എന്റെ മകന്‍ ശരിയായിരുന്നില്ല? നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയിലെ വര്‍ഗ്ഗവിരുദ്ധത
Discourse
എന്റെ മകന്‍ ശരിയായിരുന്നില്ല? നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയിലെ വര്‍ഗ്ഗവിരുദ്ധത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th December 2012, 10:55 am

‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ കേരളത്തില്‍ പ്രചരിപ്പിച്ചിരുന്നത് അപകടകരമായ മുതലാളിത്ത സൗന്ദര്യബോധവും ഉപരിവര്‍ഗ സദാചാര മൂല്യങ്ങളുമായിരുന്നു. മുതലാളിമാര്‍ക്ക് കാശുണ്ടാക്കുക എന്ന താത്പര്യത്തോടെ തുടങ്ങുന്ന ജനപ്രിയ ഫോര്‍മുലകള്‍. ഒരു ഇടത് നാടകസംഘം അവിശുദ്ധമായി അറിഞ്ഞോ അറിയാതെയോ മുതലാളിത്ത സൗന്ദര്യബോധം ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’യിലൂടെ പ്രചരിപ്പിച്ചു. കെ.പി.എ.സി പ്രൊഫഷണല്‍ എന്ന ഉപജീവന നാടകവേദിയിലേക്ക്  മാറിചിന്തിക്കുമ്പോള്‍ കേരളത്തില്‍ പ്രചരിപ്പിക്കപ്പെടാതെ പോയത് മാര്‍ക്‌സിസ്റ്റ് നാടക പരിശീലന രീതികളാണ്. ശ്രീജിത്ത് പൊയില്‍ക്കാവ് എഴുതുന്നു…

എസ്സേയ്‌സ്‌/ശ്രീജിത്ത് പൊയില്‍ക്കാവ്

“പാട്ടബാക്കി”ക്ക് ശേഷം കേരളം നാടകത്തിന്റെ ശക്തി തിരിച്ചറിയുകയായിരുന്നു. 40 കളില്‍ പിറവികൊണ്ട “ഇപ്റ്റ” എന്ന സാംസ്‌ക്കാരിക സംഘടനയുടെ ചുവട് പിടിച്ചാണ് കെ.പി.എ.സി രൂപം കൊള്ളുന്നത്. തോപ്പില്‍ഭാസി സോമന്‍ എ തൂലികാനാമത്തില്‍ എഴുതിയ “എന്റെ മകനാണ് ശരി” യും നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയുടെ പ്രാക്‌രൂപം എന്ന് വിലയിരുത്തപ്പെടുന്നു. ഇത് തോപ്പില്‍ഭാസി “നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി”യുടെ ആമുഖത്തില്‍ വവരിക്കുന്നുമുണ്ട്.

നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി അന്നത്തെ കെ.പി.എ.സി അമരക്കാര്‍ തിരുത്തി എുന്നും ഈ തിരുത്തല്‍ സ്വന്തം അനുവാദത്തോടെ ആയിരുന്നു എന്നും തോപ്പില്‍ഭാസി അവതാരികയില്‍ പറയുന്നു. അറുപതാം വാര്‍ഷികം ആഘോഷിക്കാന്‍ പോകുന്ന “നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി” കമ്മ്യൂണിസം മാത്രമായിരുന്നില്ല പ്രചരിപ്പിച്ചിരുന്നത് എന്നത് നാടകം കണ്ടവര്‍ക്കും വായിച്ചവര്‍ക്കും വിലയിരത്താവുതാണ്..

“എന്റെ മകനാണ് ശരി” ശരിയല്ലാതിരുന്നത് കൊണ്ടാണ് കെ.പി.എ.സിയുടെ അമരക്കാരാല്‍ ഈ നാടകം തിരുത്തപ്പെടുന്നത് എന്നത് അപകടകരമായ ആവിഷ്‌ക്കാര സ്വാതന്ത്ര്യ വിരുദ്ധതയും അവതാരികയില്‍ തോപ്പില്‍ ഭാസി എഴുതിയതില്‍ നിന്നും വ്യക്തമാകും. “നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി” കേരളത്തില്‍ പ്രചരിപ്പിച്ചിരുന്നത് അപകടകരമായ മുതലാളിത്ത സൗന്ദര്യബോധവും ഉപരിവര്‍ഗ സദാചാര മൂല്യങ്ങളുമായിരുന്നു.

നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എങ്ങനെയാണ് ഉപരിവര്‍ഗ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ കേരളത്തില്‍ പ്രചരിപ്പിച്ചു എന്നത് പരിശോധിക്കുമ്പോള്‍ എന്താണ് മാര്‍ക്‌സിന്റെ സൗന്ദര്യ ശാസ്ത്രം നാടകത്തില്‍ എന്ന് പരിശോധിക്കേണ്ടി വരും. ലോകത്തില്‍ നാല്‍പതുകളില്‍ ഉടലെടുത്ത എപിക് തിയ്യേറ്റര്‍ എ ബ്രഹ്തിയന്‍ നാടകപരിശീലന രീതി തികഞ്ഞ മാര്‍ക്‌സിസ്റ്റ് നാടക പരിശീലന രീതി എന്ന് വിലയിരുത്തപ്പെട്ടപ്പോള്‍ കേരളത്തില്‍ ഈ കാലഘട്ടത്തില്‍ പ്രതിലോമമായ ത്രികോണ പ്രണയവും നായര്‍ പൂമുഖങ്ങളുമായിരുന്നു കമ്മ്യൂണിസ്റ്റ് നാടകസംഘങ്ങള്‍ പ്രചരിപ്പിച്ചിരുന്നത് എന്ത് കൊണ്ട്?

ത്രികോണ പ്രണയവും മാമൂല്‍ ധാരണയും, ഗോപാലന്‍, മാത്യ, മാല തുടങ്ങിയ കഥാപാത്ര രൂപീകരണത്തില്‍ നാടകം പരാജയമായിരുന്നു എന്ന് ഇ.എം.എസ് വിലയിരുത്തുന്നു. (ഇ.എം.എസ് സമ്പൂര്‍ണ കൃതികള്‍ പേജ് നമ്പര്‍ 177 ) എന്നാല്‍ ഈ ദോഷങ്ങള്‍ പരിഹരിച്ച് അതിന്റെ മേന്മ നിലനിര്‍ത്തി പരിപോഷിപ്പിക്കാന്‍ കമ്മ്യൂണിസ്റ്റ് നേതൃത്വം ശ്രമിച്ചിരുന്നു. എങ്കില്‍ പ്രസ്ഥാനവും മലയാള നാടകവേദിയും വളരെയധികം പുരോഗമിക്കുമായിരുന്നു എന്നും ഇ.എം.എസ് വിലയിരുത്തുന്നു.

ലോകത്തില്‍ നാല്‍പതുകളില്‍ ഉടലെടുത്ത എപിക് തിയ്യേറ്റര്‍ എ ബ്രഹ്തിയന്‍ നാടകപരിശീലന രീതി തികഞ്ഞ മാര്‍ക്‌സിസ്റ്റ് നാടക പരിശീലന രീതി എന്ന് വിലയിരുത്തപ്പെട്ടപ്പോള്‍ കേരളത്തില്‍ ഈ കാലഘട്ടത്തില്‍ പ്രതിലോമമായ ത്രികോണ പ്രണയവും നായര്‍ പൂമുഖങ്ങളുമായിരുന്നു കമ്മ്യൂണിസ്റ്റ് നാടകസംഘങ്ങള്‍ പ്രചരിപ്പിച്ചിരുന്നത് എന്ത് കൊണ്ട്?

“നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി”യുടെ ആഖ്യാനരീതി തികഞ്ഞ ഉപരിവര്‍ഗ സൗന്ദര്യശാസ്ത്രത്തിലൂടെ ആയിരുന്നു. ശാസ്ത്രീയ സംഗീതത്തില്‍ ചിട്ടപ്പെടുത്തിയ വിപ്ലവഗാനങ്ങളും പിന്നരങ്ങിലെ സീനറിയുമെല്ലാം തമിഴ് സംഗീത നാടകങ്ങളുടെ അനുകരണമായിരുന്നു. തമിഴ് രാജാപ്പാട്ട് നാടകസംഘങ്ങള്‍ കേരളത്തിലെത്തിയത് കാശുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ മാത്രമായിരുന്നു. രാജാവിന്റേയും രാജകുമാരിയുടേയും കഥകള്‍ പറയുന്ന നാടകങ്ങള്‍ കുട്ടകകളില്‍ ടിക്കറ്റ് വെച്ചായിരുന്നു കേരളത്തില്‍ പ്രദര്‍ശിപ്പിച്ചിരുത്.

മുതലാളിമാര്‍ക്ക് കാശുണ്ടാക്കുക എന്ന താത്പര്യത്തോടെ തുടങ്ങുന്ന ജനപ്രിയ ഫോര്‍മുലകള്‍. ഒരു ഇടത് നാടകസംഘം അവിശുദ്ധമായി അറിഞ്ഞോ അറിയാതെയോ മുതലാളിത്ത സൗന്ദര്യബോധം “നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി”യിലൂടെ പ്രചരിപ്പിച്ചു. കെ.പി.എ.സി പ്രൊഫഷണല്‍ എന്ന ഉപജീവന നാടകവേദിയിലേക്ക്  മാറിചിന്തിക്കുമ്പോള്‍ കേരളത്തില്‍ പ്രചരിപ്പിക്കപ്പെടാതെ പോയത് മാര്‍ക്‌സിസ്റ്റ് നാടക പരിശീലന രീതികളാണ്.

ഇത്തരം ഒരു ഘടനക്ക് ജനപ്രിയത ഉണ്ടായതോട് കൂടി “വീട്ടിന്ന് പുറത്ത് കടക്കാത്ത” ചേരുവകളോട് കൂടിയ നാടകങ്ങളായിരുന്നു പിന്നീട് ഉണ്ടായത്. സ്ഥാപനവത്ക്കരിക്കപ്പെട്ട ഒരു നാടകസംഘം പലപ്പോഴും അതിന്റെ നിലനില്‍പ്പിനെ കുറിച്ച്  മാത്രം ചിന്തിക്കുമ്പോള്‍ ലോക നാടകവേദിയിലെ മാര്‍ക്‌സിസ്റ്റ് ആഖ്യാനങ്ങള്‍ കേരളത്തില്‍ പരിചയപ്പെടുത്തിയില്ല എന്നുള്ളത് സംശയാസ്പദമാണ്. കാരണം മാക്‌സിം ഗോര്‍ക്കിയുടെ അമ്മയില്‍ നിന്നായിരിക്കാം നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയുടെ കഥാബീജം ഉടലെടുത്തത് എന്നത് സൂക്ഷ്മ വിലയിരുത്തലില്‍ കണ്ടെത്താനാവുന്നതാണ്.

മാക്‌സിം ഗോര്‍ക്കിയുടെ പലഗോവ പ്ലാസാവ എന്ന അമ്മ മാറിക്കൊണ്ടിരിക്കുന്നു. ആദ്യം കമ്യൂണിസ്റ്റ് ആശയങ്ങളെ ഭയന്നിരുന്ന അമ്മ ഒടുവില്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നു. ഗോര്‍ക്കിയുടെ പാലഗോവ പ്ലാസോവയും തോപ്പില്‍ ഭാസിയുടെ പരമുപിള്ളയും തമ്മില്‍ വലിയ വ്യത്യാസം കാണാനാവില്ല. അമ്മയില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് ഒരു കേരളീയ വ്യാഖ്യാനം രചിക്കാനും കഴിഞ്ഞവര്‍ക്ക് എങ്ങനെ ബ്രാഹ്തിയന്‍ തിയേറ്റര്‍ കേട്ടുകേള്‍വി പോലുമില്ലാത്തതായി തീര്‍ന്നു.

ഘടനാപരമായി നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി

ഘടനയെ വിശദീകരിക്കുമ്പോള്‍ കഥ പറയേണ്ടതില്ല എന്ന വിലയിരുത്തലില്‍ പറയട്ടെ. ഈ നാടകത്തിന്റെ ഘടന ഇന്ന് നമ്മള്‍ കാണുന്ന കൊമേഴ്‌സ്യല്‍ ചലച്ചിത്രങ്ങളുടേതാണ്. അല്‍പം വിപ്ലവം, കുറച്ച് പ്രണയം, ആവശ്യത്തിന് വിരഹം, അല്‍പം തമാശ എന്നുള്ളതായിരുന്നു. ഒരു ഉപരിവര്‍ഗ ആഖ്യാന രീതിയായി ഇതിനെ വിലയിരുത്താന്‍ കഴിയും.

ഈ ആഖ്യാന രീതിയിലൂടെ ആയിരത്തില്‍പ്പരം വേദികള്‍ പിന്നിട്ട ഈ നാടകം കമ്യൂണിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുതിനോടൊപ്പം മുതലാളിത്ത സൗന്ദര്യബോധം പ്രേക്ഷകരിലുണ്ടാക്കി. ഇത് പിന്നീടും കച്ചവടാടിസ്ഥാനത്തില്‍ നാടകങ്ങള്‍ ചെയ്യുക, ഒരോ നാടകവും കേരളത്തിലെ ഉത്സവപ്പറമ്പുകളില്‍ തകര്‍ത്തോടുക ഇതായി കെ.പി.എ.സിയുടെ പിന്നീടുള്ള ലക്ഷ്യം.

പാര്‍ട്ടി പരിപാടി മാത്രം പോര നാടകം, എവിടേയും കളിച്ച് വിജയിപ്പിക്കാന്‍ കഴിയണം എന്ന കച്ചവട താത്പര്യം സംഘത്തില്‍ ഉടലെടുത്തത് മുതല്‍ തോപ്പില്‍ ഭാസിയില്‍ നിന്നും ദാസനിലേക്കും ഒടുവില്‍ ഭീമനിലേക്കും കെ.പി.എ.സി എത്തി. വീണ്ടും ഉത്സവപ്പറമ്പുകളില്‍ കളിക്കാന്‍ പുരാണ കഥകളുടെ കെട്ടഴിച്ച് പുതിയ കാലത്ത് കെ.പി.എ.സി എത്തി നില്‍ക്കുമ്പോള്‍ ഉയരുന്ന ചോദ്യം ഇതാണ്. ഇനിയും ഈ ഫോര്‍മുലയില്‍ നാടകം നമുക്ക് ആവശ്യമുണ്ടോ?

പാര്‍ട്ടി പരിപാടി മാത്രം പോര നാടകം, എവിടേയും കളിച്ച് വിജയിപ്പിക്കാന്‍ കഴിയണം എന്ന കച്ചവട താത്പര്യം സംഘത്തില്‍ ഉടലെടുത്തത് മുതല്‍ തോപ്പില്‍ ഭാസിയില്‍ നിന്നും ദാസനിലേക്കും ഒടുവില്‍ ഭീമനിലേക്കും കെ.പി.എ.സി എത്തി. വീണ്ടും ഉത്സവപ്പറമ്പുകളില്‍ കളിക്കാന്‍ പുരാണ കഥകളുടെ കെട്ടഴിച്ച് പുതിയ കാലത്ത് കെ.പി.എ.സി എത്തി നില്‍ക്കുമ്പോള്‍ ഉയരുന്ന ചോദ്യം ഇതാണ്. ഇനിയും ഈ ഫോര്‍മുലയില്‍ നാടകം നമുക്ക് ആവശ്യമുണ്ടോ?

ഇനിയെങ്കിലും കെ.പി.എ.സി “എലിനേഷന്‍” തിയേറ്ററും ബ്രഹ്തിയന്‍ നാടകങ്ങളും കേരളത്തില്‍ അവതരിപ്പിക്കേണ്ട സമയം അതിക്രമിച്ചു. ഇപ്പോഴും കെ.പി.എ.സി.യിലെ സംവിധായകരും നാടകകൃത്തുക്കളും ഇത്തരത്തിലുള്ള മാര്‍ക്‌സിസ്റ്റ് പരിശീലന രീതികളെ പുച്ഛത്തോടെ വെറും പരീക്ഷണ നാടകവേദിയായി കാണുവരാണ് എന്നുള്ളത് ഖേദകരമാണ്.

ലേഖകന്‍ നിലമ്പൂര്‍ ആയിഷയുടെ കൂടെ പ്രവര്‍ത്തിച്ചപ്പോള്‍ ഒരു നാടകം റിഹേഴ്‌സല്‍ പത്തോളം ദിവസങ്ങള്‍ എടുത്ത് കഴിഞ്ഞിട്ട് ഈ നാടകം നിറുത്തി എന്ന് നേതൃത്വം അറിയിക്കാതെ വണ്ടി പൈസ പോലും നല്‍കാതെ ക്യാമ്പ് തത്കാലം പിരിച്ചുവിട്ടു എന്ന് പ്രഖ്യാപിച്ച കെ.പി.എ.സി നേതൃത്വത്തെ കുറിച്ച് അവര്‍ പറഞ്ഞത് ഓര്‍ക്കുന്നു. പിന്നീടാണ് കെ.പി.എ.സി എ നാടകം ചെയ്യുന്നില്ല മറ്റൊരു നാടകമാണ് ചെയ്യുന്നത് എന്ന് സുഹൃത്തുക്കള്‍ പറഞ്ഞാണ് ആയിഷത്താത്ത അറിയുന്നത്.

ഇത്തരത്തില്‍ തികച്ചും നാടകമുതലാളിമാരുടെ മാമൂലാണ് അകത്തും നടക്കുന്നത് എന്ന് വിശദീകരിക്കാനാണ് ഇവിടെ ഇത്തരത്തില്‍ ഒരു അനുഭവക്കുറിപ്പ് അനിവാര്യമായി വന്നത്. ഇത് ഒരു സീനിയര്‍ നടിയുടെ അനുഭവമാണ് കെ.പി.എ.സിയില്‍ എങ്കില്‍ ഒരു നാടകത്തെ സംഘം എങ്ങനെയായിരിക്കും കാണുന്നത് എന്നത് ഉത്ക്കണ്ഠ ഉളവാക്കുന്ന കാര്യമാണ്.

കച്ചവട താതപര്യങ്ങളില്‍ നിന്ന് നാടകസംഘം കരകയറിയില്ലെങ്കില്‍ ഇത് പ്രത്യയശാസ്ത്രപരമായ വഞ്ചനയാവും എന്ന ഓര്‍മപ്പെടുത്തലില്‍ ബ്രഹ്ത് പറയുന്നു- “നാം തുടങ്ങേണ്ടത് പഴയ നല്ല കാര്യങ്ങളില്‍ നില്ല പുതിയ ചീത്തകാര്യങ്ങളില്‍ നിന്നാണ്.”