ന്യൂദല്‍ഹി: ഡിസംബര്‍ 31ലെ മോദിയുടെ പ്രസംഗം സാധാരണക്കാര്‍ക്കുവേണ്ടിയാണെന്നായിരുന്നു ബി.ജെ.പി കൊട്ടിഘോഷിച്ചത്. അതുകൊണ്ടുതന്നെ ഏറെ പ്രതീക്ഷയോടെ ഈ പ്രസംഗം കാത്തിരുന്നവരുമുണ്ട്. നോട്ടുനിരോധനമുണ്ടാക്കിയ പ്രതിസന്ധികള്‍ പരിഹരിക്കാനുള്ള നടപടികളുണ്ടാകുമെന്ന് പ്രതീക്ഷിച്ചവരുമുണ്ട്. എന്നാല്‍ പ്രതീക്ഷയ്ക്കു വിവരീതമായി കുറേയേറെ അവകാശവാദങ്ങള്‍ മാത്രമായിരുന്നു ആ പ്രസംഗം.
മോദി പറഞ്ഞ ഈ അവകാശവാദങ്ങളൊക്കെ സത്യമാണോ. ചില കാര്യങ്ങള്‍ നമുക്കൊന്ന് പരിശോധിക്കാം.
Must Read:സുരേന്ദ്രാ.. പുറത്തിറങ്ങി വാ..
1 മോദി പറഞ്ഞത്: “പണംകൂടിയത് പണപ്പെരുപ്പത്തിന് ഊര്‍ജ്ജമാകും”
വാസ്തവം: കൂടുതല്‍ പണം എന്നതിനര്‍ത്ഥം ഉയര്‍ന്ന പണപ്പെരുപ്പം എന്നാണോ? ഇക്കാലയളവിനുള്ളില്‍ ഈ വാദത്തെ മിക്ക സാമ്പത്തിക വിദഗ്ധരും തള്ളിയിട്ടുണ്ട്. മോദി ഭൂരിപക്ഷത്തെ വിശ്വസിക്കുന്നതായി തോന്നിയിട്ടില്ല. എന്തായാലും സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം മാനിച്ചില്ലെങ്കിലും ഈ ചാര്‍ട്ട് പ്രകാരമുള്ള കണക്കുകള്‍ മോദിക്കും ഒരു മോദി ഭക്തനും തള്ളിക്കളയാനാവില്ല.
മോദി പറഞ്ഞതനുസരിച്ചാണെങ്കില്‍ ജപ്പാനിലാണ് പണപ്പെരുപ്പം ഉയരേണ്ടത്. ജി.ഡി.പിയുടെ 18.75% കറന്‍സി സര്‍ക്കുലേഷനുള്ള ജപ്പാനില്‍ പണപ്പെരുപ്പം .72% മാത്രമാണ്. ജി.ഡി.പിയുടെ 3.83% കറന്‍സിയുള്ള ബ്രസീലില്‍ പണപ്പെരുപ്പം 7.07% ആണ്.
2. “ഇന്ത്യയുടെ സാമൂഹ്യ പരിതസ്ഥിതിയില്‍ കറന്‍സി കൂടുന്നത് കരിഞ്ചന്തയും, അഴിമതിയും കള്ളപ്പണവും കള്ളനോട്ടും വര്‍ധിപ്പിക്കും. കറന്‍സി കുറഞ്ഞാലും ബുദ്ധിമുട്ടാണ്, എന്നാല്‍ കറന്‍സി കൂടുന്നതുകൊണ്ടാണ് അതിലേറെ ബുദ്ധിമുട്ടുണ്ടാവുന്നത്…” എന്നാണ് മോദി പറഞ്ഞത്. ചുരുക്കി പറഞ്ഞാല്‍ മോദി പറയുന്നത് പ്രകാരം കറന്‍സി സര്‍ക്കുലേഷന്‍ കുറഞ്ഞാല്‍ അഴിമതിയും കുറയുമെന്ന്.”
നമുക്കിതിനെ ഡാറ്റകള്‍ പ്രകാരം പരിശോധിക്കാം. വിവിധ രാജ്യങ്ങളിലെ കറന്‍സിയുടെ നിരക്കും അവിടുത്തെ പൊതുമേഖലയിലെ അഴിമതിയുടെ അനുപാതവും താരതമ്യം ചെയ്യുന്ന ചാര്‍ട്ടാണിത്. 2011-2015 ഇടയിലെ ശരാശരി കണക്കാണിത്.
ജി.ഡി.പിയുടെ വെറും 2.28% മാത്രം കറന്‍സിയുള്ള സ്വീഡനിലാണ് ഏറ്റവുമധികം അഴിമതി നടക്കുന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 89% ആണിത്. അതേസമയം ജി.ഡി.പിയുടെ 11.89% ശതമാനവും പണമുള്ള ഇന്ത്യയില്‍ പൊതുമേഖലയിലെ അഴിമതി 38% മാത്രമാണ്. അതുപോലെ തന്നെ ജി.ഡി.പിയുടെ 3.83% പണമുള്ള ബ്രസീലിലെയും ഇന്ത്യയിലെയും അഴിമതിയുടെ നിരക്ക് സമാനവുമാണ്.
3. “ഇന്ത്യപോലുള്ള മറ്റു രാഷ്ട്രങ്ങളില്‍ നമുക്കുള്ളത്ര കറന്‍സിയില്ല”
ഇതും യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത അവകാശവാദമാണിത്. ബ്രസീല്‍, ദക്ഷിണ കൊറിയ, ദക്ഷിണാഫ്രിക്ക, മെക്‌സികോ തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഇന്ത്യയിലേക്കാള്‍ കറന്‍സിയുണ്ട്.
4. “ഗര്‍ഭിണിയായ യുവതികള്‍ക്ക് ദേശീയ തലത്തില്‍ ഒരു സാമ്പത്തിക സഹായ പദ്ധതി ഞങ്ങള്‍ കൊണ്ടുവരികയാണ്. ഗര്‍ഭിണിയായ യുവതികളുടെ ബാങ്ക് അക്കൗണ്ടുകളില്‍ 6000രൂപ നേരിട്ട് ട്രാന്‍സ്ഫര്‍ ചെയ്യുന്നതായിരിക്കും. പ്രസവത്തെ തുടര്‍ന്നുള്ള മരണനിരക്ക് വലിയ തോതില്‍ കുറയ്ക്കാന്‍ ഇതുവഴി സാധിക്കും. പ്രസവശേഷവും പ്രസവത്തിനു മുമ്പും പോഷകമൂല്യം ഉറപ്പുവരുത്താനും അമ്മയുടെയും കുട്ടിയുടെയും ആരോഗ്യം മെച്ചപ്പെടുത്താനും ഇതുഗുണകരമാകും. പ്രാരംഭ പദ്ധതിയെന്ന നിലിയല്‍ 53 ജില്ലകളിലായുള്ള ഗര്‍ഭിണികളായ യുവതികള്‍ക്ക് 4000രൂപ സാമ്പത്തിക സഹായം നല്‍കിക്കഴിഞ്ഞു.”
തങ്ങള്‍ കൊണ്ടുവരുന്നു എന്നു പറഞ്ഞുകൊണ്ട് മോദി പരിചയപ്പെടുത്തി ഈ പദ്ധതി ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം നിലവില്‍ നിയമപരമായി നിലവിലുള്ള ഒന്നാണ്്.
പ്രാരംഭ പദ്ധതിയെന്നു പറഞ്ഞ് അദ്ദേഹം പരിചയപ്പെടുത്തിയ കാര്യം ഇന്ദിര ഗാന്ധി മാതൃത്വ സഹായക് യോജന ആണ്.(പക്ഷെ ഇതുപ്രകാരം നല്‍കേണ്ടത് 4000 അല്ല 6000 ആണ്) ഭക്ഷ്യസുരക്ഷാ നിയമം പാസായതുമുതല്‍ ഈ പ്രോജക്ട് നിലവിലുണ്ട്. മോദിസര്‍ക്കാര്‍ ബജറ്റില്‍ ഇതിനുവേണ്ട തുക നീക്കിവെക്കാതിരുന്നത് കാരണമാണ് ഇതു മുടങ്ങിപ്പോയത്.
5. “കിസാന്‍ ഡെബിറ്റ് കാര്‍ഡുള്ള മൂന്നുകോടി കര്‍ഷകര്‍ക്ക് റൂപെ ഡെബിറ്റ് കാര്‍ഡ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 1998ലാണ് കിസാന്‍ ക്രഡിറ്റ് കാര്‍ഡുകള്‍ കൊണ്ടുവന്നത്. പക്ഷെ ഇതുപയോഗിക്കാന്‍ ബാങ്കില്‍ പോകണം. എന്നാല്‍ ഇപ്പോള്‍ കര്‍ഷകര്‍ക്കു നല്‍കുന്ന രൂപെ ഡെബിറ്റ് കാര്‍ഡുകള്‍ എവിടെവെച്ചും ഉപയോഗിക്കാം.”
ബിസിനസ് സ്റ്റാന്റേര്‍ഡിലെ ലേഖനത്തില്‍ നിതിന്‍ സേതി, കരണ്‍ ചൗധരി എന്നിവര്‍ ചൂണ്ടിക്കാട്ടുന്നത് ഇതില്‍ പുതുതായി ഒന്നുമില്ല എന്നാണ്. കിസാന്‍ ക്രഡിറ്റ് കാര്‍ഡുകള്‍ക്കു പകരം രൂപെ കാര്‍ഡുകള്‍ ലഭിക്കാനുള്ള ചട്ടം 2012 മുതല്‍ നിലവിലുണ്ടെന്ന് ഇവര്‍ പറയുന്നു. 2012ല്‍ ആര്‍.ബി.ഐ ഇത്തരമൊരു നിബന്ധന ഇറക്കിയിരുന്നു. 2013-2014 കാലഘട്ടത്തില്‍ 56.60 ലക്ഷം രൂപെ കാര്‍ഡുകള്‍ നല്‍കിയെന്നാണ് ലോക്‌സഭയില്‍ സര്‍ക്കാര്‍ നല്‍കിയ മറുപടി.
6. “മുദ്ര യോജനയുടെ പുരോഗതിയും ഏറെ പ്രോത്സാഹനം നല്‍കുന്നതാണ്. കഴിഞ്ഞവര്‍ഷം ഏതാണ്ട് മൂന്നരക്കോടി പേര്‍ക്ക് ഇതിന്റെ ഗുണമുണ്ടായി. ദളിതര്‍, ആദിവാസികള്‍, പിന്നാക്ക വിഭാഗങ്ങളിലുള്ളവര്‍, സ്ത്രീകള്‍ എന്നിവര്‍ക്കു പ്രാധാന്യം നല്‍കി ഇത് ഇരട്ടിയാക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നത്.”
2015ലാണ് മുദ്ര യോജന കൊണ്ടുവന്നത്. പ്രധാനമന്ത്രി പരാമര്‍ശിച്ച സാമ്പത്തിക വര്‍ഷത്തില്‍ 2.1 കോടിയാളുകള്‍ക്കാണ് മുദ്രായോജനയുടെ നേട്ടമുണ്ടായതെന്നാണ് സേതിയും ചൗധരിയും ചൂണ്ടിക്കാണിക്കുന്നത്. അതിനു മുമ്പത്തെ വര്‍ഷം 3.5 ലക്ഷം പേര്‍ക്ക് ഇതിന്റെ ഗുണമുണ്ടായി. പക്ഷെ അത് അര്‍ഹരാണോ എന്നതാണ് ചോദ്യം.
2016ലെ മെക്രോസെയ് വ് റിപ്പോര്‍്ടില്‍ പറയുന്നത് ഇങ്ങനെയാണ്: ബാങ്കുകളും എന്‍.ബി.എഫ്.സി-എം.എഫ്.ഐ കളും വലിയ തോതില്‍ മുദ്ര ലോണ്‍ സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ ഇതിന്റെ ചെറിയൊരു ഭാഗം മാത്രമേ “പുതിയ മുദ്ര ലോണുകള്‍” ആയുള്ളൂ. അതായത് ആദ്യതവണയെടുക്കുന്നവര്‍.”
7. “കഴിഞ്ഞ പത്തുപന്ത്രണ്ട് വര്‍ഷത്തിനുള്ളില്‍ 500, 1000രൂപ നോട്ടുകള്‍ നിയമാനുസൃതമായ ഇടപാടുകള്‍ക്ക് വളരെക്കുറച്ചേ ഉപയോഗിച്ചിട്ടുള്ളൂ”
പ്രധാനമന്ത്രിക്ക് എവിടെ നിന്നാണ് ഇത്തരമൊരു വിവരം കിട്ടിയതെന്നറിയില്ല. മോദിയുടെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കുപോലും ഇത് അംഗീകരിക്കാനാവില്ല.
8. ” സര്‍ക്കുലേഷനിലിരിക്കുന്ന പണത്തിന്റെ വലിയൊരു ഭാഗം ബാങ്കില്‍ നിക്ഷേപിക്കപ്പെട്ടു എന്നത് ഈ പദ്ധതിയുടെ വിജയമാണ് സൂചിപ്പിക്കുന്നത്”
പണത്തിന്റെ വലിയൊരു ഭാഗം ബാങ്കിലെത്തി എന്നതിനര്‍ത്ഥം കള്ളപ്പണം കുറഞ്ഞു എന്നല്ല. അതിനു മറ്റൊരര്‍ത്ഥം കൂടിയുണ്ട്. കള്ളപ്പണക്കാര്‍ പണം വെളുപ്പിക്കാന്‍ മറ്റുവഴികള്‍ കണ്ടെത്തിയെന്നത്.
കടപ്പാട്: ദ വയര്‍