിലേക്ക് താങ്കള്‍ എത്തുന്നത് എങ്ങിനെയാണ്?
2011 ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴാണ് ഞാന്‍ റവന്യൂ വകുപ്പിന്റെ പ്ലീഡര്‍ ആയി നിയമിക്കപ്പെടുന്നത്. ടാറ്റ, ഹാരിസണ്‍ മലയാളം, എ.വി.ടി , ടി.ആര്‍.എന്‍.ടി, പോപ്‌സണ്‍, കരുണ, തുടങ്ങി അനേകം സ്വകാര്യ പ്ലാന്റേഷന്‍ കമ്പനികള്‍ക്കെതിരെയുള്ള കേസ്സുകള്‍ ആ സമയത്ത് എന്റെ കയ്യില്‍ വന്നിരുന്നു. കേസുകളുടെ ഭാഗമായി കമ്പനികളുടെ ഭൂ ഉടമസ്ഥതയുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ചപ്പോഴാണ് അതെല്ലാം വ്യാജമാണെന്നും നമ്മുടെ സര്‍ക്കാറിനും ജനങ്ങള്‍ക്കും അവകാശപ്പെട്ട അനേകം ഭൂമി സ്വകാര്യ കമ്പനികള്‍ തട്ടിപ്പിലൂടെ കയ്യടക്കിവെച്ചിരിക്കുകയാണെന്നും എനിക്ക് ബോധ്യമാകുന്നത്. പരമാവധി തെളിവുകള്‍ ശേഖരിച്ച് കോടതി വഴി ഈ ഭൂമി തിരിച്ചുപിടിക്കാനാണ് ഞാന്‍ പിന്നീട് ശ്രമിച്ചത്.
സുശീല ഭട്ട്
ചരിത്രത്തില്‍ തങ്ങള്‍ നടത്തിയ എല്ലാ ക്രമക്കേടുകളെയും തട്ടിപ്പുകളെയും മൂടിവെച്ചാണ് ടാറ്റയും ഹാരിസണും അടക്കമുള്ള വന്‍കിട കമ്പനികള്‍ ഇന്ന് നിലനില്‍ക്കുന്നത്. കാര്യമായ ഒരു അന്വേഷണം സര്‍ക്കാര്‍ തലത്തില്‍ നടത്തിയാല്‍ ഇതിന്റെയെല്ലാം സത്യാവസ്ഥകള്‍ പുറത്തുകൊണ്ടുവരാനും കയ്യേറ്റ ഭൂമി തിരിച്ചുപിടിക്കാനും സാധിക്കും. പക്ഷേ അതിന് ആരും തയ്യാറാകുന്നില്ല എന്ന് മാത്രമല്ല മുമ്പ് ഈ വിഷയത്തില്‍ അന്വേഷണങ്ങള്‍ നടത്തിയ നിവേദിത പി. ഹരന്‍, സജിത് ബാബു എന്നീ കമ്മീഷന്‍ റിപ്പോര്‍ട്ടുകളെല്ലാം മൂടിവെയ്ക്കപ്പെടുകയാണുണ്ടായത്.
മൂന്നാറിന്റെ അപ്രഖ്യാപിത ഉടമസ്ഥരെപ്പോലെയാണ് ടാറ്റ പെരുമാറുന്നത്. അവര്‍ക്കെതിരെ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന ചിന്താഗതിയാണ് പൊതുവില്‍ നിലനില്‍ക്കുന്നത്. എന്നാല്‍ ടാറ്റ നിലവില്‍ കൈകാര്യം ചെയ്തുവരുന്ന ഭൂമിയുടെ അടിസ്ഥാന രേഖകള്‍ തന്നെ വ്യാജമാണ്. പൂര്‍ണമായും നിയമവിരുദ്ധമായി കയ്യേറിയ ഭൂമിയിലാണ് അവര്‍ അവരുടെ സാമ്രാജ്യം പണിതുയര്‍ത്തിയിരിക്കുന്നത്. മാത്രവുമല്ല ഈ രാജ്യത്തിന്റെ ഭരണഘടനെയെ പോലും വെല്ലുവിളിച്ചുകൊണ്ടാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്.
കേസ്സിനെ മുന്നോട്ടുകൊണ്ടുപോകുന്നതിനാവശ്യമായ രേഖകളൊന്നും തുടക്കത്തില്‍ എനിക്ക് ലഭിച്ചിരുന്നില്ല. കോടതിയുടെ സഹായത്തോടുകൂടി തന്നെയാണ് അവയെല്ലാം ശേഖരിക്കുന്നത്. അങ്ങനെ ഘട്ടം ഘട്ടമായി എനിക്ക് കേസ്സിനെ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിച്ചു.
തുടക്കത്തില്‍ റവന്യൂ വകുപ്പില്‍ നിന്നും ആഭ്യന്തര വകുപ്പില്‍ നിന്നുമൊക്കെ എനിക്ക് വലിയ രീതിയിലുള്ള പിന്തുണ ലഭിച്ചിരുന്നു. അതുകൊണ്ട് മാത്രമാണ് എനിക്ക് അത്രയധികം കേസ്സുകള്‍ ജയിക്കാന്‍ സാധിച്ചത്. ഇത്രയും നടപടിക്രമങ്ങള്‍ നിയമത്തിന്റെ ബലത്തില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിച്ചതും അതുകൊണ്ടാണ്.
സുശീല ഭട്ടും സംഘവും ഇടമലക്കുടിയില്‍
അഴിമതി നടത്തിയവര്‍ക്കെതിരെ എങ്ങിനെയെല്ലാം നടപടിയെടുക്കാം എന്ന കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ നിരവധി മീറ്റിംഗുകള്‍ അന്ന് കൂടിയിരുന്നു. കേസ്സുകളുമായി ബന്ധപ്പെട്ട് വളരെ സ്വതന്ത്രമായി തന്നെ മുന്നോട്ടുപോകുന്നതിനുള്ള ഒരു സാഹചര്യവും റവന്യൂ വകുപ്പില്‍ അന്ന് എനിക്ക് ഉണ്ടായിരുന്നു.
അതുകൊണ്ട് ഞാന്‍ കൈകാര്യം ചെയ്തുപോന്ന കേസ്സുകളിലെ ഫയലുകളിലും മറ്റും ആരുടെയും ഒരിടപെടലും നടന്നിരുന്നില്ല. ഞാന്‍ ഫയല്‍ ചെയ്തിരുന്ന അഫിഡവിറ്റുകള്‍ ആ ഘട്ടത്തില്‍ ഒരിക്കല്‍ പോലും ചോദ്യം ചെയ്യപ്പെട്ടിരുന്നുമില്ല. സര്‍ക്കാര്‍ തലത്തിലും സ്‌പെഷ്യല്‍ ഓഫീസര്‍ തലത്തിലും കയ്യേറ്റ ഭൂമികളുടെ മുഴുവന്‍ രേഖകളും പരിശോധിച്ചിട്ടാണ് തട്ടിപ്പുകള്‍ ഓരോന്നായി പുറത്തുകൊണ്ടുവന്നത്.
2016 ല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ താങ്കളെ ഗവ. പ്ലീഡര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത് ഈ ഭൂമാഫിയകളെ സഹായിക്കാന്‍ വേണ്ടിയാണെന്ന ആരോപണമുണ്ടല്ലോ?
പൂര്‍ണമായും അങ്ങനെ പറയാന്‍ കഴിയില്ല. കാരണം സാധാരണ ഒരു പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ തൊട്ടുമുന്‍പുള്ള സര്‍ക്കാര്‍ നിയോഗിച്ച ഗവ. പ്ലീഡര്‍മാരെ എല്ലാം മാറ്റുന്നത് പതിവാണ്. അതിന്റെ ഭാഗമായി തന്നെയായിരിക്കും എന്നെയും മാറ്റിയിട്ടുള്ളത്. പക്ഷേ, എന്നെ സംബന്ധിച്ച് അത് ഗുരുഗരമായ ഒരു പ്രശ്‌നമായി അനുഭവപ്പെട്ടതിന്റെ കാര്യം ഞാന്‍ കൈകാര്യം ചെയ്തുപോന്ന കേസ്സുകള്‍ അതിനിര്‍ണായകമായ രീതിയില്‍ കോടതിയില്‍ മുന്നേറിക്കൊണ്ടിരുന്ന ഒരു ഘട്ടത്തിലാണ് ഇത് സംഭവിച്ചത് എന്നതിനാലാണ്.
നിരവധി കേസ്സുകളില്‍ ഏതാണ്ട് ഞങ്ങള്‍ വിജയിച്ചുനില്‍ക്കുന്ന ഒരു സമയത്ത് വന്ന ഈ സ്ഥാനമാറ്റം ആ കേസ്സുകളെ സാരമായി തന്നെ ബാധിച്ചു എന്നതാണ് പ്രശ്‌നം. അത് ഭൂമി കയ്യേറിയവര്‍ക്ക് വലിയ രീതിയില്‍ ഗുണം ചെയ്യുകയുമുണ്ടായി. ആ കേസ്സുകളെല്ലാം അത്രത്തോളം വ്യാപ്തിയില്‍ അത്രത്തോളം ഗ്രാഹ്യത്തോടെ പഠിച്ചെടുക്കുക എന്നത് പുതുതായി വന്ന ഗവണ്‍മെന്റ് പ്ലീഡര്‍ക്ക് അസാധ്യമായിരുന്നു. വളരെ സങ്കീര്‍ണമായിരുന്നു അതിന്റെ പ്രത്യാഘാതങ്ങള്‍. വര്‍ഷങ്ങളുടെ കഠിനാധ്വാനം കൊണ്ട് ഞാന്‍ പണിതുയര്‍ത്തിയ ഒരു ഗോപുരം പെട്ടന്ന് തകര്‍ക്കപ്പെട്ടതുപോലെയാണ് എനിക്കനുഭവപ്പെട്ടത്.
സുശീല ഭട്ട് സ്ഥല സന്ദര്‍ശനങ്ങള്‍ക്കിടെ
നേരത്തെ ആന്റണി സര്‍ക്കാറിന്റെ കാലത്ത് ഞാന്‍ വനംവകുപ്പില്‍ പ്ലീഡര്‍ ആയിരുന്നു. പിന്നീട് അച്ഛുതാനന്ദന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ആ മന്ത്രിസഭയിലെ വനംവകുപ്പ് മന്ത്രിയായിരുന്ന ബിനോയ് വിശ്വം എന്നെ പിന്തുണയ്ക്കുകയും വനം വകുപ്പിന് വേണ്ടി ഞാന്‍ നടത്തിക്കൊണ്ടിരുന്ന കേസ്സുകളുമായി മുന്നോട്ടുപോകാന്‍ വീണ്ടുമൊരു വര്‍ഷം വരെ എന്നെ അനുവദിക്കുകയുമൊക്കെ ചെയ്തിരുന്നു. നിരവധി കേസ്സുകളെ അന്നും വിജയത്തിലേക്കെത്തിക്കാന്‍ എനിക്ക് സാധിച്ചിരുന്നു.
വനം കേസ്സുകളിലുള്‍പ്പെട്ട നിരവധി സര്‍ക്കാര്‍ ഭൂമി തിരിച്ചെടുക്കാനും അന്ന് ഞങ്ങള്‍ക്ക് സാധിച്ചിരുന്നു. ആ പ്രവര്‍ത്തനങ്ങള്‍ തുടരണമെന്നുള്ള നല്ല ഒരു ഉദ്ദേശ്യം കൂടി പിന്നീടുവന്ന സര്‍ക്കാറിനുണ്ടായിരുന്നതുകൊണ്ടായിരുന്നു അച്ചുതാനന്ദനും ബിനോയ് വിശ്വവും എന്നെ തുടരാനനുവദിച്ചത്. എന്നാല്‍ അത്തരമൊരു സമീപനമല്ല പിണറായി സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായത്.
ഞാന്‍ നടത്തിവന്നിരുന്ന കേസ്സുകളുടെ നിര്‍ണായക സാഹചര്യങ്ങള്‍ അവര്‍ പരിഗണിച്ചതേയില്ല. മാത്രവുമല്ല ഭൂമി കയ്യേറിയ ഈ കുത്തകകളെ നിയമക്കുരുക്കില്‍ നിന്ന് രക്ഷിക്കാനുള്ള ഇടപെടലുകളാണ് സര്‍ക്കാര്‍ ഇപ്പോള്‍ നടത്തിവരുന്നത്. എന്ത് കൊണ്ട് അങ്ങനെ സംഭവിക്കുന്നു എന്നത് സാമാന്യബുദ്ധിയുള്ളവര്‍ക്കെല്ലാം മനസ്സിലാകും.
പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങളെ സര്‍ക്കാര്‍ തിരിച്ചുപിടിക്കാത്തതിന്റെ കാരണങ്ങളെക്കുറിച്ച് താങ്കള്‍ എങ്ങിനെയാണ് മനസ്സിലാക്കിയിട്ടുള്ളത്?
പാട്ടക്കാലാവധി എന്ന ഒരു വാക്ക് പോലും നാം ഉപയോഗിക്കാന്‍ പാടില്ല. ഇവിടെ പാട്ടമില്ല, കയ്യേറ്റമേ ഉള്ളൂ. പാട്ടമെന്നാല്‍ രണ്ട് കക്ഷികള്‍ നിയമപരമായി ഒത്തുചേരുന്ന ഒരു കരാറാണ്. ഇവിടെ ടാറ്റയുടെ കാര്യത്തില്‍ അത്തരത്തില്‍ നിയമാനുസൃതമായ ഒരു നടപടിയുമുണ്ടായിട്ടില്ല. നിയമ ലഘനം മാത്രമേ നടന്നിട്ടുള്ളൂ. ഒരു കൂട്ടര്‍ സ്വയം വ്യാജരേഖ ചമച്ച് ഭൂമി കയ്യടക്കിവെക്കുന്നത് എങ്ങിനെ പാട്ടമാകും. ഇതിന്റെ യഥാര്‍ത്ഥ ചിത്രം ആര്‍ക്കുമറിയില്ല. ഇവിടെ വലിയ രീതിയിലുള്ള ഒരു ഇരട്ടനീതിയുടെ പ്രശ്‌നം കൂടി നിലനില്‍ക്കുന്നുണ്ട്.
നിങ്ങള്‍ ഏതെങ്കിലും ഒരു സര്‍ക്കാര്‍ ഭൂമിയില്‍ ഒരു ചെറിയ കുടില്‍ വെച്ചുനോക്കൂ. ഉടന്‍ അധികൃതര്‍ വന്ന് അത് പൊളിച്ചുനീക്കുകയും നിങ്ങള്‍ക്ക് നേരെ ക്രിമിനല്‍ കേസ്സ് അടക്കമുള്ള നിയമനടപടികള്‍ കൈക്കൊള്ളുകയും ചെയ്യും. എന്നാല്‍ ഇവിടെ അഞ്ചര ലക്ഷം ഏക്കര്‍ സര്‍ക്കാര്‍ ഭൂമി സ്വകാര്യ കുത്തകകള്‍ കൊള്ളയടിച്ച് കയ്യടക്കിവെച്ചിരിക്കുകയാണ്. ആ സമ്പത്തൊക്കെ വിദേശത്തേക്കാണ് കയറ്റിഅയയ്ക്കപ്പെടുന്നത്. വിദേശികളുടെ പേരിലാണ് ഇന്നും ആ ഭൂമി. അപ്പോള്‍ പിന്നെ എന്തിനാണ് നാം ഇന്ത്യ സ്വതന്ത്രമായി എന്നു പറയുന്നത്. വിദേശികള്‍ ഇന്നും നമ്മുടെ നാട്ടില്‍ അവരുടെ കോളനികള്‍ നിലനിര്‍ത്തുകയല്ലേ?
കേരളത്തിലെ മൂന്നരക്കോടി ജനങ്ങളില്‍ ബഹുഭൂരിപക്ഷവും ഭൂരഹിതരും പാര്‍ശ്വവത്കരിക്കപ്പെട്ട തൊഴിലാളികളുമാണ്. അവര്‍ക്കൊക്കെ അവകാശപ്പെട്ട ഭൂമിയാണ് വിദേശ കുത്തകകള്‍ കയ്യേറി കയ്യടക്കിവെച്ചിരിക്കുന്നത്. അവരുടെ ഭൂസ്വത്തിന്റെ യഥാര്‍ത്ഥ ആഴവും പരപ്പും എത്രയാണെന്ന് ഒരു സംവിധാനങ്ങള്‍ക്കുമറിയില്ല. അവരുടെ സാമ്രാജ്യത്തിലേക്ക് ആര്‍ക്കും പ്രവേശനവുമില്ല. തോട്ടങ്ങളിലെ തൊഴിലാളികളെയൊക്കെ കേവലം ആടുമാടുകളെപോലെയാണ് ഈ കമ്പനികള്‍ കണക്കാക്കുന്നത്. ബ്രിട്ടീഷ് കോളനികളുടെ ബാക്കിപത്രങ്ങള്‍ ഇപ്പോഴും നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്നു എന്നത് തന്നെയാണ് നമുക്ക് ഇതില്‍ നിന്നെല്ലാം മനസ്സിലാകുന്നത്.
പ്ലാന്റേഷന്‍ തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള വഴികള്‍ ഇനിയെന്തായിരിക്കും?
തോട്ടഭൂമികളുടെ അഞ്ച് ശതമാനം ഭാഗം തോട്ടഇതര ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കാം എന്ന ഭൂപരിഷ്‌കരണ നിയമ ഭേദഗതി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇതുവഴി തോട്ടഭൂമികളുടെ നിശ്ചിതഭാഗം തോട്ട ഇതര വിഭാഗത്തില്‍ പെടുന്ന പച്ചക്കറി – ഔഷധമരുന്ന് വളര്‍ത്തല്‍, ജൈവകൃഷി, വിനോദസഞ്ചാരം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനാകും. നാണ്യവിളകളല്ലാത്തവയ്ക്ക് വേണ്ടി തോട്ട ഭൂമി ഉപയോഗിക്കാമെന്ന ഈ നിയമഭേദഗതി നല്ല രീതിയില്‍ ഉപയോഗിച്ചാല്‍ തോട്ടം തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്താനാകും.
അവര്‍ക്ക് ഈ ഭൂമിയില്‍ അവകാശം നല്‍കുകയും മറ്റു വിളകള്‍ വളര്‍ത്തി വരുമാനം കണ്ടെത്താന്‍ സാധിക്കുകയും ചെയ്യണം. ഈ തൊഴിലാളികള്‍ക്ക് സഹകരണ സംഘങ്ങള്‍ രൂപീകരിക്കാം. കുടുംബശ്രീയെപ്പോലെ സ്ത്രീകളുടെ സഹകരണസംഘങ്ങളും തുടങ്ങാം. പ്രദേശത്തെ പരിസ്ഥിതിക്ക് ഹാനികരമല്ലാത്ത മറ്റു നിരവധി വിളകള്‍ കൃഷി ചെയ്യുകയും ചെയ്യാം. ഇങ്ങനെ മാനേജ്മെന്റ് പാര്‍ട്ടിസിപ്പേഷനിലൂടെ തൊഴിലാളികള്‍ക്ക് വരുമാനം ലഭിക്കുന്ന പദ്ധതികള്‍ നടപ്പില്‍ വരുത്താം.
പ്ലാന്റേഷനുകളില്‍ പണിയെടുക്കുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. അവരുടെ കുടുംബങ്ങള്‍ നോക്കുന്നതും ഇവരാണ്. ഇവരെ ശാക്തീകരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. ഏതൊരു സ്ത്രീ ശാക്തീകരണ പദ്ധതിയും അനായാസമായി ഈ തോട്ടം മേഖലകളില്‍ നടപ്പിലാക്കാനാകും. ഈ സ്ത്രീകള്‍ക്ക് ഭൂമിയില്‍ അവകാശം നല്‍കി അവര്‍ക്ക് സ്വയം വരുമാനം കണ്ടെത്താനാകുന്ന മാര്‍ഗങ്ങള്‍ ഒരുക്കണം. തോട്ടം ഭൂമികള്‍ സഹകരണ സംഘങ്ങളുടെ കീഴിലാക്കാം. അല്ലാത്ത ഭൂമി നല്ല രീതിയില്‍ വിനിയോഗിക്കുക. വിനാശകരമായ കൃഷിരീതികളോ മരംവെട്ടലോ അനുവദിക്കാതെ പരിസ്ഥിതിലോല പ്രദേശങ്ങള്‍ സംരക്ഷിക്കുക. ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുന്നതിനായും മറ്റു നല്ല ആവശ്യങ്ങള്‍ക്കായും ഉപയോഗിക്കാനാകുന്ന എത്രയോ ഭൂമി ഈ മേഖലകളിലുണ്ട്. പരിസ്ഥിതി സൗഹാര്‍ദപരമായ നയങ്ങളിലൂടെ തന്നെ ഇവിടെ സാമൂഹ്യനീതി ഉറപ്പിക്കാനാകും.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ