| Sunday, 25th June 2023, 5:50 pm

ദാരിദ്ര്യത്തില്‍ നിന്നുണ്ടായ പ്രണയത്തെ കാണിക്കുന്ന ആ പാട്ട് പൂര്‍ണമായും ചെന്നൈ സിറ്റിയിലാണ് ഷൂട്ട് ചെയ്തത്: ഷിബുബാലന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നാടോടിക്കാറ്റ് സിനിമയിലെ വൈശാഖ സന്ധ്യേ എന്ന് തുടങ്ങുന്ന പാട്ട് പൂര്‍ണമായും ചെന്നൈ സിറ്റിയിലാണ് ഷൂട്ട് ചെയ്തതെന്ന് സിനിമയുടെ സഹസംവിധായകനായിരുന്ന ഷിബുബാലന്‍. ദൈനംദിന ജീവിതത്തില്‍ അവരിടപഴകുന്നു അതേ സ്ഥലങ്ങളിള്‍ ഒരു പാട്ട് പൂര്‍ത്തിയാക്കുക എന്നത് വലിയ ടാസ്‌ക് ആയിരുന്നു എന്നും അദ്ദേഹം പറഞ്ഞു. സഫാരി ടി.വിയുടെ ലൊക്കേഷന്‍ ഹണ്ട് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പ്രണയം ആദ്യമായി പരസ്പരം തിരിച്ചറിഞ്ഞതിന് ശേഷമുള്ള ഒരു പാട്ടായിരുന്നു അത്. പക്വതയുള്ള ഒരു പ്രണയമായിരുന്നു അത്. ഉള്ളിന്റെയുള്ളില്‍ ചെറിയൊരു നോട്ട്(Knot) വന്നതിന് ശേഷമുള്ള പാട്ടായിരുന്നു. ദാരിദ്ര്യം പറഞ്ഞുള്ള, അരിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംസാരിച്ചതിന് ശേഷമുള്ള ഒരുപാട്ടായിരുന്നു അത്. ആ ഒരു മൂഡിന് കറക്ടായി തന്നെ ശ്യാം അത് സെറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

മദ്രാസ് സിറ്റിയിലാണ് ആ പാട്ട് പൂര്‍ണമായും ചീത്രീകരിച്ചിട്ടുണ്ട്. അല്ലാതെ പൂന്തോട്ടത്തിലോ കുളു മണാലിയിലോ ഒന്നും പോയിട്ടില്ല. അവരുടെ ദൈനംദിന ജീവിതത്തില്‍ കാണുന്ന അതേ സ്ഥലങ്ങള്‍, അവരിടപഴകുന്ന സ്ഥലങ്ങള്‍ മാത്രമായി ഒരു പാട്ട് പൂര്‍ത്തിയാക്കുക എന്നത് ഒരു ഹിമാലയന്‍ ടാസ്‌കായിരുന്നു.

കാരണം, മൗണ്ട് റോഡ്, ജി.എന്‍.ജെട്ടി റോഡ്, ടീ നഗര്‍, എ.വി.എം.കോളനി അത്തരം സ്ഥലങ്ങളില്‍ നിന്ന് നമുക്ക് ആള്‍ക്കാരെ മാറ്റാനൊന്നും കഴിയില്ല. അന്നത്തെ കാലത്ത് ഈ ചെറിയ ക്രൂവിനെ വെച്ച് പ്രത്യേകിച്ചും. തമിഴ് സിനിമയാണെങ്കില്‍ പൊലീസിനെ വെച്ച് റോഡൊക്കെ ബ്ലോക്ക് ചെയ്യാന്‍ പറ്റും.

മണിരത്‌നത്തിന്റെ സിനിമക്കൊക്കെ അങ്ങനെ ചെയ്തിട്ടുണ്ട്. അതുപോലെയൊന്നും നമുക്ക് ചെയ്യാന്‍ പറ്റില്ല. അത്രയും പണം മുടക്കിയൊന്നും നമുക്ക് ചെയ്യാന്‍ പറ്റില്ല. ആള്‍ക്കാരെ സഹകരിപ്പിച്ച് കൊണ്ടാണ് നമ്മളതൊക്കെ ചെയ്തിട്ടുള്ളത്. തമിഴ്ന്‍മാരോട് നമ്മള്‍ പെരുമാറുന്ന രീതികൊണ്ടാണ് അവര്‍ സഹകരിച്ചത്,’ ഷിബുബാലന്‍ പറഞ്ഞു.

content highlights: The co-director talks about the song Vaishagha Sandhye from Nadotikat

We use cookies to give you the best possible experience. Learn more