തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങളില്‍ ഗൗരവ സ്വഭാവമുള്ള കേസുകള്‍ മാത്രമാണ് പിന്‍വലിക്കാനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേസുകള്‍ പിന്‍വലിക്കാത്തത്ത് പ്രതിപക്ഷം തെരഞ്ഞെടുപ്പിലെ പ്രചരണ വിഷയമാക്കുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സി.എ.എ വിരുദ്ധ പ്രതിഷേധങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കും എന്നതാണ് സര്‍ക്കാരിന്റെ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു. 835ല്‍ 629 കേസുകള്‍ ഇതുവരെ സര്‍ക്കാര്‍ പിന്‍വലിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
അന്വേഷണത്തിലുള്ളത് ഒരു കേസ് മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസുകള്‍ പിന്‍വലിക്കണമെങ്കില്‍ അതുമായി ബന്ധപ്പെട്ടവര്‍ അധികൃതര്‍ക്ക് അപേക്ഷ നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അപേക്ഷ നല്‍കിയാല്‍ കേസുകളില്‍ തുടര്‍ നടപടികള്‍ ഉണ്ടാവുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം സി.എ.എ കേരളത്തില്‍ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള തുറുപ്പ് ചീട്ട് മാത്രമാണെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രസ്താവനയില്‍ മുഖ്യമന്ത്രി പ്രതികരിച്ചു. വി.ഡി. സതീശന്റെ ഉപദേശം കാര്യമായി എടുക്കുന്നില്ലെന്നും സി.എ.എയില്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ജനങ്ങള്‍ അവരുടേതായ വഴി തെരഞ്ഞെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോണ്‍ഗ്രസ് സി.എ.എ വിഷയത്തില്‍ മൗനം പാലിക്കുകയാണെന്നും മുതിര്‍ന്ന നേതാക്കള്‍ തുറന്ന് പ്രതികരിക്കുന്നില്ലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. ലജ്ജാകരമായ നീക്കങ്ങളാണ് കോണ്‍ഗ്രസിന്റെ നേതൃതലത്തില്‍ നിന്നുണ്ടാവുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോണ്‍ഗ്രസില്‍ നിന്നുള്ള പഴയ മുഖ്യമന്ത്രിമാരും ഡി.സി.സി പ്രസിഡന്റുമാരും എ.ഐ.സി.സി നേതാക്കളെല്ലാം ഇന്ന് ബി.ജെ.പിയിലാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മറ്റുള്ളവരുടെ സ്വാധീനത്താലാണ് കോണ്‍ഗ്രസില്‍ നിന്ന് കൊഴിഞ്ഞുപോക്ക് ഉണ്ടാവുന്നതെന്ന് ന്യായീകരണം നടത്തുന്നതില്‍ അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിലവില്‍ കൂടുതല്‍ നേതാക്കള്‍ കോണ്‍ഗ്രസ് വിടാന്‍ തയ്യാറെടുപ്പ് നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലേക്ക് പോയതിന് പിന്നില്‍ തന്റെ കൈകള്‍ ഉണ്ടെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നിരുന്നെന്നും ഇതെല്ലം ആരെങ്കിലും വിശ്വസിക്കുമോ എന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.
കൂടാതെ തന്റെ മകള്‍ വീണ വിജയനെതിരെ നടക്കുന്ന എസ്.എഫ്.ഐ.ഒ അന്വേഷണം തുടരട്ടെയെന്നും വിവരങ്ങള്‍ എല്ലാം ഉദ്യോഗസ്ഥര്‍ക്ക് കിട്ടട്ടെയെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മറുപടി ചോദ്യങ്ങള്‍ ഉന്നയിച്ച മാധ്യമ പ്രവര്‍ത്തകരോട് മുഖ്യമന്ത്രി ദേഷ്യപ്പെടുകയും ചെയ്തു.
Content Highlight: The CM says that the opposition is using the non-withdrawal of cases registered in the anti-CAA protests as a propaganda issue