ന്യൂയോര്‍ക്ക്: ഗസയില്‍ വെടിനിര്‍ത്തല്‍ ആഹ്വാനം ചെയ്യാനും ഇസ്രഈലിനുള്ള അമേരിക്കന്‍ സഹായം അവസാനിപ്പിക്കാനും ആവശ്യപ്പെടുന്ന പ്രമേയം പാസാക്കി അമേരിക്കയിലെ മിനിയാപോളിസ് സിറ്റി. വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ മൂന്ന് വരെ നടന്ന വോട്ടെടുപ്പിലാണ് സിറ്റി കൗണ്‍സില്‍ 9-3 വോട്ടോട് കൂടി പ്രമേയം അംഗീകരിച്ചത്.
കൗണ്‍സില്‍ അവതരിപ്പിച്ച പ്രമേയത്തിന് വീറ്റോ-പ്രൂഫ് ഭൂരിപക്ഷം ലഭിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മിനിയാപോളിസിന് പുറമെ അമേരിക്കയിലെ ഡെട്രോയിറ്റ്, സിയാറ്റില്‍, അറ്റ്‌ലാന്റ എന്നീ നഗരങ്ങളും സമാനമായ പ്രമേയങ്ങള്‍ പാസാക്കിയിരുന്നു.
കൗണ്‍സില്‍ അംഗങ്ങളായ മൈക്കല്‍ റെയിന്‍വില്ലെ (വാര്‍ഡ് 3), ലത്രിഷ വെറ്റാവ് (വാര്‍ഡ് 4), ലീനിയ പാല്‍മിസാനോ (വാര്‍ഡ് 13) എന്നിവരാണ് പ്രമേയത്തെ എതിര്‍ത്തത്. വാര്‍ഡ് 11 കൗണ്‍സിലംഗം എമിലി കോസ്‌കി വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു.
ഹമാസ് പിടിച്ചെടുത്ത ഇസ്രഈലി ബന്ദികളെ മോചിപ്പിക്കുക, ഇസ്രഈലിന്റെ സൈനിക ജയിലുകളില്‍ നിന്ന് ഫലസ്തീനികളെ മോചിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ഈ പ്രമേയം കേന്ദ്രീകരിച്ചിരിക്കുന്നത് മനുഷ്യത്വത്തിലാണെന്ന് വാര്‍ഡ് 12 കൗണ്‍സില്‍ അംഗം ഔറിന്‍ ചൗധരി മാധ്യമങ്ങളോട് പ്രതികരിച്ചു. നിലവില്‍ പ്രമേയം അമേരിക്കയില്‍ വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ടന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
അതേസമയം ഗസയില്‍ ഇസ്രഈല്‍ നടത്തുന്നത് വംശഹത്യയാണെന്ന് ചൂണ്ടിക്കാട്ടി ദക്ഷിണാഫ്രിക്ക നല്‍കിയ കേസില്‍ ഹോളോകോസ്റ്റിനെ അതിജീവിച്ച ഒരു ലക്ഷം ആളുകളില്‍ 38 ശതമാനവും ഇസ്രഈലിലെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ തലമുറ അവസാനിക്കുന്നതിന് മുമ്പ് ഇസ്രഈലി ഭരണകൂടം മറ്റൊരു വംശത്തിനെതിരെ വംശഹത്യ നടത്തുന്നുവെന്ന് കോടതി വിലയിരുത്തിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
ഒന്നിലധികം തെളിവുകളെ മുന്‍നിര്‍ത്തി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ച അന്താരാഷ്ട്ര നീതിന്യായ കോടതി തെളിവുകളില്‍ കൂടുതല്‍ പരിശോധന നടത്തേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാതെ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ആദ്യ വിധിക്കെതിരെ വലിയ വിമര്‍ശങ്ങളും ഉയരുന്നുണ്ട്.
Content Highlight: The city of Minneapolis passed a resolution calling for an end to US aid to Israel