മെസിക്ക് ഈ സീസൺ മുഴുവൻ നഷ്ടമാവുമോ? പ്രതികരിച്ച് കോച്ച്
Football
മെസിക്ക് ഈ സീസൺ മുഴുവൻ നഷ്ടമാവുമോ? പ്രതികരിച്ച് കോച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 5th October 2023, 3:54 pm

ഇന്റർ മയാമിയുടെ സൂപ്പർ താരം ലയണൽ മെസി ഇപ്പോൾ പരിക്കിന്റെ പിടിയിലാണ്. സെപ്റ്റംബറിൽ അന്താരാഷ്ട്ര മത്സരത്തിനിടയിൽ പരിക്കേറ്റ താരത്തിന് ഇന്റർ മയാമിയുടെ തുടർച്ചയായ നാല് മത്സരങ്ങളാണ് നഷ്ടമായത്.

ചിക്കാഗോക്കെതിരെ നടന്ന മത്സരവും താരത്തിന് നഷ്ടമായിരുന്നു. മത്സരത്തിൽ മെസിയില്ലാതെ ഇറങ്ങിയ ഇന്റർ മയാമി ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ മെസി ഈ സീസണിൽ ഇന്റർ മയാമിക്ക് ഇനി കളിക്കുമോ എന്ന ചോദ്യത്തിന് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് കോച്ച് ടാറ്റ മാർട്ടീനോ.

മേജർ ലീഗ് സോക്കർ അവസാനിക്കുന്നതിനുമുമ്പ് മെസി കളിക്കളത്തിലേക്ക് തിരിച്ചു വരുമെന്നും താരം പരിക്ക് മാറി പഴയ ഫോം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണെന്നുമാണ് മാർട്ടീനോ പറഞ്ഞത്.

‘അവൻ വീണ്ടും ടീമിലേക്ക് തിരിച്ചു വരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. മെസി കളിക്കാൻ യോഗ്യനാണോ എന്ന് ഞങ്ങൾ നിരീക്ഷിക്കും. അവനിപ്പോൾ പരിക്കിൽ നിന്നും മുക്തനായി ഫോം കണ്ടെത്താൻ ശ്രമിക്കുകയാണ്. അടുത്ത മത്സരത്തിൽ അവൻ ടീമിനൊപ്പമുണ്ടാവും എന്ന് പ്രതീക്ഷിക്കാം. ലോകത്തിലെ മികച്ച താരമായ അവൻ കളിക്കളത്തിൽ ഇല്ലാത്തത് ശരിക്കും ഞങ്ങൾ മിസ്സ്‌ ചെയ്യുന്നുണ്ട്,’ മാർട്ടീനോ മത്സരശേഷം പറഞ്ഞു.

സൂപ്പർ താരത്തിന്റ വരവോടെ മികച്ച മുന്നേറ്റമായിരുന്നു ഇന്റർ മയാമി ലീഗിൽ നടത്തിയത്. ക്ലബ്ബിനായി 11 മത്സരങ്ങളിൽ നിന്നും 11 ഗോളുകളും എട്ട് അസിസ്റ്റുകളും മെസി നേടിയിട്ടുണ്ട്. താരത്തിന്റ വരവോട് കൂടി ക്ലബ്ബിന്റെ ചരിത്രത്തിൽ ഇല്ലാതിരുന്ന കിരീടം നേടികൊടുക്കാനും മെസിക്ക് കഴിഞ്ഞു.

വരും ദിവസങ്ങളിൽ സൂപ്പർ താരം പരിക്ക് മാറി കളിക്കളത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

മേജർ ലീഗ് സോക്കറിൽ ഒക്ടോബർ എട്ടിന് സിൻസിനാറ്റിയുമായാണ് ഇന്റർ മയാമിയുടെ അടുത്ത മത്സരം. ഇന്റർ മയാമിയുടെ ഹോം ഗ്രൗണ്ടായ ഡി. ആർ.വി പി.എൻ.കെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

Content Highlight: The coach talks about Lionel Messi’s return to the team after the injury.