വിന്‍സെന്റ് അബൂബക്കറിന്റെ ഈ ഗോള്‍ നേട്ടം ആഘോഷമാക്കുന്നതിനൊപ്പം താരം മലപ്പുറം സൂപ്പര്‍ സ്റ്റുഡിയോക്ക് വേണ്ടിയടക്കം സെവന്‍സ് കളിച്ച താരമാണെന്ന തരത്തിലുള്ള ചര്‍ച്ചയും ഉയര്‍ന്നുവന്നിരുന്നു.
കേരളത്തില്‍ സെവന്‍സ് കളിച്ച താരത്തിനോടാണ് ബ്രസീല്‍ തോറ്റതെന്ന തരത്തിലുള്ള പ്രചരണമാണ് ഒരു വിഭാഗം നടത്തിയിരുന്നത്.
എന്നാല്‍ ഇക്കാര്യം നിഷേധിക്കുകയാണ് ക്ലബ്ബ് അധികൃതര്‍. വിന്‍സെന്റ് അബൂബക്കര്‍ തങ്ങള്‍ക്ക് വേണ്ടി കളിച്ചിട്ടില്ലെന്നും താരം കേരളത്തിലെവിടെയും കളിച്ചതായി വിവരമില്ലെന്നുമാണ് സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറം ക്ലബ്ബ് മാനേജര്‍ അഷ്റഫ് ബാവുക്ക മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞത്.
‘ഫെയ്സ്ബുക്കിലൂടെയും മറ്റും ഇത്തരത്തിലുള്ള പ്രചാരണം നടത്തുന്നതായി അറിഞ്ഞു. വിന്‍സെന്റ് അബൂബക്കര്‍ ഞങ്ങളുടെ ക്ലബ്ബില്‍ കളിച്ചിട്ടില്ല. പ്രചാരണം കണ്ട് കേരളത്തിലെ മറ്റു ക്ലബ്ബുകളുമായും സെവന്‍സ് ഫുട്ബോള്‍ കോര്‍ഡിനേഷനുമായി ഞാന്‍ ബന്ധപ്പെട്ടിരുന്നു.
കേരളത്തിലെവിടേയും ഇയാള്‍ കളിച്ചതായി വിവരമില്ല. ഫുട്ബോളിന്റെ പേരില്‍ ഇത്തരം വ്യാജ പ്രചാരണം നടത്തുന്ന ഖേദകരമാണ്’ എന്നായിരുന്നു അഷ്‌റഫ് ബാവുക്ക പറഞ്ഞത്.
കാമറൂണിനോട് പരാജയപ്പെട്ടെങ്കിലും ഗ്രൂപ്പ് ചാമ്പ്യന്‍മാരായി തന്നെയാണ് ബ്രസീല്‍ നോക്ക് ഔട്ടിലേക്ക് കുതിച്ചത്. റൗണ്ട് ഓഫ് 16ല്‍ ഏഷ്യന്‍ ശക്തികളായ സൗത്ത് കൊറിയയെയാണ് ബ്രസീലിന് നേരിടാനുള്ളത്. ഡിസംബര്‍ ആറിന് റാസ് അബു അബൗദില്‍ വെച്ചാണ് മത്സരം.