| Wednesday, 8th March 2023, 11:16 am

ക്ലബ്ബിനെക്കാൾ വലുതായി ആരുമില്ല; മെസിയുടെ ബാഴ്സയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് ബാഴ്സ പ്രസിഡന്റ്

സ്പോര്‍ട്സ് ഡെസ്‌ക്

ലാ ലിഗയിൽ മിന്നും ഫോമിൽ കളിക്കുകയാണ് കാറ്റലോണിയൻ ക്ലബ്ബ്‌ ബാഴ്സലോണ. കഴിഞ്ഞ വർഷത്തെ ലാ ലിഗ, ചാമ്പ്യൻസ് ലീഗ് ജേതാക്കളായ റയലിനെ പിന്തള്ളിയാണ് ബാഴ്സയുടെ അപരാജിതമായ കുതിപ്പ്.

എന്നാലിപ്പോൾ ഈ ജൂണിൽ പാരിസ് ക്ലബ്ബ്‌ പി.എസ്.ജിയുമായുള്ള കരാർ അവസാനിക്കുന്ന മെസി ഇപ്പോൾ ബാഴ്സയിലേക്ക് തിരിച്ചു വരുമോ എന്നാണ് ഫുട്ബോൾ ആരാധകർ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്.

ജൂണിന് ശേഷം ഫ്രീ ഏജന്റായി മാറുന്ന മെസി ബാഴ്സയിലേക്ക് മടങ്ങി വരുമെന്ന അഭ്യൂഹങ്ങൾ ശക്തമാണെങ്കിലും താരം പി.എസ്.ജിയിൽ തന്നെ തുടരുമെന്ന് ഇറ്റാലിയൻ മാധ്യമ പ്രവർത്തകനായ ഫാബ്രിസിയോ റൊമാനോയടക്കം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

എന്നാലിപ്പോൾ മെസിയുടെ ബാഴ്സയിലേക്കുള്ള മടക്കത്തെ പറ്റിയുള്ള തന്റെ അഭിപ്രായം തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ബാഴ്സലോണ പ്രസിഡന്റ്‌ ജോൻ ലപ്പോർട്ട.

“ഞാൻ മെസിയുടെ പിതാവ് ജോർജ്‌ മെസിയോട് സംസാരിച്ചിരുന്നു. ഞങ്ങൾ ലോകകപ്പിനെക്കുറിച്ചും മെസിയുടെ മത്സരത്തെക്കുറിച്ചും സംസാരിച്ചിരുന്നു. ഞാൻ മെസിയുടെ നേട്ടത്തിൽ ആഹ്ലാദവാനാണ്. അദ്ദേഹം ഇപ്പോൾ പി.എസ്.ജിയിൽ കളിക്കുകയാണ്.അത് കൊണ്ട് അദ്ദേഹത്തിന്റെ മടങ്ങിവരവിനെ ക്കുറിച്ച് കൂടുതൽ പറയാൻ ഞാൻ ആളല്ല,’ ലപ്പോർട്ട പറഞ്ഞു.

“ക്ലബ്ബാണ് ഞങ്ങൾക്ക് ഏറ്റവും വലുത്. ആരെക്കാളും വലുത് ക്ലബ്ബാണ്. മെസിയോ ട് എനിക്ക് സ്നേഹവും ബഹുമാനവുമുണ്ട്. അതിനാൽ തന്നെ അദ്ദേഹത്തെക്കുറിച്ച് ഞാൻ കൂടുതലൊന്നും പറയുന്നില്ല. മെസി പാരിസിൽ ചെയ്യുന്നതിനെല്ലാം ഞാൻ അദ്ദേഹത്തെ അഭിനന്ദിക്കുന്നു,’ ലപ്പോർട്ട കൂട്ടിച്ചേർത്തു.

ബാഴ്സക്കായി 778 മത്സരങ്ങളിൽ നിന്നും 672 ഗോളുകളും 303 അസിസ്റ്റുകളുമാണ് മെസി സ്കോർ ചെയ്തത്.


പി.എസ്.ജിക്കായി 63 മത്സരങ്ങളിൽ നിന്നും 29 ഗോളുകളും 31 അസിസ്റ്റുകളുമാണ് മെസിയുടെ സമ്പാദ്യം.

അതേസമയം 24 മത്സരങ്ങളിൽ നിന്നും 20 വിജയങ്ങളോടെ 62 പോയിന്റുമായി ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് ബാഴ്സയിപ്പോൾ.

മാർച്ച് 13ന് അത്ലറ്റിക്ക് ക്ലബ്ബിനെതിരെയാണ് ബാഴ്സയുടെ അടുത്ത മത്സരം.

Content Highlights:The club is above anything else;Joan Laporta said about Messi’s Barcelona return

We use cookies to give you the best possible experience. Learn more