കണ്ണൂര്‍: യു.എ.പി.എ ചുമത്തി കോഴിക്കോട് പന്തീരാങ്കാവ് നിന്ന് അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബിനെ കോളെജില്‍ നിന്നും പുറത്താക്കി.
അലന്‍ പഠിക്കുന്ന സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ നിന്നും അമ്മ സബിതാ ശേഖറിന് ലഭിച്ച കത്തിലാണ് അലന്റെ പേര് നീക്കം ചെയ്തതായി അറിയിക്കുന്നത്.
ബി.എ എല്‍.എല്‍.ബി സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ നിന്നും അലനെ സര്‍വകലാശാലാ ചട്ടപ്രകാരം റോളില്‍ നിന്നും നീക്കം ചെയ്യുന്നു എന്നാണ് കത്തില്‍ വിശദമാക്കുന്നത്. വകുപ്പ് മേധാവിയാണ് സബിതയ്ക്ക് അലന്റെ പേര് റോളില്‍ നിന്നും നീക്കം ചെയ്യുന്നതായി അറിയിച്ച് കത്ത് അയച്ചത്.
കോളേജില്‍ തെളിവെടുപ്പിന് കൊണ്ടു പോയപ്പോള്‍ കുട്ടികള്‍ അലനൊപ്പമായിരുന്നെന്നും ഇപ്പോഴുണ്ടായ സ്ഥിതിഗതികളില്‍ വിദ്യാര്‍ത്ഥികളെന്ന നിലയില്‍ എസ്.എഫ്.ഐ മറുപടി പറയണമെന്നും അലന്‍ഷുഹൈബിന്റെ പിതാവ് ഷുഹൈബ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
‘കോളേജില്‍ തെളിവെടുപ്പിന് കൊണ്ടു പോയ സമയത്തൊക്കെ കുട്ടികളൊക്കെ അവനോടൊപ്പം നില്‍ക്കുന്ന അവസ്ഥയാണുണ്ടായത്. അവന്‍ ഇവിടെ തന്നെ പഠിക്കാന്‍ വിടമെന്നൊക്കെ അവര് ഇവിടെ തന്നെ അവിടുത്തെ എസ്.എഫ്.ഐയിലടക്കമുള്ളവര്‍ പറഞ്ഞിരുന്നതായി അറിഞ്ഞു. കുട്ടികള്‍ക്ക് മാവോയിസ്റ്റു ബന്ധമുണ്ടെന്ന് ശീതീകരിച്ച മുറിയിലിരുന്ന് നേതാക്കള്‍ പറയുമ്പോള്‍ ഇവര്‍ക്ക് നഷ്ടപ്പെടുന്ന വിദ്യാഭ്യാസം ഇവര്‍ക്ക് തിരിച്ചു കൊടുക്കാന്‍ പറ്റുന്നില്ല. ഇവരുടെ ഭാവിയെക്കുറിച്ച് അവര്‍ ഓര്‍ക്കുന്നില്ല. സുപ്രീംകോടതി വിധിയെക്കുറിച്ച് ഇവര്‍ പഠിക്കുന്നില്ല. ഇതില്‍ കൃത്യമായ മറുപടി പറയേണ്ടത് കോളേജിലെ എസ്.എഫ്.ഐ നേതൃത്വമാണ്,’ ഷുഹൈബ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.
മാവോയിസ്റ്റുകളെന്ന് മുദ്രകുത്തി അറസ്റ്റുചെയ്ത അലന്‍ ഷുഹൈബിനെയും താഹാ ഫസലിനെയും രണ്ടു ജയിലുകളില്‍ താമസിപ്പിക്കണമെന്ന് എന്‍.ഐ.എ പറഞ്ഞിരുന്നു. ഇരുവരുടെയും റിമാന്റ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു കോടതിയില്‍ എന്‍.ഐ.എ ആവശ്യം ഉന്നയിച്ചത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
അലനെയും താഹയെയും തൃശൂരിലെ അതീവവ സുരക്ഷാ ജയിലിലേക്ക് മാറ്റിയിരുന്നു. അതേ സമയം അലനെയും താഹയെയും യു.എ.പി.എ ചുമത്തി അറസ്റ്റുചെയ്യാന്‍ എന്ത് തെറ്റാണ് അവര്‍ ചെയ്തതെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്ത് അയച്ചിരുന്നു.
അലന്റെയും താഹയുടെയും വീട് സന്ദര്‍ശിച്ച ശേഷമായിരുന്നു മുഖ്യമന്ത്രിക്ക് രമേശ് ചെന്നിത്തല കത്തയച്ചത്. സി.പി.ഐ.എമ്മില്‍ അടിയുറച്ച് വിശ്വസിക്കുന്ന രണ്ട് കുടുംബങ്ങളില്‍ ജനിച്ചു വളര്‍ന്ന കുട്ടികളെ അറസ്റ്റുചെയ്ത് യു.എ.പി.എ ചുമത്തി ജയിലിലയ്ക്കുമ്പോള്‍ അവര്‍ ചെയ്ത കുറ്റമെന്താണെന്ന് പറയാനുള്ള ബാധ്യത ആഭ്യന്തര മന്ത്രികൂടിയായ പിണറായി വിജയനില്ലേ എന്ന് പ്രതിപക്ഷ നേതാവ് കത്തില്‍ ചോദിച്ചത്. യു.എ.പി.എ ചുമത്തിയതുകൊണ്ടാണ് എന്‍.ഐ.എ കേസ് ഏറ്റെടുത്തതെന്നും കത്തില്‍ പറയുന്നു.