മാളുകളിലെ തൊഴിലാളികള്‍ യൂണിയന്‍ അംഗങ്ങള്‍ അല്ലെന്ന് സി.ഐ.ടിയു
Kerala News
മാളുകളിലെ തൊഴിലാളികള്‍ യൂണിയന്‍ അംഗങ്ങള്‍ അല്ലെന്ന് സി.ഐ.ടിയു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 29th March 2022, 2:30 pm

ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ നടക്കുന്ന രാജ്യവ്യാപക പണിമുടക്കില്‍ മാളുകള്‍ തുറന്നുപ്രവര്‍ത്തിച്ചതില്‍ ന്യായീകരണവുമായി സി.ഐ.ടി.യു. പലയിടത്തുമുള്ള മാളുകളിലെ തൊഴിലാളികള്‍ യൂണിയന്‍ അംഗങ്ങള്‍ അല്ലെന്ന് സി.ഐ.ടിയു ജനറല്‍ സെക്രട്ടറി തപന്‍ സെന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

പണിമുടക്കിന്റെ ആദ്യ ദിനത്തില്‍ രാജ്യത്തിന്റെ എല്ലാ ഭാഗത്ത് നിന്ന് വളരെ മികച്ച പ്രതികരണങ്ങളാണ് ഉണ്ടായത്. എല്ലാ മേഖലകളും പണമുടക്കിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ചെറുകിട വ്യാപാരികള്‍ യൂണിയനുകളുടെ ഭാഗമാണ്. ജോലിക്ക് വന്നത് യൂണിയനില്‍ അംഗങ്ങളല്ലാത്തവരാണ്.

മാളുകളിലുള്ള തൊഴിലാളികള്‍ യൂണിയനുകളിലുള്ളവരല്ല. അവിടെ യൂണിയനുകള്‍ ഉണ്ടായിരുന്നെങ്കില്‍ അവരും പണിമുടക്കില്‍ പങ്കെടുക്കുമായിരുന്നു. കേന്ദ്ര സര്‍ക്കാരിന് ഈ നയവുമായി അധിക കാലം മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും തപന്‍ സെന്‍ പറഞ്ഞു.

അതേസമയം, ദേശീയ പണിമുടക്കില്‍ തിരുവനന്തപുരം ലുലുമാളിന് മുന്നില്‍ പ്രതിഷേധിച്ച സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിട്ടുണ്ട്. മാളിലെ ജീവനക്കാരെ തടയുകയും മാളിന് മുന്നില്‍ കുത്തിയിരുന്ന് വാഹനങ്ങള്‍ തടയുകയും ചെയ്തതിന് പിന്നാലെയാണ് സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തത്.

ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസവും ലുലു മാളിലേക്ക് ജീവനക്കാരെത്തിയതോടെയാണ് സമരക്കാര്‍ പ്രതിഷേധവുമായെത്തിയത്. മാള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ സമരക്കാര്‍ ജീവനക്കാരെ തടയുകയും ഗേറ്റിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. ജീവനക്കാര്‍ ജോലി ചെയ്യാതെ തിരിച്ച് പോവണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം.

സ്ഥലത്തെത്തിയ പൊലീസ് ജീവനക്കാരോട് തിരിച്ചുപോവാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജോലിക്ക് കയറണമെന്നാണ് തങ്ങള്‍ക്ക് കിട്ടിയ നിര്‍ദ്ദേശമെന്ന് ജീവനക്കാര്‍ പൊലീസിനെ അറിയിച്ചു. ഇതോടെ സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

എറണാകുളം ജില്ലയിലെ വ്യാപാര സ്ഥാപനങ്ങള്‍ ചൊവാഴ്ച തുറന്ന് പ്രവര്‍ത്തിക്കുമെന്ന് സംയുക്ത വ്യാപാരി സംഘടനകള്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തൊഴിലാളി സമരത്തിന്റെ പേരില്‍ സംസ്ഥാനത്തെ ചെറുകിട ഇടത്തരം വ്യാപാര സ്ഥാപനങ്ങളെ നിര്‍ബന്ധമായി അടപ്പിച്ചപ്പോള്‍ കുത്തക മുതലാളിമാരായ യൂസഫലിയുടെ ലുലുമാളും, അമ്പാനിയുടെ റിലയന്‍സ് സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയും നിര്‍ബാധം തുറന്ന് പ്രവര്‍ത്തിച്ചു.

ഇത് സംസ്ഥാനത്തെ ലക്ഷോപ ലക്ഷം ചെറുകിട ഇടത്തരം വ്യാപാര സ്ഥാപനങ്ങളെ ഉന്‍മൂലനം ചെയ്ത് കേരളത്തിന്റെ വിപണി കുത്തക മുതലാളിമാര്‍ക്ക് തീറെഴുതിക്കൊടുക്കാനുള്ള അടവ് നയത്തിന്റെ ഭാഗമാണെന്ന് വ്യാപാരി സംഘടന നേതാക്കള്‍ പറഞ്ഞു.

Content Highlights: The CITU said the mall workers were not union members