സൗദി അറേബ്യൻ ക്ലബ്ബ് അൽ നസറിലേക്ക് സൈനിങ് നടത്തിയിരിക്കുകയാണ് റൊണാൾഡോ. പ്രതിവർഷം 200 മില്യൺ യൂറോ മൂല്യം വരുന്ന കരാറിന്റെ അടിസ്ഥാനത്തിൽ 2025 വരെയാണ് റൊണാൾഡോ അൽ നസറിൽ കളിക്കുക.
കാമറൂണിന്റെ ഗോളടി വീരൻ വിൻസെന്റ് അബൂബക്കർ ഉൾപ്പെടെയുള്ള ഒട്ടനവധി മികച്ച താരങ്ങൾ ക്ലബ്ബിൽ റോണോയുടെ സഹ കളിക്കാരായുണ്ട്. കൂടാതെ ധാരാളം മികച്ച കളിക്കാരെ ടീമിലെത്തിക്കാൻ വലിയ ശ്രമങ്ങളും അൽ നസർ നടത്തുന്നുണ്ട്.
റയൽ മാഡ്രിഡിൽ റോണോയുടെ സഹതാരമായിരുന്ന സെർജിയോ റാമോസിനെ ടീമിലെത്തിക്കാൻ മുമ്പ് അൽ നസർ ശ്രമം നടത്തിയിരുന്നു എന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
എന്നാലിപ്പോൾ മറ്റൊരു സൂപ്പർ താരത്തെ കൂടി റയലിൽ നിന്നും റാഞ്ചാൻ അൽ നസർ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ടുകൾ പുറത്ത് വിട്ടിരിക്കുകയാണ് സ്പാനിഷ് സ്പോർട്സ് മാധ്യമമായ മാർക്ക.
റയലിൽ നിന്നും ലൂക്കാ മോഡ്രിച്ചിനെയാണ് അൽ നസർ തങ്ങളുടെ തട്ടകത്തിൽ എത്തിക്കാൻ ശ്രമം നടത്തിയിരുന്നത് എന്നാണ് മാർക്ക റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഈ സീസണോടെ റയലിൽ ലൂക്കായുടെ കരാർ അവസാനിക്കുകയാണ്. എന്നാൽ അൽ നസറിന്റെ വമ്പൻ ഓഫർ താരം തള്ളികളഞ്ഞെന്നും താരത്തിന് റയലിൽ തുടരാൻ സാധിക്കും എന്നാണ് പ്രതീക്ഷയെന്നും മാർക്കയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്.
നിലവിൽ 37 വയസുള്ള മോഡ്രിച്ചിന് കഴിഞ്ഞ വർഷവും ഒരു വർഷം നീണ്ടുനിൽക്കുന്ന കരാർ റയൽ പുതുക്കി നൽകുകയായിരുന്നു. താരത്തിന് റയലിൽ തന്നെ തുടരാനാണ് ആഗ്രഹമെന്നും റിപ്പോർട്ടുകൾ പറയുന്നു.
എന്നാൽ ഈ സീസണിൽ അവസാനിക്കുന്ന കരാർ താരത്തിന് റയൽ പുതുക്കി നൽകും എന്ന് തന്നെയാണ് ക്ലബ്ബുമായി ബന്ധപ്പെട്ട സ്രോതസുകളിൽ നിന്നും പുറത്ത് വരുന്നതെന്ന് മാർക്ക പറയുന്നു.
കൂടാതെ കോച്ച് ആൻസലോട്ടിക്കും ക്ലബ്ബ് മാനേജ്മെന്റിനും ഇപ്പോഴും ടീമിലെ മികച്ച താരമായി നിലകൊള്ളുന്ന മോഡ്രിച്ചിനെ ക്ലബ്ബിൽ നിലനിർത്താനും ആദ്യ ഇലവണിൽ സ്ഥാനം നല്കാനും താല്പര്യമുണ്ടെന്ന വാർത്തകളും പുറത്ത് വരുന്നുണ്ട്.
അതേസമയം റൊണാൾഡോക്ക് അൽ നസറിൽ ഉടൻ കളിക്കാൻ സാധിക്കില്ല എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. മാഞ്ചസ്റ്റർ യുണൈറ്റഡിൽ കളിക്കുന്ന സമയത്ത് താരം ഒരു ആരാധകനോട് മോശമായി പെരുമാറിയിരുന്നു.
എവർട്ടണ് എതിരായ മത്സരത്തിലായിരുന്നു സംഭവം. 14കാരനായ ആരാധകനോട് റോണോ മോശമായി പെരുമാറുകയും ഫോൺ തട്ടി മാറ്റുകയും ചെയ്തിരുന്നു. ഇതിൽ അന്വേഷണം ആരംഭിച്ച ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ റോണോ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും റൊണാൾഡോക്ക് 50000 പൗണ്ട് പിഴയും 2 മത്സരങ്ങളിൽ നിന്ന് വിലക്കും ഏർപ്പെടുത്തിയിരുന്നു.
താരം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്നും പുറത്ത് വന്നിരുന്നു. എന്നാലും ഇനി കളിക്കുന്ന ഏത് ലീഗിലെയും ആദ്യ രണ്ട് മത്സരങ്ങൾക്ക് ഈ വിലക്ക് ബാധകമാകും.
ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷന്റെ റൂൾ മൂന്ന് അനുസരിച്ചാണ് ഈ വിലക്ക് ബാധകമാവുക.
Content Highlights:The club is importent, not the money; Real Madrid superstar rejected Al Nasser’s huge offer