അന്ന് ഒരു ക്യൂരിയോസിറ്റി തോന്നി, 2016ല്‍ എഴുതിയ ക്ലൈമാക്‌സല്ല ഷൂട്ട് ചെയ്തത്: മുഹ്‌സിന്‍ പരാരി
Film News
അന്ന് ഒരു ക്യൂരിയോസിറ്റി തോന്നി, 2016ല്‍ എഴുതിയ ക്ലൈമാക്‌സല്ല ഷൂട്ട് ചെയ്തത്: മുഹ്‌സിന്‍ പരാരി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 18th September 2022, 6:39 pm

2022ല്‍ ഇറങ്ങിയതില്‍ ഏറ്റവും വലിയ വിജയം നേടിയ ചിത്രങ്ങളിലൊന്നാണ് ടൊവിനോ തോമസിന്റെ തല്ലുമാല. പല തവണ റീറൈറ്റ് ചെയതാണ് തല്ലുമാല ഈ നിലയിലെത്തിയതെന്ന് തിരക്കഥാകൃത്ത് മുഹ്‌സിന്‍ പരാരി പറയുന്നു. ഷൂട്ട് ചെയ്ത തീര്‍ത്താലേ പറ്റുകയുള്ളുവെന്നുള്ളത് കൊണ്ട് താന്‍ റീറൈറ്റ് ചെയ്യുന്നത് നിര്‍ത്തിയതാണെന്നും ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റിന് നല്‍കിയ അഭിമുഖത്തില്‍ പരാരി പറഞ്ഞു.

‘ചിലര്‍ പറയുന്നു 2015ലാണ് തല്ലുമാല എഴുതിയതെന്ന്. ചിലര്‍ പറയുന്നു 2016ലാണ് തല്ലുമാല എഴുതിയതെന്ന്. ടൊവിനോ തോമസ് പറയുന്നത് 2017ലാണെന്നാണ്. റീറൈറ്റിങ് മാത്രമേ ഞാന്‍ ഇതില്‍ ചെയ്തിട്ടുള്ളൂ. ഷൂട്ടിന് ശേഷവും പല രീതിയിലാക്കുന്നതിനെ പറ്റി ഞങ്ങള്‍ ഡിസ്‌കസ് ചെയ്തിട്ടുണ്ട്. പിന്നെ ഇത് ഷൂട്ട് ചെയ്ത തീര്‍ത്താലേ പറ്റുകയുള്ളുവെന്നുള്ളത് കൊണ്ട് ഞാന്‍ റീറൈറ്റ് ചെയ്യുന്നത് നിര്‍ത്തി.

2016ല്‍ എഴുതിയപ്പോള്‍ കഥാപാത്രങ്ങള്‍ക്ക് എന്താണ് സംഭവിക്കുക എന്നതൊക്കെ ചിന്തിച്ചാണ് എഴുതുന്നത്. അന്ന് എഴുതിയ ക്ലൈമാക്‌സ് ഒന്നുമല്ല സിനിമയില്‍ കാണിക്കുന്നത്. ക്ലൈമാക്‌സിന് ശേഷം കഥാപാത്രത്തിന് എന്തായിരിക്കും സംഭവിക്കുക എന്നൊരു ക്യൂരിയോസിറ്റി തോന്നി. ആ ക്യൂരിയോസിറ്റിയെ പറ്റി ചിന്തിച്ചപ്പോള്‍ അവിടെ ഒരു സ്ട്രക്ച്ചര്‍ കാണാന്‍ പറ്റി. അവിടെയാണ് ഇന്റര്‍നെറ്റ് കേറി വന്നത്.

അന്ന് യൂട്യൂബ്, ടിക്ക് ടോക്ക്, ഡബ്ബ് സ്മാഷ്, മ്യൂസിക്കലി ഇതൊക്കെയാണ് ഉണ്ടായിരുന്നത്. അത് വെച്ചുള്ള റഫറന്‍സിലാണ് നമ്മള്‍ ആദ്യം ചെയ്യുന്നത്,’ പരാരി പറഞ്ഞു.

2022ല്‍ ഇറങ്ങിയ മലയാള ചിത്രങ്ങളില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ ബോക്‌സ്ഓഫീസ് കളക്ഷന്‍ സ്വന്തമാക്കിയ ചിത്രങ്ങളിലൊന്നാണ് തല്ലുമാല. റിലീസായി 30 ദിവസം കൊണ്ട് ആഗോള കളക്ഷന്‍ 71.36 കോടി രൂപ ചിത്രം സ്വന്തമാക്കിയിരുന്നു. ചിത്രം തെലുങ്കിലും റീമേക്കിനൊരുങ്ങുകയാണ്.

ചിത്രത്തിന്റെ സംവിധായകനായ ഖാലിദ് റഹ്മാനാണ് ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യാന്‍ ഒരുങ്ങുകയാണെന്ന് അറിയിച്ചിരിക്കുന്നത്.

Content Highlight: The climax written in 2016  is not shown in the movie thallumaala